മുഹമ്മ∙ മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ചതും ഇപ്പോൾ ഉപയോഗശൂന്യമായതുമായ ഇലഞ്ഞാംകുളങ്ങര ക്ഷേത്രത്തിനരികിലെ കൂറ്റൻ ജലസംഭരണി പൊളിച്ചു മാറ്റാൻ നടപടിയില്ല. തകർച്ചയുടെ വക്കിലെത്തിയ സംഭരണിയുടെ തൂണുകളിലെയും മുകൾ ഭാഗത്തെയും കോൺക്രീറ്റിലെ സിമന്റ് ഇളകി കമ്പി തെളിഞ്ഞ നിലയിലാണ്.
കമ്പികൾ തുരുമ്പെടുത്ത് നശിച്ചു. സിമന്റ് പാളികൾ ഇടയ്ക്കിടെ അടർന്നു താഴേക്കു വീഴുന്നുണ്ട്.
തൂണിന്റെ അടിഭാഗം ദ്രവിച്ചു നിൽക്കുന്നതിനാൽ ജലസംഭരണി ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ജലസംഭരണിക്കു താഴെ മരങ്ങളും പന്തലിച്ചുനിൽക്കുന്നു.
അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
4 തൂണുകളിൽ താങ്ങി വളരെ ഉയരത്തിൽ നിൽക്കുന്ന ജലസംഭരണി തകർന്നാൽ വലിയ നാശനഷ്ടമാകും സംഭവിക്കുക. നാട്ടുകാരുടെ ജീവന് ഭീഷണിയായ സംഭരണി പൊളിച്ചു മാറ്റണമെന്ന് പഞ്ചായത്തും ജനപ്രതിനിധികളും ഉൾപ്പെടെ രേഖാമൂലം നിരന്തരം ആവശ്യപ്പെട്ടിട്ടും ഫണ്ടില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് അധികൃതർ.
1993 മെയ് 10ന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ടി.എം.ജേക്കബ് ഉദ്ഘാടനം ചെയ്ത തണ്ണീർമുക്കം പഞ്ചായത്തിലെ പ്രധാന ജലസംഭരണി ആണിത്. ജപ്പാൻ കുടിവെള്ള പദ്ധതി വഴി പുതിയ ജലവിതരണ സംവിധാനം നിലവിൽ വന്നതോടെ അധികൃതർ ഉപേക്ഷിച്ചു. പിന്നീട് വെറുതേ കിടന്ന് ജലസംഭരണി ഉപയോഗശുന്യമാകുകയായിരുന്നു. ഇടിഞ്ഞു വീഴുമോയെന്ന ഭയത്തിലാണ് പരിസരവാസികൾ കഴിയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

