
യുവാവിന്റെ അപ്രതീക്ഷിത മരണവും പൊലീസിന്റെ അസാധാരണ നടപടിക്രമങ്ങളും; സ്തംഭിച്ച് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലവൂർ ∙ യുവാവിന്റെ അപ്രതീക്ഷിത മരണവും പൊലീസിന്റെ അസാധാരണ നടപടിക്രമങ്ങളും നാട്ടുകാരെയും സ്തംഭിപ്പിച്ചു. സാധാരണയെന്ന പോലെയാണ് വ്യാഴം ഉച്ചയ്ക്ക് പൊന്നാട് സ്വദേശി അർജുന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ബന്ധുക്കളും നാട്ടുകാരും എത്തിയത്. യുവാവിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ ദുഃഖിതരായിരുന്നു എല്ലാവരും. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ശാന്തിക്രിയകളും പൂർത്തിയാക്കി വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിലേക്ക് മൃതദേഹം വച്ച് വിറക് അടുക്കുന്നതിന് തൊട്ടുമുൻപാണ് പൊലീസ് എത്തുന്നത്.
മണ്ണഞ്ചേരി എസ്ഐ കെ.ആർ.ബിജു അർജുന്റെ ബന്ധുക്കളോട് സംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും മരണം സംബന്ധിച്ച് അന്വേഷിക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിലാണ് തൂങ്ങിമരണമാണെന്ന് മനസ്സിലായത്. ഇത്തരം സാഹചര്യങ്ങളിൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും നടത്തേണ്ടതുണ്ടെന്നും അതിന് മുൻപ് സംസ്കാരം നടത്തിയാൽ പങ്കെടുക്കുന്ന എല്ലാവർക്കും ബുദ്ധിമുണ്ടാകുമെന്നും പറഞ്ഞതോടെ പൊലീസിന്റെ നിർദേശത്തിന് ബന്ധുക്കൾ വഴങ്ങി. തുടർന്ന് മൃതദേഹം എടുത്ത് ആംബുലൻസിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി മധു ബാബു, എസ്എച്ച്ഒ പി.ജെ.ടോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ മരണം നടന്ന വീട്ടിലുമെത്തി. പ്രായമായ ബന്ധുക്കൾ താമസിക്കുന്ന അയൽവീട്ടിലാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് കൂട്ട്കിടക്കാൻ മിക്കപ്പോഴും അർജുൻ എത്താറുണ്ട്. രാവിലെ ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കാതിരുന്നപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് അർജുന്റെ സഹോദരനെ വിളിച്ച് ഫാനിൽ തൂങ്ങി നിന്ന അർജുനിനെ കെട്ട് മുറിച്ച് കട്ടിലിൽ കിടത്തുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമം; ചിതയിലേക്ക് എടുത്ത മൃതദേഹം പൊലീസ് പിടിച്ചെടുത്തു
കലവൂർ ∙ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സംസ്കാരത്തിനായി ചിതയിലേക്ക് എടുത്ത മൃതദേഹം പൊലീസ് പിടിച്ചെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. മണ്ണഞ്ചേരി പൊന്നാട് അറയ്ക്കാത്തറയിൽ അർജുന്റെ(20) സംസ്കാരമാണ് പരാതിയെ തുടർന്ന് മാറ്റിവയ്ക്കേണ്ടി വന്നത്. വീടിന് സമീപത്തെ ബന്ധുവീട്ടിൽ ഇന്നലെ രാവിലെയാണ് അർജുനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്.
തുടർന്ന് മരണാനന്തര സഹായ സംഘങ്ങളും ബന്ധുക്കളും ഇടപെട്ട് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.ഉച്ചയ്ക്ക് 12ന് ശാന്തി ക്രിയകൾ പൂർത്തിയാക്കി മൃതദേഹം ചിതയിൽ വച്ചപ്പോഴാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നും ആശുപത്രിയിൽ കൊണ്ടുപോകുകയോ ഡോക്ടറെ കാണിക്കുകയോ ചെയ്തില്ലെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പൊലീസെത്തി ചിതയിൽ നിന്ന് മൃതദേഹം എടുത്ത് ആംബുലൻസിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ദുരൂഹതകളില്ലെന്നും തൂങ്ങി മരണമാണെന്നാണ് നിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാലേ വ്യക്തത വരുത്താനാകൂവെന്നും പൊലീസ് പറഞ്ഞു. അനിൽകുമാർ–വിജിമോൾ ദമ്പതികളുടെ മകനാണ് അർജുൻ. അക്ഷയ്, ആരോമൽ എന്നിവർ സഹോദരങ്ങളാണ്.