
ജലാശയമാണ്, മാലിന്യം തള്ളൽ കേന്ദ്രമല്ല; മുണ്ടകത്തിൽ തോട്ടിൽ മാലിന്യം കുന്നുകൂടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായംകുളം∙ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ജലമൊഴുക്കിൽ നിർണായക സ്ഥാനമുള്ള മുണ്ടകത്തിൽ തോട്ടിൽ മാലിന്യം കുന്നുകൂടി പ്രദേശം പകർച്ച വ്യാധി ഭീഷണിയിൽ. കായംകുളം കായലിൽ നിന്നു വേലിയേറ്റ സമയത്താണ് വൻതോതിൽ മാലിന്യങ്ങൾ മുണ്ടകത്തിൽ തോട്ടിന്റെ കണ്ണമ്പള്ളി ഭാഗത്ത് എത്തുന്നത്. കൂടാതെ തോട്ടിൽ മാലിന്യം തള്ളുന്നവരുമുണ്ട്.
തോടിന് ആഴം കുറവായതിനാൽ വെള്ളമിറങ്ങുമ്പോൾ മാലിന്യം മണൽത്തിട്ടയിൽ തട്ടി അവിടെ കിടക്കും. ജൈവ, അജൈവ മാലിന്യങ്ങൾ ഒരു പോലെ പ്രദേശത്തിനു ശാപമായി മാറുകയാണ്. കായംകുളം കായലിൽ പതിക്കുന്ന മുണ്ടക്കത്തിൽ ചാലാപ്പള്ളി തോട് ആഴമില്ലാത്തതിനാൽ നഗരസഭ മൂന്നാം വാർഡിൽ കണ്ണമ്പള്ളി ഭാഗത്ത് അവസാനിക്കുകയാണ്.
വടക്കോട്ട് ഒന്നാം വാർഡു വരെ തോടുണ്ടെങ്കിലും നികന്നും തിട്ട ഇടിഞ്ഞും ഒഴുക്ക് നിലച്ച് കിടക്കുകയാണ്. തോടിന്റെ പരിസരത്തുള്ളവർക്ക് സഹിക്കാനാവാത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം തോടിന്റെ പരിസരഭാഗത്തെ താമസക്കാരിൽ ചിലർക്ക് ഡെങ്കിപ്പനി പിടിപെട്ടതും തോടിന്റെ ശോച്യാവസ്ഥ കാരണമാണെന്ന് ആരോപണമുയർന്നിരുന്നു.
തോടിന്റെ ആഴം വർധിപ്പിച്ച് ജലമൊഴുക്ക് സുഗമമാക്കുന്നതിന് എംഎൽഎ, നഗരസഭ എന്നിവർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പല വട്ടം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും തിരിഞ്ഞ് നോക്കുന്നു പോലുമില്ലെന്ന് ആക്ഷേപമുണ്ട്. പാർശ്വഭിത്തികൾ പല ഭാഗത്തും ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുകയാണ്. ഇത് പുനർനിർമിക്കാനും നടപടി വേണമെന്നാണ് നിവാസികളുടെ ആവശ്യം.