
യുവാവിന്റെ തിരോധാനം; പൊലീസ് കണ്ടെടുത്ത നിറതോക്ക് പ്രവർത്തനക്ഷമമെന്നു സ്ഥിരീകരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട് ∙ 10 വർഷം മുൻപ് കാണാതായ താമല്ലാക്കൽ പുത്തൻവീട്ടിൽ രാകേഷിനെ(25) കൊലപ്പെടുത്തിയതാണെന്നു ബന്ധുക്കൾ ആരോപിക്കുന്നയാളുടെ വീട്ടിൽ നിന്നു കണ്ടെത്തിയ നിറതോക്ക് പ്രവർത്തനക്ഷമതയുള്ളതാണെന്നു പരിശോധനയിൽ കണ്ടെത്തി. നേരത്തെ ഇതിൽ നിന്നു വെടി ഉതിർത്തിട്ടുണ്ടോ എന്ന ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി വടക്ക് കായൽവാരത്ത് കിഷോറിന്റെ വീട്ടിൽ നിന്നാണു തോക്കും വെടിയുണ്ടകളും ഉൾപ്പെടെ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തത്.
കിഷോറിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ പ്രവർത്തനരഹിതമാണ്. ഇയാളുടെ വീട്ടിൽ പരിശോധന നടത്തുമ്പോൾ ഫോണിന്റെ ടവർ ലൊക്കേഷൻ ഹരിപ്പാട് ആയിരുന്നു. പിന്നീട് ഇത് ഓഫ് ആക്കി മുങ്ങുകയായിരുന്നു. കേസിൽ പ്രതിയായാൽ മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കുകയാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറയുന്നു. യുഎസ് നിർമിത തോക്കും 53 വെടിയുണ്ടകളും വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും മറ്റുമാണ് ഇയാളുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തത്.
നീതി കിട്ടിയില്ല: രാകേഷിന്റെ മാതാവ്
∙ മകനെ കൊലപ്പെടുത്തി എന്നതിനു വ്യക്തമായ സൂചന കിട്ടിയിട്ടും പ്രതിക്കെതിരെ കേസ് എടുക്കാതെയും കൃത്യമായി അന്വേഷിക്കാതെയും പൊലീസ് ഈ കേസ് അട്ടിമറിച്ചെന്ന ആരോപണവുമായി രാകേഷിന്റെ മാതാവ് രമ. സംഭവം നടക്കുമ്പോൾ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചു. 10 വർഷമായിട്ടും നീതി കിട്ടിയിട്ടില്ല. ‘‘രാകേഷിനെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്നും കാണിച്ച് രമേശ് ചെന്നിത്തലയ്ക്കു പരാതി നൽകിയിരുന്നു. എന്നാൽ ഗൗരവത്തിലുള്ള ഒരന്വേഷണവും നടന്നില്ല. പ്രതികളെ സംരക്ഷിച്ചു’’–രമ ആരോപിച്ചു.
രാകേഷിന്റെ തിരോധാനത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ റോഡിൽ രക്തവും മുടിയും കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയിൽ ഇതു രാകേഷിന്റേതാണെന്നു സ്ഥിരീകരിച്ചു. എന്നിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല. പ്രതികൾ എന്നു സംശയിക്കുന്നവർക്കു രാകേഷുമായി കടുത്ത വൈരാഗ്യമുണ്ടായിരുന്നു. അക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, മൃതദേഹം കിട്ടിയാലേ കേസ് എടുക്കാൻ പറ്റൂ എന്ന നിലപാടിലായിരുന്നു പൊലീസ്. രാകേഷിനെ കൊന്നു കുഴിച്ചിട്ടെന്ന് ഈ പ്രതികൾ മദ്യലഹരിയിൽ ചിലരോടൊക്കെ പറഞ്ഞിരുന്നു. പൊലീസ് നേരത്തെ നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണു കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന ഹർജി കോടതിയിൽ സമർപ്പിച്ചത്– രമ പറഞ്ഞു.
ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെ: രമേശ്
∙ രാകേഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. രാകേഷിന്റെ തിരോധാനം പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു താനും നിർദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
‘‘ഞാൻ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തോ പിന്നീടോ കൊലപാതകവുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഒരു പ്രതിയെയും സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടില്ല. കഴിഞ്ഞ 9 വർഷമായി സംസ്ഥാനം ഭരിക്കുന്നത് ഇടതു സർക്കാരാണ്. ഇത്രയും കാലം കേസ് അന്വേഷിക്കാതെ ഇപ്പോൾ ഇങ്ങനെയൊരു ആരോപണം വരുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്’’– രമേശ് പറഞ്ഞു.