
ആൾത്താമസമില്ലാതിരുന്ന വീട്ടിൽ മോഷണം; അഞ്ചുപേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട് ∙ ആൾത്താമസമില്ലാതിരുന്ന വീട്ടിൽ ഓടിളക്കി കയറി മോഷണം നടത്തിയ കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.കരുവാറ്റ മണ്ണാന്റെ പറമ്പിൽ ആദിത്യൻ (23), ആലപ്പുഴ കൈതവനയിൽ സനാതനപുരം സുധീഷ് ഭവനത്തിൽ പ്രിൻസ് (22), പള്ളിപ്പാട് നീണ്ടൂർ ബിന്ദു ഭവനത്തിൽ മിഥുൻ (19), പള്ളിപ്പാട് പുല്ലമ്പട നന്ദുഭവനത്തിൽ നന്ദു ഉണ്ണിക്കൃഷ്ണൻ (20), ചിങ്ങോലി പോരട്ടിൽ അഖിലേഷ് വിജയ് (19) എന്നിവരെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വീയപുരം മേൽപാടം ആറ്റുമാലിൽ വർഗീസ് ഇടിക്കുളയുടെ വീട്ടിലായിരുന്നു മോഷണം. കുടുംബ സമേതം മുംബൈയിൽ പോയിരുന്ന വീട്ടുടമ ഏപ്രിൽ 10ന് തിരിച്ചെത്തിയപ്പോൾ മേൽക്കൂരയിലെ ഓടും വീടിന്റെ പിന്നിലെ വാതിലിന്റെ കുറ്റിയും ഇളകിയ നിലയിൽ കണ്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ചെമ്പു പാത്രങ്ങൾ, തടി ഉരുപ്പടികൾ, ഫാൻ, ലാപ്ടോപ് എന്നിവയാണ് മോഷണം പോയത്. 1.25 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. വൈകിട്ട് വീടിന്റെ ഓട് ഇളക്കി അകത്ത് കയറി സാധനങ്ങൾ ചാക്കിൽ കെട്ടി വച്ചു. രാത്രി സ്കൂട്ടറിൽ എത്തിയാണ് സാധനങ്ങൾ കൊണ്ടു പോയത്. വീടിനുള്ളിൽ നിന്ന് ലഭിച്ച വിരലടയാളം പരിശോധിച്ചപ്പോൾ മുൻപ് മോഷണത്തിനു പിടിയിലായ ആദിത്യന്റേതാണന്ന് പൊലീസ് തിരിച്ചറിഞ്ഞു.തൃശൂരിൽ നിന്ന് ആദിത്യനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചു.
വളർത്തുനായയുടെ കാവലുണ്ടായിരുന്ന വീട്ടിൽ മോഷണം നടത്താൻ പ്രതികൾക്ക് വീടുമായി അടുപ്പമുള്ളവരുടെ സഹായം ലഭിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹരിപ്പാട്, ആലപ്പുഴ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ആദിത്യൻ, പ്രിൻസ് എന്നിവർക്കെതിരെ മോഷണക്കേസുകളുണ്ട്. മോഷണം നടത്തി ലഭിക്കുന്ന പണം ലഹരി വസ്തുക്കൾ വാങ്ങുന്നതിനാണ് പ്രതികൾ ചെലവഴിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്എച്ച്ഒ ഷെഫീക്, എസ്ഐ രാജേഷ്, എഎസ്ഐ എം.എസ്.ബിന്ദു, സീനിയർ സിപിഒമാരായ പ്രതാപ് മേനോൻ,സുനിൽ, രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.