
ആർപ്പോ…ഇർറോ…ചങ്കുപൊട്ടുന്ന താളത്തിൽ വായ്ത്താരി മുഴങ്ങുമ്പോൾ പനയന്നൂർകാവ് ഭഗവതിക്ഷേത്ര പരിസരത്ത് ആ മുഴക്കം നിലയ്ക്കുന്നില്ല. മൂന്നാം തവണ തലവടി ചുണ്ടൻ തലയുയർത്തി നെഹ്റു ട്രോഫി മത്സരത്തിനായി ഓളങ്ങളോട് ഏറ്റുമുട്ടുമ്പോൾ പോരാളികളായി അണിനിരക്കുന്നതു യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) കൈനകരിയാണ്. പഞ്ചായത്തിലെ ഏക ചുണ്ടൻ.
നാടിന്റെ ഉത്സവമായാണു തലവടി ചുണ്ടന്റെ ഓരോ തയാറെടുപ്പുകളും മത്സരങ്ങളും കാണുന്നതെന്നു വള്ളസമിതി സെക്രട്ടറി കെ.ആർ.ഗോപകുമാർ പറഞ്ഞപ്പോൾ അംഗങ്ങളുടെ കൂട്ടക്കയ്യടി.
അമ്പലപ്പറമ്പിൽ നിന്ന് ഇതു പറയുമ്പോൾ ആ മണ്ണും ചൈതന്യവും മതനിരപേക്ഷതയും ഒത്തിണങ്ങിയ ഉത്സവത്തിനുള്ള തയാറെടുപ്പ് അവരുടെ കണ്ണുകളിൽ തെളിഞ്ഞു. 2023 ജനുവരി ഒന്നിനു നീരണഞ്ഞ ചുണ്ടൻ ആദ്യ വർഷം തന്നെ നെഹ്റു ട്രോഫിയിൽ ആറാം സ്ഥാനത്തെത്തി കരുത്തുകാട്ടി. കഴിഞ്ഞ വർഷം യുബിസി കൈനകരി തുഴഞ്ഞ് അഞ്ചാം സ്ഥാനത്തുമെത്തി.
നീരേറ്റുപുറം ജനകീയ വള്ളംകളിയിൽ കഴിഞ്ഞ രണ്ടു വർഷം ജേതാക്കളാണ്. ഇത്തവണ നെഹ്റു ട്രോഫിയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനാണു ശ്രമം.
ചുണ്ടനു പിന്നാലെ നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളവും കരക്കാർ നിർമിച്ചു. ഈ വള്ളത്തിന്റെ ആദ്യ നെഹ്റു ട്രോഫി കൂടിയാണിത്.
ആദ്യ വർഷം ചുണ്ടനിറങ്ങിയപ്പോൾ പ്രഫഷനൽ തുഴച്ചിലുകാർക്കൊപ്പം 27 നാട്ടുകാരുമുണ്ടായിരുന്നു.
എന്നാൽ പിന്നീടതു കുറഞ്ഞുവന്നു. വരും വർഷങ്ങളിൽ തലവടി ചുണ്ടനിലേക്കു നാട്ടിലെ യുവാക്കളെത്തന്നെ തുഴച്ചിലുകാരാക്കാൻ അക്കാദമി സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നു വള്ളസമിതി വൈസ് പ്രസിഡന്റ് അജിത് കുമാർ പിഷാരത്ത് പറഞ്ഞു.
ഇതോടൊപ്പം സ്ഥിരം വള്ളപ്പുരയും നിർമിക്കണം. മൂന്നു മുതൽ 80 വയസ്സു വരെയുള്ള 465 പേരാണ് ഓഹരിയുടമകൾ. പ്രസിഡന്റ് റിക്സൺ എടത്തിൽ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, രക്ഷാധികാരി ഷിനു എസ്.പിള്ള, ജോമോൻ ചക്കാലയിൽ എന്നിവരാണു വള്ളസമിതിക്കു നേതൃത്വം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]