മങ്കൊമ്പ് ∙ കുട്ടനാട്ടിലെ തോടുകളിൽ പോള നിറഞ്ഞു നീരൊഴുക്കു നിലച്ചു ജലഗതാഗതം സ്തംഭിച്ചതു ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി. കര ഗതാഗത സൗകര്യത്തിനായി തോടിനു കുറുകെ ചെറു പാലങ്ങൾ അടക്കം വന്നതോടെ ജലഗതാഗതത്തിനു തിരശീല വീണു.
കുട്ടനാടിന്റെ ഗ്രാമ സൗന്ദര്യം ആസ്വദിക്കാൻ ചെറുവള്ളങ്ങളിൽ കുട്ടനാട്ടിലെ നാട്ടുതോടുകളിലൂടെ സഞ്ചാരികളുമായി പോയിരുന്ന കാഴ്ച ഇന്നു വിരളമാണ്. പോളയും മറ്റു തടസ്സങ്ങളുമില്ലാത്ത തോട്ടിലൂടെ ഇന്നും ചെറുവള്ളങ്ങളിലും കയാക്കിങ് ബോട്ടുകളിലും സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളെ ചില ഭാഗങ്ങളിൽ കാണാൻ സാധിക്കും.
മത്സര വള്ളംകളികൾക്കു പോയിരുന്ന ഇരുട്ടുകുത്തി വള്ളങ്ങൾ സ്വന്തമായുള്ള ഈര സ്വദേശിക്കു വർഷങ്ങളായി സ്വന്തം വള്ളം വീട്ടിൽ എത്തിക്കാൻ പോലും സാധിക്കുന്നില്ല.
നീലംപേരൂർ തോട്ടിലൂടെ ഈരയിലെ കുടുംബ വീട്ടിലാണു ടി.കെ.കുരുവിള തന്റെ ഉടമസ്ഥതയിലുള്ള ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലെ തുരുത്തിത്തറ വള്ളവും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിലെ ദാനിയേൽ വള്ളവും എത്തിച്ചിരുന്നത്. എന്നാൽ തോട്ടിലൂടെയുള്ള ജലഗതാഗതം മുടങ്ങിയതോടെ ഏറെ നാളായി വള്ളം ഈരയിലെത്തിച്ചിട്ടില്ല.
ഏറെ തുക ചെലവഴിച്ചു ജെസിബി ഉപയോഗിച്ചു തോട്ടിലെ പോള കുറച്ചു മാറ്റിയാണ് അവസാനം ഈരയിൽ നിന്ന് കളിവള്ളങ്ങൾ പുറംജലാശയത്തിലെത്തിച്ചത്.
പിന്നീട് ഈരയിലേക്കു തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പോള കയറി നാട്ടുതോടുകൾ അടഞ്ഞതോടെ ഓണക്കാലത്തും മറ്റും ചെറുവള്ളംകളി നടത്തിയിരുന്നവർ തോടിനെ ഉപേക്ഷിച്ചു വള്ളംകളി നടത്താൻ കൃഷി ഇല്ലാത്ത പാടശേഖരങ്ങളെ ആശ്രയിക്കേണ്ട
ഗതികേടിലും എത്തി. കുട്ടനാടിന്റെ വാണിജ്യമേഖലയ്ക്കു മറക്കാനാവാത്ത തോടുകളിൽ ഒന്നാണു നീലംപേരൂർ തോട്. കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന കരുനാട്ടുവാലയിൽ നിന്നു തുടങ്ങി കൈനടിയിൽ എത്തുന്ന കിലോമീറ്ററുകൾ ദൈർഘ്യമുള്ള തോട് പോളയും പുല്ലും നിറഞ്ഞു കാടായിട്ടു വർഷങ്ങളായി.
കുട്ടനാടൻ കുത്തരിയുമായി കോട്ടയം, ചങ്ങനാശേരി മാർക്കറ്റുകളിൽ പോകാൻ ഉപയോഗിച്ചിരുന്ന പ്രധാന ജലമാർഗമായിരുന്നു നീലംപേരൂർ തോട്.
കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ളവർ നെല്ലു പുഴുങ്ങി ഉണങ്ങിയ ശേഷം വള്ളത്തിൽ കയറ്റി കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലെ മില്ലുകളിൽ എത്തിച്ചു കുത്തി അരിയാക്കിയാണു വിൽപന നടത്തിയിരുന്നത്. കരുനാട്ടുവാലയിൽ നിന്ന് ആലപ്പുഴയ്ക്ക് അടക്കം ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നടത്തിയിരുന്ന തോട്ടിൽ നോക്കുകുത്തികളായി ബോട്ടുജെട്ടികൾ കാണാമെന്നതു മാത്രമാണു പുതു തലമുറയ്ക്കു തോട്ടിലൂടെ ജലഗതാഗതം നടത്തിയിരുന്നതിനുള്ള ഏക അടയാളം.
കൂട്ടായ്മകൾ ഇല്ലാതായി; തോടുകളുടെ നാശത്തിന് ആക്കം കൂടി
മങ്കൊമ്പ് ∙ തോടുകൾ കുട്ടനാട്ടുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന കാലത്തു തോട്ടിൽ നിറയുന്ന പോള നീക്കം ചെയ്തിരുന്നതു പ്രദേശത്തെ കൂട്ടായ്മകളിലൂടെയായിരുന്നു.
ഒരു പറ്റം യുവാക്കൾ പോള നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങും; അവർക്ക് എല്ലാവിധ പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടാകും. സാമ്പത്തികം നോക്കാതെ നാടിന്റെ നന്മ മാത്രം മുന്നിൽ കണ്ടായിരുന്നു കൂട്ടായ്മകളുടെ പ്രവർത്തനം.
മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നു തണുപ്പു പിടിക്കുന്ന യുവാക്കൾക്ക് കപ്പ പുഴുങ്ങിയതും കട്ടൻകാപ്പിയും നൽകാൻ നാട്ടുകാർ മത്സരിക്കുമായിരുന്നു. ഇന്ന് ആ കൂട്ടായ്മകൾ ഇല്ലാതായതു തോടുകളുടെ നാശത്തിന്റെ ആക്കം കൂട്ടി.
കൂടാതെ തോടുകളിൽ നിന്നു കട്ട
കുത്തുന്നതു നിർത്തിയതും ജലഗതാഗതത്തെ ആശ്രയിക്കുന്നതിൽ നിന്നു ജനങ്ങൾ പിന്തിരിഞ്ഞതും തോടുകളുടെ നാശത്തിനു കാരണമായി. തോടുകളുടെ ഇരുവശവും കല്ലുകെട്ടി സംരക്ഷിച്ചതോടെ ഈടു കുത്താൻ പോലും തോട്ടിലെ ചെളിക്കട്ട
എടുക്കാൻ ആരും ഇറങ്ങാറില്ല. മുൻപു കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം വീടുകളിലും ചെറുവള്ളം എങ്കിലും ഉണ്ടായിരുന്നു.
നിത്യേന ചെറുവള്ളങ്ങളിലടക്കം സഞ്ചരിക്കുന്നതിനാൽ പോളയുടെയും ജല സസ്യങ്ങളുടെയും ശല്യം ഗണ്യമായി കുറഞ്ഞിരുന്നു. ഇന്ന് മിക്ക പ്രദേശങ്ങളിലും ചെറുവള്ളങ്ങൾ ഉള്ള വീടുകൾ വിരലിൽ എണ്ണാവുന്നതു മാത്രമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

