
ചൂട് വർധിച്ചതോടെ പാലിന്റെ അളവ് കുറഞ്ഞു: ന്യായവില കിട്ടുന്നില്ല; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടത്വ / ചാരുംമൂട് ∙ ക്ഷീരോൽപാദനത്തിൽ വൻ കുറവു വരുന്നതും ചെലവിൽ കാര്യമായ വർധന ഉണ്ടാകുന്നതും പാലിന് ന്യായ വില ലഭിക്കാത്തതുംമൂലം ക്ഷീരകർഷകർ പ്രതിസന്ധിയിൽ. ചൂട് വർധിച്ചതോടെയാണ് പാലിന്റെ അളവ് കുറഞ്ഞതും പശു പരിപാലനച്ചെലവ് വർധിച്ചതും. നേരത്തെ തന്നെ കാലിത്തീറ്റ വില വർധിച്ചതിനാലുള്ള പ്രതിസന്ധിയുണ്ടായിരുന്നു. ഇതു കൂടാതെ ഇപ്പോൾ വൈക്കോലിന്റെ വില വർധിച്ചതായും കർഷകർ പറയുന്നു. വേനൽ കടുത്തതോടെ പച്ചപ്പൂല്ലിന്റെ ലഭ്യതയും കുറഞ്ഞു.
പാലിന്റെ അളവു കുറഞ്ഞതിനാൽ വരുമാനം കുറഞ്ഞതും കാലിത്തീറ്റയുടെ വിലക്കൂടുതലുമാണ് കടുത്ത വെല്ലുവിളിയെന്ന് ഒൻപത് പശുക്കൾ ഉള്ള നൂറനാട് പടനിലം രാജിഭവനത്തിൽ ആർ.രാജേശ്വരി പറഞ്ഞു. 70 ലീറ്റർ പാൽ കിട്ടികൊണ്ടിരുന്ന പശുക്കളിൽ നിന്ന് വേനൽ കനത്തതോടെ 55 ലീറ്റർ പാൽ മാത്രമാണ് ലഭിക്കുന്നത്. പ്രഖ്യാപിത വില 56 രൂപയാണെങ്കിലും ഗുണനിലവാരം കുറവെന്ന കാരണം പറഞ്ഞ് ലീറ്ററിന് 35 രൂപയ്ക്കും 45 രൂപയ്ക്കും ഇടയ്ക്കാണ് വില ലഭിക്കുന്നതെന്നു കർഷകർ പറഞ്ഞു.നാമമാത്ര കർഷകർക്ക് മാത്രമാണ് അൽപമെങ്കിലും കൂടുതൽ വില ലഭിക്കുന്നത്.
സ്വകാര്യ മേഖലയിൽ പാൽ കൊടുത്താൽ ലീറ്ററിന് 60 രൂപ വരെ ലഭിക്കുമ്പോൾ മിൽമ സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്ക് മതിയായ വില നൽകുന്നില്ലെന്നും അതേ പാൽ കൂടിയ വിലയ്ക്കു വിറ്റ് ലാഭം കൊയ്യുകയാണെന്നു കർഷകർ ആരോപിച്ചു. വേനലിൽ ഇൻസെന്റീവ് എന്ന പേരിൽ കർഷകന് ലീറ്ററിന് 2 രൂപ വീതം നൽകുന്നതാണ് മിൽമയിൽനിന്നുള്ള ആകെ ആശ്വാസമെന്നാണ് കർഷകർ പറയുന്നത്. പത്ത് കിലോ കാലിത്തീറ്റയ്ക്ക് പ്രതിദിനം 300 രൂപ ചെലവുണ്ട്. ഒപ്പം വൈക്കോൽ, പുല്ല് , മരുന്നുകൾ ഉൾപ്പെടെയുള്ള ചെലവ് കണക്കാക്കുമ്പോൾ കർഷകന് വലിയ നഷ്ടമാണ് എന്നാണ് കർഷകർ പറയുന്നത്.