
കുഴിയുണ്ട്, സൂക്ഷിക്കുക; സ്ലാബുകൾക്കിടയിലെ കുഴികൾ അപകടഭീഷണിയാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ സ്ലാബുകൾക്കിടയിലെ കുഴികൾ അപകട ഭീഷണിയാകുന്നു. കണ്ടിയൂർ ഗവ.യുപിഎസിന് എതിർവശത്തെ ഓടയുടെ സ്ലാബുകൾക്കിടയിലെ കോൺക്രീറ്റ് മിശ്രിതം തകർന്നാണു കുഴി രൂപപ്പെട്ടത്. 119 കോടി രൂപ ചെലവഴിച്ചു നവീകരിച്ച തട്ടാരമ്പലം–പന്തളം റോഡിൽ കോടികൾ ചെലവഴിച്ചു നവീകരിച്ച നടപ്പാതയിലെ കോൺക്രീറ്റ് മിശ്രിതമാണു തകർന്നത്. കഴിഞ്ഞദിവസം വൈകിട്ടു നടപ്പാതയിലൂടെ പോയ വയോധികയുടെ കാൽ കുഴിയിൽ കുടുങ്ങിയിരുന്നു.
ഇതിന് എതിർവശത്തു ഓടയുടെയും റോഡ് ടാറിങ്ങിനും ഇടയിൽ കേബിൾ പൈപ്പുകൾ കടന്നു പോകുന്ന ഭാഗത്തും സമാനമായ അപകട ഭീഷണിയുണ്ട്. റോഡ് നവീകരണം നടക്കുന്ന സമയത്തു തന്നെ പ്രദേശവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കേബിൾ പൈപ്പുകൾ താഴ്ത്തി സ്ഥാപിച്ചു നവീകരണം പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. കണ്ടിയൂരിലും തട്ടാരമ്പലത്തിന് കിഴക്കും വാഹനങ്ങൾ കയറിയപ്പോൾ ഓടയുടെ സ്ലാബുകൾ തകർന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. കോടികൾ ചെലവഴിച്ചു നവീകരിച്ച റോഡ് അപകട ഭീഷണിയാകുമ്പോൾ ആര് പരിഹാരം കാണുമെന്ന ചോദ്യം ബാക്കിയാണ്.