നിയമപരമല്ലാതെ ദത്തെടുക്കൽ: കുട്ടിയെ ദത്തു നൽകിയത് പണം വാങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ മുഹമ്മയിൽ നവജാതശിശുവിനെ അനധികൃതമായി ദത്തു നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയേക്കും. കുഞ്ഞിനെ കൈമാറ്റം ചെയ്തതു പണം വാങ്ങിയാണെന്ന വിവരത്തെ തുടർന്നാണിത്. കുട്ടിയെ നൽകിയവരും സ്വീകരിച്ചവരും പ്രതികളായേക്കും. വിവാഹേതര ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ ജനിച്ച് ഏഴാം ദിവസമാണു കുട്ടികളില്ലാത്ത ദമ്പതികൾക്കു കൈമാറിയത്. കുട്ടിയെ കൈമാറ്റം ചെയ്യുന്നതായി അറിഞ്ഞയുടൻ ശിശുക്ഷേമ സമിതി അധികൃതർ സ്ഥലത്തെത്തിയിരുന്നു. ദത്തിന്റെ നിയമവശങ്ങളും നടപടികളും കുട്ടിയുടെ മാതാവിനെയും ദത്തെടുത്തവരെയും അറിയിക്കുകയും കുട്ടിയെ മാതാവിനൊപ്പം നിർത്തണമെന്നു നിർദേശിക്കുകയും ചെയ്തു. എന്നിട്ടും കുട്ടിയെ ദത്തു നൽകിയതോടെയാണു സമിതി ഏറ്റെടുത്തതും പൊലീസിനു റിപ്പോർട്ട് ചെയ്തതും. ഇത്തരം സംഭവങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നു സമിതി അധികൃതർ പറഞ്ഞു.
നിയമവഴിയിലൂടെ ദത്തെടുക്കൽ
ആലപ്പുഴ∙ നിയമാനുസൃതമല്ലാത്ത ദത്തെടുക്കലിൽ കുട്ടിയെ കൊടുത്തവരും സ്വീകരിക്കുന്നവരും പ്രതികളാകുമെന്നതിനാൽ നിയമം കർശനമായി പാലിക്കുക. കുട്ടികളെ ദത്ത് നൽകാൻ താൽപര്യമുള്ളവർ ശിശുക്ഷേമസമിതിയെ അറിയിക്കണം. നേരിട്ടുവരാൻ പ്രയാസമുള്ളവർക്ക് ആലപ്പുഴ ബീച്ചിനു സമീപം വനിതാശിശു ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ നിക്ഷേപിക്കാം. 2 മിനിറ്റിനു ശേഷം ആശുപത്രിയിലെ നഴ്സിങ് റൂമിൽ മണി മുഴങ്ങുകയും ആരോഗ്യവിദഗ്ധർ എത്തി കുഞ്ഞിനെ പരിശോധിക്കുകയും ചെയ്യും. തുടർന്ന് ശിശുക്ഷേമസമിതിയുടെ പരിചരണകേന്ദ്രത്തിലേക്കു മാറ്റും.ശിശുക്ഷേമസമിതി അധ്യക്ഷയ്ക്ക് സറണ്ടർ ഫോം ഒപ്പിട്ടു നൽകിയും കുട്ടിയെ ഏൽപിക്കാം. കുട്ടിയെ ഏൽപിച്ചത് ആരാണെന്ന വിവരം പുറത്തുവിടില്ല, സമിതി അധ്യക്ഷ ജി.വസന്തകുമാരി പറഞ്ഞു.
ദത്തെടുക്കൽ എങ്ങനെ
കേന്ദ്ര സർക്കാരിന്റെ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി വെബ്സൈറ്റ് വഴി ദത്തെടുക്കലിന് അപേക്ഷിക്കാം. ദത്തെടുക്കുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു ഡോക്ടറുടെ സാക്ഷ്യപത്രം സമർപ്പിക്കണം. വീടും സാമൂഹികബന്ധങ്ങളും ഉൾപ്പെടെ പരിശോധിച്ച് ബോധ്യപ്പെടണം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാകണം.അപേക്ഷയുടെ സീനിയോറിറ്റി ആയാൽ ശിശുപരിചരണ കേന്ദ്രത്തിൽ നിന്ന് കുട്ടിയെ ഏറ്റുവാങ്ങാം. 3 കുഞ്ഞുങ്ങളെയാണു കാണിക്കുക. ഇതൊന്നും ശരിയായില്ലെങ്കിൽ അപേക്ഷകരുടെ ലിസ്റ്റിൽ ഏറ്റവും താഴേക്കു മാറ്റും. കുട്ടിയെ ദത്തു നൽകിയാലും 2 വർഷം ശിശുക്ഷേമ സമിതിയുടെ നിരീക്ഷണമുണ്ടാകും. കുട്ടികളുള്ളവർക്കും ദത്തെടുക്കാം.