
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ സമീപ വർഷങ്ങളെക്കാൾ കൂടുതൽ വള്ളങ്ങൾ ഇത്തവണ മത്സരിച്ചേക്കും. കഴിഞ്ഞ വർഷം 74, 2023ൽ 79 വള്ളങ്ങളാണു മത്സരിച്ചതെങ്കിൽ വള്ളങ്ങളുടെ റജിസ്ട്രേഷന് ഇന്നുകൂടി സമയമുണ്ടെന്നിരിക്കെ ഇന്നലെ വരെ 70 വള്ളങ്ങൾ റജിസ്റ്റർ ചെയ്തു.
ഏതാനും വർഷങ്ങൾക്കു ശേഷം 20ലേറെ ചുണ്ടൻ വള്ളങ്ങൾ റജിസ്റ്റർ ചെയ്തെന്ന പ്രത്യേകതയുമുണ്ട്.
21 ചുണ്ടൻ വള്ളങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നു രണ്ടു ചുണ്ടൻ വള്ളങ്ങൾ കൂടി റജിസ്റ്റർ ചെയ്യുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
ഇന്നു വൈകിട്ട് 5 വരെ ആലപ്പുഴ ആർഡിഒ ഓഫിസിൽ വള്ളങ്ങൾ റജിസ്റ്റർ ചെയ്യാം. കഴിഞ്ഞ വർഷം 19 ചുണ്ടനുകളാണു മത്സരിക്കുന്നത്.21 ചുണ്ടൻവള്ളങ്ങൾക്കു പുറമേ, 5 വെപ്പ് എ ഗ്രേഡ്, 3 വെപ്പ് ബി ഗ്രേഡ്, 3 ഇരുട്ടുകുത്തി എ ഗ്രേഡ്, 17 ഇരുട്ടുകുത്തി ബി ഗ്രേഡ്, 14 ഇരുട്ടുകുത്തി സി ഗ്രേഡ്, ഒരു തെക്കനോടി കെട്ടുവള്ളം എന്നിവയാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.
വള്ളംകളിയുടെ ഭാഗമായുള്ള ക്യാപ്റ്റൻസ് ക്ലിനിക് നാളെ രാവിലെ 9ന് ആലപ്പുഴ വൈഎംസിഎയിൽ കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.
ക്ലിനിക്കിൽ എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിങ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരുടെ ബോണസിൽ 50% കുറവ് ചെയ്യുമെന്നും ആർഡിഒ അറിയിച്ചു.ക്യാപ്റ്റൻസ് ക്ലിനിക്കിനു ശേഷം വൈകിട്ട് 3നു ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും നടക്കും.
വനിതകളുടെ വള്ളം കുറഞ്ഞു
വനിതകൾ തുഴയുന്ന തെക്കനോടിയിൽ കെട്ട്, തറ വിഭാഗങ്ങളിലായി മത്സരം നടക്കുന്നുണ്ടെങ്കിലും ആകെ റജിസ്റ്റർ ചെയ്തത് ഒരു വള്ളം മാത്രം. തെക്കനോടി കെട്ടുവെള്ളത്തിൽ യങ് സ്റ്റാർ ബോട്ട് ക്ലബ് തുഴയുന്ന പടിഞ്ഞാറെപറമ്പൻ മാത്രമാണു റജിസ്റ്റർ ചെയ്തത്.
തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളവും റജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലും രണ്ടു വിഭാഗങ്ങളിലും മൂന്നു വീതം വള്ളങ്ങൾ മത്സരിച്ചിരുന്നു.
ഭാഗ്യചിഹ്നത്തിന്റെ പേര് ഇന്ന് പ്രഖ്യാപിക്കും
നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിയുടെ പേര് ഇന്നു ഉച്ചയ്ക്കു 3നു കലക്ടറേറ്റിൽ കലക്ടർ അലക്സ് വർഗീസ് പ്രഖ്യാപിക്കും.
പേര് പതിച്ച ഭാഗ്യചിഹ്നം ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷ്റഫ് ചടങ്ങിൽ ഏറ്റുവാങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]