
ആയുഷിന്റെ സ്വപ്നം ഏറ്റെടുത്ത് കൂട്ടുകാരും അധ്യാപകരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ അധികകാലം ആയുഷ് കൂടെയില്ലായിരുന്നു. പക്ഷേ അവൻ ബാക്കിവച്ച ഓർമകളോട് കൂട്ടുകാരുടെ കരുതലിന് ഒരു ജന്മത്തിന്റെ ദൈർഘ്യം. അവന്റെ വേദനകളെ, സ്വപ്നങ്ങളെ തിരിച്ചറിഞ്ഞ അവർ, അവന്റെ പ്രിയപ്പെട്ടവർക്കായി അവർക്കാകുന്നതു ചെയ്യുന്നു.കളർകോട്ട് അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ആയുഷ് ഷാജിയുടെ (19) കുടുംബത്തിനു വീടൊരുക്കുകയാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് വിദ്യാർഥികളും അധ്യാപകരും സാമൂഹിക പ്രവർത്തകരും ചേർന്ന്.
ഡിസംബർ രണ്ടിന് ആലപ്പുഴ കളർകോട് കാർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആറു മെഡിക്കൽ വിദ്യാർഥികളിൽ ഒരാളാണ് ആയുഷ് ഷാജി. ആയുഷിന്റെ കുടുംബത്തിനു ചെങ്ങന്നൂർ കൊഴുവല്ലൂരിലാണ് വീട് വാങ്ങി നൽകുന്നത്.ജോലിക്കായി ഏറെക്കാലം ഇൻഡോറിലായിരുന്നു ആയുഷിന്റെ കുടുംബം. ആയുഷ് പ്ലസ്ടു വരെ പഠിച്ചതും ഇൻഡോറിലാണ്. തുടർന്ന് എൻട്രൻസ് പരിശീലനവും മെഡിക്കൽ വിദ്യാഭ്യാസവും കേരളത്തിലാക്കുകയായിരുന്നു. മകനൊപ്പം നിൽക്കാൻ, ഇൻഡോറിലെ ജോലി ഉപേക്ഷിച്ചു മാതാപിതാക്കളായ ഷാജിയും ഉഷയും നാട്ടിലെത്താനിരിക്കെയാണ് ആയുഷ് അപകടത്തിൽ മരിച്ചത്.
കാവാലത്തെ കുടുംബവീട്ടിലാണ് ആയുഷിന്റെ മൃതദേഹം സംസ്കരിച്ചത്. കുടുംബത്തിനു സ്വന്തമായി വീടില്ലെന്നു സഹപാഠികളുടെ ശ്രദ്ധയിൽപെട്ടതോടെയാണു വീട് വാങ്ങി നൽകാൻ തീരുമാനിച്ചത്.21 ലക്ഷം രൂപ ചെലവിട്ട് 1200 ചതുരശ്രയടി വിസ്തീർണമുള്ള വീടും 7 സെന്റ് സ്ഥലവുമാണു വാങ്ങി നൽകുന്നത്. രണ്ടു മാസത്തോളം നീണ്ട പ്രവർത്തനങ്ങളിലൂടെയാണു പണം സമാഹരിച്ചത്. കോളജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം പൂർവ വിദ്യാർഥികളും സാമൂഹികപ്രവർത്തകരും സാമ്പത്തിക സഹായം നൽകി. കരുതൽ–25 എന്ന ബാങ്ക് അക്കൗണ്ട് വഴി നടത്തിയ ധനസമാഹരണത്തിലൂടെ 20 ലക്ഷത്തോളം രൂപയാണു ലഭിച്ചത്.
വീട് വാങ്ങുന്നതിന്റെ ഭാഗമായി അഡ്വാൻസ് ആയി ഒരു ലക്ഷം രൂപ ഇന്നു വൈകിട്ട് 3നു കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ വച്ചു വീട്ടുടമസ്ഥനു നൽകി കരാറാക്കും. ആധാരമെഴുത്ത് ചെലവ് ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകൾക്കായി 4 ലക്ഷത്തോളം രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഈ തുകയും കണ്ടെത്തി ഈ മാസം തന്നെ മുഴുവൻ പണവും നൽകി ആയുഷിന്റെ കുടുംബത്തിനു വീട് കൈമാറാനുള്ള ശ്രമത്തിലാണെന്നു കോളജ് പ്രിൻസിപ്പിൽ ഡോ. മിറിയം വർക്കി പറഞ്ഞു.