ചാരുംമൂട്∙ ഏത്തവാഴ കൃഷി ചെയ്ത കർഷകർക്ക് ഇത്തവണ മികച്ച വിളവു ലഭിച്ചപ്പോഴുണ്ടായ വിലയിടിവ് കനത്ത തിരിച്ചടിയായി. സ്വാശ്രയ കർഷക വിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് 50 രൂപയിൽ താഴെയാണ് വില.
കർഷകന് കിട്ടുന്നതാകട്ടെ പരമാവധി 30 രൂപ മുതൽ 35 രൂപ വരെയും
ഉൽപാദന ചെലവു പരിഗണിക്കുമ്പോൾ 45 രൂപയ്ക്ക് മുകളിൽ വില ലഭിച്ചാൽ മാത്രമേ കൃഷി ലാഭകരമാകൂ എന്നു കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 80 മുതൽ 90 വരെ രൂപ വില ഉണ്ടായിരുന്നിടത്താണ് ഇത്തവണ അതിന്റെ പകുതിയിലേക്ക് വില ഇടിഞ്ഞിരിക്കുന്നത്.
ഒരു വാഴയ്ക്ക് 350 രൂപ മുതൽ 400 രൂപ വരെ കൃഷിക്കാരന് ചെലവ് വരും.
ഉൽപാദനം കൂടുമ്പോൾ വില ഇടിയുന്നതു തടയാൻ തറ വില നിശ്ചയിക്കുകയോ സർക്കാർ ഇടപെടുകയോ ചെയ്താൽ കർഷകർക്ക് ആശ്വാസമാകും. എന്നാൽ ഇത്തരത്തിലുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ഏത്തക്കായ വിപണിയിലെത്തും.
ഇതോടെ വില വീണ്ടും കൂപ്പുകുത്തുമോ എന്ന ആശങ്കയിലാണ് കർഷകർ. കനാലുകളിൽ വെള്ളമെത്തിയതോടെ മികച്ച വിളവു ലഭിക്കുമെന്നു പ്രതീക്ഷയുണ്ടെങ്കിലും വിലയിടിവ് കർഷകർക്കു കണ്ണീരായി മാറും.
ചെറിയ കടകളിൽ പോലും നാടൻ ഏത്തക്കായ 50 രൂപ വിലയ്ക്കാണ് ലഭിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള ഏത്തക്കായ പെട്ടി ഓട്ടോകളിൽ കൊണ്ടുവന്ന് നൂറു രൂപയ്ക്ക് മൂന്ന് മുതൽ മൂന്നര കിലോ വരെ നൽകുന്നുണ്ട്. ഇതും നാടൻ ഏത്തക്കായുടെ വിലയിടിവിന് കാരണമാക്കുന്നു.
ഏത്തവാഴ കർഷകരെ സംരക്ഷിക്കാനും ന്യായവില ലഭിക്കാനും നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

