
ജില്ലയിലെ ആദ്യ എംബാങ്ക്മെന്റ് മത്സ്യക്കൃഷിയിൽ നൂറുമേനി കൊയ്ത് മുളക്കുഴ ചങ്ങാതിക്കൂട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ മത്സ്യകർഷകർക്കു കൈത്താങ്ങേകാൻ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ എംബാങ്ക്മെന്റ് മത്സ്യകൃഷി ജില്ലയിൽ ആദ്യമായി ആരംഭിച്ച ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ കോട്ടച്ചാലിൽ നൂറുമേനി കരിമീൻ കൊയ്ത് മുളക്കുഴ ചങ്ങാതിക്കൂട്ടം. എസ്. സനീഷിന്റെ നേതൃത്വത്തിലുള്ള ചങ്ങാതിക്കൂട്ടം കഴിഞ്ഞ വർഷം ഫെബ്രുവരി 26 നാണ് മുളക്കുഴ രണ്ടാം വാർഡിലെ കോട്ടച്ചാലിൽ മത്സ്യകൃഷി ആരംഭിച്ചത്. 5000 വീതം കരിമീൻ, വരാൽ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഒരു ഹെക്ടർ സ്ഥലത്ത് നിക്ഷേപിച്ചത്. കഴിഞ്ഞയാഴ്ച മത്സ്യകൃഷി വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചിരുന്നു.
കൃത്യമായ പരിപാലനത്തിലൂടെ മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സനീഷും സുഹൃത്തുകളും. നാടൻ മത്സ്യ ഇനങ്ങളായതിനാൽ ഹോട്ടലുകളിൽ നിന്നടക്കം ആവശ്യക്കാരെത്തുന്നുണ്ടെന്ന് സനീഷ് പറഞ്ഞു. പൊതുജലാശയങ്ങളെ മത്സ്യകൃഷിക്കായി പരിസ്ഥിതി സൗഹൃദ രീതിയിൽ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തോടുകളിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകാത്ത രീതിയിലാണ് തടയിണകൾ നിർമിക്കുക. നാടൻ മത്സ്യങ്ങളുടെ ഉൽപാദനമാണ് പ്രധാനമായും എംബാങ്ക്മെന്റ് കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. ഇവയിൽ കരിമീനിനും വരാലിനുമാണ് ആവശ്യക്കാർ കൂടുതൽ.
5000 വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ 6 മാസത്തിനുള്ളിൽ 4000 കിലോ മത്സ്യം വിളവെടുക്കാനാവും. 5000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ 1500 കിലോ മത്സ്യം ലഭിക്കും. കൃത്യവും ശാസ്ത്രീയവുമായ പരിപാലനത്തിലൂടെ നാലു മുതൽ ആറു മാസക്കാലം കൊണ്ട് 300 മുതൽ 400 ഗ്രാം വരെയുള്ള മത്സ്യം വിളവെടുക്കാനാകും. ഫ്ലോട്ടിംഗ് ഫീഡ് എന്ന തീറ്റയാണ് പ്രധാനമായും മത്സ്യങ്ങൾക്ക് നൽകുന്നത്. ദിവസം രണ്ടു നേരം തീറ്റ നൽകണം. രാവിലെ വെയിൽ ഉദിക്കുന്നതിനു മുൻപാണ് തീറ്റ നൽകേണ്ടത്.സംസ്ഥാന വ്യാപകമായി 50 ഹെക്ടർ ജലാശയത്തിൽ മത്സ്യകൃഷി വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.
ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രം രണ്ട് ഹെക്ടറിൽ എംബാങ്ക്മെന്റ് കൃഷി ചെയ്യുന്നുണ്ട്. രണ്ടാം ഘട്ടമെന്നോണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുഴ പഞ്ചായത്ത് പത്താം വാർഡിലെ ചാങ്ങപ്പാടം ചാലിൽ ജലനിധി മത്സ്യകർഷക ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്വയം സഹായസംഘം വഴി ഒരു ഹെക്ടർ സ്ഥലത്ത് 1000 കരിമീൻ കുഞ്ഞുങ്ങളെയും 9000 വരാൽ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ പോലെയുള്ള കൂട്ടായ്മകൾക്കാണ് എംബാങ്ക്മെന്റ് കൃഷി ചെയ്യാൻ അവസരം. താൽപര്യമുള്ളവർ അതാത് ബ്ലോക്ക് പഞ്ചായത്തുകളിലെ മത്സ്യഭവനുമായി ബന്ധപ്പെടണം.