
4 മാസം 1355 റോഡപകടങ്ങൾ; നിരത്തിൽ പൊലിഞ്ഞത് 104 ജീവനുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ജില്ലയിൽ ഈ വർഷം ആദ്യ നാലു മാസങ്ങളിൽ മാത്രം നിരത്തിൽ പൊലിഞ്ഞത് 104 ജീവനുകൾ. അതായത് ഓരോ ആഴ്ചയും 6 പേർ വീതം. അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുമ്പോഴും കൂടുതൽ അപകടത്തിനുള്ള സാധ്യത നാം തന്നെ ഒരുക്കുകയാണ്. ജില്ലയുടെ അത്രതന്നെ നീളത്തിൽ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടത്തും അപ്രതീക്ഷിത തിരിച്ചുവിടലുകളുണ്ട്, ചിലയിടത്തു റോഡിൽ കുഴിയുമുണ്ട്.
എന്നാൽ ഇതിനിടയിലും അമിത വേഗത്തിലും തെറ്റായ ദിശയിലും സഞ്ചരിച്ചു മറ്റുള്ളവർക്കു കൂടി അപകടസാധ്യത സൃഷ്ടിക്കുന്ന ചെറിയൊരു വിഭാഗം ഡ്രൈവർമാരുമുണ്ട്. കഴിഞ്ഞ ആഴ്ചകളിലും അപകടങ്ങളും മരണവും തുടരുകയാണ്. ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ 1355 റോഡപകടങ്ങളാണു ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 1148 പേർക്കു സാരമായി പരുക്കേറ്റു. 484 പേർക്കു നിസ്സാര പരുക്കുകളും പറ്റി ചികിത്സ തേടിയിട്ടുണ്ട്.
കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ വേണം
ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങൾ വഴിതിരിച്ചു വിട്ട ഭാഗത്തും ആവശ്യത്തിനു മുന്നറിയിപ്പു ബോർഡുകളില്ല. പുതിയ പാത തീരുന്ന ഭാഗത്താണു മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിലും മഴയുള്ളപ്പോഴും ഡ്രൈവർക്കു ദൂരക്കാഴ്ച കുറവായതിനാൽ ഈ ബോർഡുകൾ കാണുമ്പോഴേക്കും വാഹനം കുഴിയിൽ ചാടുകയോ വളവിലെത്തുകയോ ചെയ്യും. പലപ്പോഴും ഇതാണ് അപകടങ്ങൾക്കു കാരണം. 100 മീറ്റർ മുൻപെങ്കിലും ബോർഡുകൾ ഉണ്ടെങ്കിൽ വാഹനങ്ങൾ വേഗം കുറയ്ക്കാനും അപകടം ഒഴിവാക്കാനുമാകും.
കരുവാറ്റ അപകടം: സരസ്വതിയമ്മയുടെ സംസ്കാരം നടത്തി
ആലപ്പുഴ∙ കരുവാറ്റയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ആലപ്പുഴ ആശ്രമം വാർഡ് നടുവിലപ്പറമ്പിൽ രാജഗോപാൽ (48) അബോധാവസ്ഥയിൽ തുടരുന്നു. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ വാരിയെല്ല് ഒടിഞ്ഞു കരളിൽ തറച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ശസ്ത്രക്രിയ ചെയ്യാനാകില്ല. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്.
അപകടത്തിൽ രാജഗോപാലിന്റെ ഭാര്യ ശ്രീകല (47), മകൻ അഭിനന്ദ് (18), അഭിരാം (9 മാസം) എന്നിവർക്കു പരുക്കേൽക്കുകയും ശ്രീകലയുടെ അമ്മ സരസ്വതിയമ്മ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സരസ്വതിയമ്മയുടെ (72) സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
മാസം, അപകടങ്ങളുടെ എണ്ണം, മരണപ്പെട്ടവരുടെ എണ്ണം, പരുക്കേറ്റവരുടെ എണ്ണം
ജനുവരി 360 29 436
ഫെബ്രുവരി 356 36 413
മാർച്ച് 300 25 356
ഏപ്രിൽ 339 14 427
എതിർദിശയിലെ ഡ്രൈവിങ് ഒഴിവാക്കാം
വാഹനങ്ങൾ സർവീസ് റോഡുകളിലൂടെയും മറ്റും വഴിതിരിച്ചു വിടുന്ന സ്ഥലങ്ങളിൽ എതിർദിശയിൽ വാഹനങ്ങൾ ഓടിക്കുന്നതും അപകടസാധ്യതയുണ്ടാക്കുന്നു. യു ടേൺ ഉള്ള സ്ഥലം വരെ പോയി തിരിഞ്ഞു വരാനുള്ള മടി കാരണമാണു മിക്കവരും എതിർദിശയിൽ വാഹനം ഓടിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇത്തരത്തിൽ കൂടുതലും ഓടിക്കുന്നത്. എതിരെ വാഹനം വരില്ലെന്നു കരുതി വേഗത്തിലെത്തുന്ന വാഹനങ്ങൾക്കു മുൻപിലേക്കാണ് ഇവയെത്തുക. വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നതുകൊണ്ടാണു പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. മഴക്കാലത്ത് ഇത്തരത്തിൽ വാഹനം വെട്ടിച്ചു മാറ്റുന്നതു കൂടുതൽ അപകടങ്ങൾക്കു വഴിവയ്ക്കും. അതിനാൽ എതിർദിശയിലെ ഡ്രൈവിങ് പൂർണമായി ഒഴിവാക്കണം.