ആലപ്പുഴ∙ വാടക കൊടുക്കാത്തതിനെ തുടർന്നു ലോറി ഉടമകൾ വിട്ടുനിന്നതോടെ മൂന്നു താലൂക്കുകളിൽ റേഷൻ നീക്കം നിലച്ചു. ആലപ്പുഴ, മാവേലിക്കര എഫ്സിഐ ഗോഡൗണുകളിൽ നിന്നു കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കുള്ള ചരക്കുനീക്കമാണു നിലച്ചത്.
എൻഎഫ്എസ്എ ഗോഡൗണുകളിലേക്കു റേഷൻ സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്കുള്ള പണം നൽകാൻ പൊതുവിതരണ വകുപ്പ് വൈകിയതോടെ ലോറിക്കാർക്കും പണം കുടിശികയായി.
ഇതു തീർക്കാതെ ചരക്കെടുക്കാൻ എത്തില്ലെന്നാണു ലോറി ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ.
ആലപ്പുഴ എഫ്സിഐ ഗോഡൗണിൽ നിന്ന് അമ്പലപ്പുഴ താലൂക്കിലേക്കുള്ള റേഷൻ നീക്കം മാത്രമാണു നടക്കുന്നത്. മാവേലിക്കരയിൽ നിന്നു ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലേക്കു റേഷൻ പോകുന്നുണ്ട്.
ചേർത്തല താലൂക്കിലേക്കുള്ള ചരക്കുനീക്കം ഇന്നു പുനരാരംഭിക്കാനാകുമെന്ന് അധികൃതർ പറയുന്നു. അപ്പോഴും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലേക്കുള്ള റേഷൻ നീക്കം പുനരാരംഭിക്കുന്നതിൽ തീരുമാനമായിട്ടില്ല.
ഓണത്തിനോടനുബന്ധിച്ചു റേഷൻ വിതരണ കരാറുകാരുടെ കുടിശിക തീർക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
എന്നാൽ കരാറുകാർക്കു പണം നൽകിയില്ല. ഇതോടെ ലോറിക്കാർക്കും കുടിശികയായി. വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള പണം പോലുമില്ലാത്ത സ്ഥിതിയിൽ റേഷൻ നീക്കത്തിനു വാഹനങ്ങൾ വിട്ടുനൽകില്ലെന്നാണു ലോറി ഉടമകൾ പറയുന്നത്. എഫ്സിഐ ഗോഡൗണിൽ നിന്നുള്ള സംഭരണം വൈകിയാൽ റേഷൻ വിഹിതം നഷ്ടപ്പെട്ടേക്കും.
കുട്ടനാട്ടിൽ വാതിൽപടി വിതരണം നിലച്ചു
കുട്ടനാട് താലൂക്കിൽ റേഷൻകടകളിലേക്കുള്ള വാതിൽപടി വിതരണം വൈകുന്നു.
സെപ്റ്റംബർ മാസത്തേക്കുള്ള വിതരണമാണ് ഇനിയും ആരംഭിക്കാത്തത്. റേഷൻ കയറ്റിറക്കു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമനിധി ബോർഡും കരാറുകാരുമായി ബന്ധപ്പെട്ട
തർക്കങ്ങൾ കാരണമാണു ചരക്കുനീക്കം നിലച്ചത്.
ഇതോടെ പല കടകളിലും ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് ഇല്ലാത്ത സ്ഥിതിയായി.പ്രശ്നം പരിഹരിച്ച് ഇന്നു വാതിൽപടി വിതരണം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും എല്ലാ കടകളിലും ഭക്ഷ്യധാന്യമെത്താൻ ഒരാഴ്ചയോളം സമയമെടുക്കുന്നതു സ്ഥിതി വഷളാക്കുമെന്നു റേഷൻ വ്യാപാരികൾ പറയുന്നു.
കുട്ടനാട്ടിൽ വാതിൽപടി വിതരണത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തര പരിഹാരം കാണണമെന്നു കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെഎസ്ആർആർഡിഎ) ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡിലെയും കരാറുകരുടെയും വിഷയങ്ങൾ പരിഹരിച്ചു ശാശ്വത പരിഹാരം കണ്ടു റേഷൻ വിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കണമന്നും കെഎസ്ആർആർഡിഎ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]