
എഴുന്നൂറോളം വീട്ടുകാരുടെ സ്വന്തം…അവരുടെ സമ്പാദ്യം… സ്വപ്നം– അതാണു ചെറുതന ചുണ്ടൻ. ഓരോ വീട്ടുകാരും 5000 രൂപ വീതം പിരിവെടുത്തു വിജയത്തിനായി ചുണ്ടനിറക്കിക്കഴിഞ്ഞു, ഇനി തുഴക്കാലമാണ്.
ചെറുതന ചുണ്ടനെപ്പറ്റി ഓർത്തു തുടങ്ങിയാൽ ചെറുതല്ലാത്തൊരു ചരിത്രം തന്നെയാണു വള്ളസമിതിയംഗങ്ങൾക്കു പറയാനുള്ളത്.
‘‘പണ്ടത്തെക്കാലത്തു പണിയില്ല, കൂലിയില്ല, വരുമാനമില്ല, പക്ഷേ ഒരുപാടുണ്ട് തുഴയാനുള്ള ആവേശം’’– 17–ാം വയസ്സിൽ തുഴച്ചിലാരംഭിച്ച സെക്രട്ടറി മനോജ് മാടശ്ശേരിക്കും 21 വർഷം തുടർച്ചയായി തുഴഞ്ഞ പ്രസിഡന്റ് സുരേന്ദ്രൻ മാടവനയ്ക്കും ഒരേ സ്വരം.1960ൽ ആറന്മുള മാരാമണിൽ നിന്നു പള്ളിയോടം വാങ്ങി ആദ്യ ചെറുതന ചുണ്ടനാക്കുകയായിരുന്നു.
ഇത് ആലപ്പാടൻ ചുണ്ടനായി വിറ്റതോടെ 1986ൽ പുതിയ ചുണ്ടൻ നിർമിച്ചു. ഈ വള്ളത്തിൽ 2004ൽ ചെറുതന ചുണ്ടൻ നെഹ്റു ട്രോഫി നേടി.
9 തവണ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. പായിപ്പാട് ജലോത്സവത്തിൽ ഹാട്രിക് നേടിയിട്ടുണ്ട്.
നീരേറ്റുപുറം, കരുവാറ്റ, പല്ലന, മാന്നാർ തുടങ്ങിയ ജലമേളകളിലും വിജയിച്ചു. 2019ലാണ് ഇന്നുള്ള ചെറുതന പുത്തൻ ചുണ്ടൻ പണിതിറക്കുന്നത്.
2020ൽ പഴയ ചുണ്ടൻ ചമ്പക്കുളം 2 ചുണ്ടനായി വിറ്റു.
2019ൽ പുത്തൻ ചുണ്ടൻ നീരണഞ്ഞെങ്കിലും പ്രളയവും കോവിഡും കടന്നു 2022ലാണു നെഹ്റു ട്രോഫി നടക്കുന്നത്. ഇതു ചുണ്ടന്റെ അഞ്ചാം സീസണാണ്.‘‘ചെറുതനയുടെ ജീവനാഡിയാണ് ഈ ചുണ്ടൻ’’ ആവേശത്തോടെ സമിതിയംഗങ്ങളായ വൈസ് പ്രസിഡന്റ് ബിജു തോമസ്, കമ്മിറ്റിയംഗം പി.പ്രതീഷ്, സജികുമാർ എന്നിവർ ആവർത്തിച്ചു.
സ്ത്രീകളും കുട്ടികളും പുരുഷന്മാരും അങ്ങനെ പ്രായ, ലിംഗ, മതഭേദമെന്യേ ചുണ്ടനുവേണ്ടി ജീവിതം നൽകിയ നാടും നാട്ടുകാരും.
കഴിഞ്ഞ വള്ളംകളി കാലത്തെ ലക്ഷങ്ങളുടെ കടത്തിന്റെ കഷ്ടപ്പാടു മറക്കാൻ ചെറുതനക്കാർക്ക് ഒരു മന്ത്രമുണ്ട്: വായ്ത്താരിയുടെ താളസൂത്രം. ചുണ്ടനിൽ ഇത്തവണ തുഴയെറിയാൻ തെക്കേക്കര ബോട്ട് ക്ലബ്ബാണ് (ടിബിസി) ഒപ്പമുള്ളത്.
ടീം മങ്കൊമ്പിലാണെങ്കിലും വള്ളപ്പുരയിലെ വള്ളംകളി വർത്തമാനം ആവേശത്തോടെ തുടരുന്നു.
കരക്കാർക്കെല്ലാം തുല്യ അവകാശമുള്ള വള്ളമെന്ന അപൂർവതയുമുണ്ട്.വള്ളംകളി ആവേശങ്ങൾക്ക് ഈ കരയിൽ ആൺ–പെൺ ഭേദമില്ല. നെഹ്റു ട്രോഫിക്കായി ആണുങ്ങൾ തയാറെടുക്കുമ്പോൾ തെക്കനോടിയിൽ കമ്പനിവള്ളത്തിൽ മത്സരത്തിനൊരുങ്ങുകയാണു കരയിലെ സ്ത്രീകൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]