
ഹരിപ്പാട് ∙ ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭകൾക്ക് സ്റ്റാർ പദവി നൽകുന്ന ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിങ്ങിൽ ഹരിപ്പാട് നഗരസഭയ്ക്ക് വൺ സ്റ്റാർ പദവിയും, ശുചിമുറി സൗകര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വച്ഛ് സർട്ടിഫിക്കേഷനിൽ ഒഡിഎഫ് പദവിയും ലഭിച്ചത് നഗരസഭയുടെ മികവിനുള്ള അംഗീകാരമായി. പൊതു ശുചിത്വം, ജലാശയങ്ങളുടെ ശുചിത്വം, വാർഡുകളിലെ ശുചിത്വം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചിത്വം തുടങ്ങി എല്ലാ മേഖലകളിലെയും ഓരോ മാസത്തെ ശുചിത്വ പുരോഗതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പരിശോധനയുടെയും അടിസ്ഥാനത്തിൽ ആണ് ഹരിപ്പാട് നഗരസഭയ്ക്ക് സ്റ്റാർ പദവി ലഭിച്ചത്.
ഒഡിഎഫ് പദവി നിലനിർത്താനായത് നഗരസഭയ്ക്ക് ഇരട്ടി മധുരമായി.
ദേശീയ ശുചിത്വ സർവേയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നഗരസഭകൾക്ക് ഗ്രേഡ് നിശ്ചയിക്കുന്നത്. 2023ൽ 2603 മാർക്ക് ആണ് നഗരസഭയ്ക്ക് ലഭിച്ചത്.
ഇത്തവണ 6663 മാർക്ക് നേടി ദേശീയ തലത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.നഗരസഭ അധ്യക്ഷൻ കെ.കെ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ആണ് സ്റ്റാർ റേറ്റിങ്ങിൽ കുതിച്ചുചാട്ടം നടത്താൻ നഗരസഭയെ സഹായിച്ചത്. ജില്ലാ ശുചിത്വ മിഷന്റെ പൂർണ പിന്തുണയും ലഭിച്ചു.
നഗരസഭാ തലത്തിൽ സ്വഛ് സർവേക്ഷൻ സെല്ലുകൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമസേന, വ്യാപാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെയെല്ലാം പ്രവർത്തനത്തിന്റെ ഭാഗമാക്കി.
നഗരസഭാ അധ്യക്ഷൻ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ, നഗരസഭാ സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ദിവസവും അവലോകനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്വച്ഛ് ഭാരത് മിഷൻ: മികച്ച നേട്ടവുമായി കായംകുളം
കായംകുളം ∙ നഗര ശുചിത്വം സംരക്ഷിക്കുന്നതിലും മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും നടത്തിയ കുറ്റമറ്റ പ്രവർത്തനങ്ങൾക്ക് നഗരസഭയ്ക്കു സ്വച്ഛ് ഭാരത് മിഷൻ സർട്ടിഫിക്കേഷനിൽ അംഗീകാരം. സർട്ടിഫിക്കേഷനിൽ ഒഡിഎഫ് പ്ലസ് വിഭാഗത്തിലാണ് കായംകുളം നഗരസഭ തിരഞ്ഞെടുക്കപ്പെട്ടത്.
2023ൽ നടന്ന സർവേയിൽ ദേശീയതലത്തിൽ കായംകുളത്തിന് 3927-ാം റാങ്കാണ് ലഭിച്ചത്. സംസ്ഥാനതലത്തിൽ 74-ാം റാങ്കുമായിരുന്നു.
എന്നാൽ 2024ലെ പരിശോധനയിൽ ദേശീയ തലത്തിൽ 382-ാം സ്ഥാനത്തേക്ക് കായംകുളം ഉയർന്നു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്.
മെഗാ ശുചീകരണ യജ്ഞം, വാർഡ് തല ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയാണ് നഗരസഭ ഇപ്പോൾ സംസ്ഥാനത്ത് 46-ാം സ്ഥാനത്ത് എത്തിയതെന്ന് അധ്യക്ഷ പി.ശശികല പറഞ്ഞു. ഇത്തവണ 7106 മാർക്കാണ് നഗരസഭ നേടിയത്.മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഉറപ്പാക്കൽ, വീടുവീടാന്തരം ശേഖരണം, ട്വിൻ-ബിൻ സംവിധാനങ്ങൾ, ബോട്ടിൽ ബൂത്ത് സംവിധാനങ്ങൾ, വേസ്റ്റ് വണ്ടർ പാർക്കുകൾ, ശൗചാലയങ്ങൾ തുടങ്ങിയവയിലൂടെയാണ് സർട്ടിഫിക്കേഷൻ കൈവരിച്ചത്.
മാലിന്യ സംസ്കരണ രംഗത്ത് വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് നഗരസഭ രൂപം നൽകിയതായി അധികാരികൾ വ്യക്തമാക്കി.ശുചിമുറി മാലിന്യ സംസ്കരണത്തിന് മൊബൈൽ എഫ്എസ്ടിപി പദ്ധതിയും നഗരസഭ നടപ്പാക്കുകയാണ്.
നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥ വിഭാഗം, ആരോഗ്യ വിഭാഗം, മറ്റ് ജീവനക്കാർ തുടങ്ങിയവരുടെ കൂട്ടായ യത്നമാണ് ഈ നേട്ടത്തിന് പിന്നിലെന്നും നഗരസഭ വിലയിരുത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]