ചാരുംമൂട്∙ ചാരുംമൂട് ജംക്ഷനിൽ റോഡിനു കുറുകെ വന്ന ആംബുലൻസ് കാറിൽ ഇടിച്ച് ആറ് പേർക്ക് പരുക്ക്. രണ്ട് പേർക്ക് ഗുരുതരം.
കൊല്ലം–തേനി ദേശീയപാതയിൽ നിന്നും കെ–പി റോഡിലേക്ക് അമിതവേഗത്തിലെത്തിയ ആംബുലൻസ് ആണ് കാറിൽ വന്നിടിച്ചതെന്ന് യാത്രക്കാർ പറയുന്നു. വെള്ളിയാഴ്ച രാത്രി 11.15നായിരുന്നു അപകടം.
മാങ്കാംകുഴി ഭാഗത്തു നിന്ന് താമരക്കുളം ഭാഗത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വന്ന ആംബുലൻസാണ് അടൂർ ഭാഗത്തു നിന്ന് കായംകുളത്തേക്ക് വന്ന കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ജംക്ഷനിലുള്ള കുരിശുംമൂടിന്റെ ഭാഗത്തേക്ക് നീങ്ങുകയും ആംബുലൻസ് തലകീഴായി മറിയുകയും ചെയ്തു.
ജംക്ഷനിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസാണ്.
കാറിൽ ഉണ്ടായിരുന്ന കാർത്തികപ്പള്ളി കുന്നേൽ വടക്കേതിൽ സഫീർ (42), ഭാര്യ മാനിഷ (37), ബന്ധുക്കളായ സുലേഖ (56), കുഞ്ഞുമോൾ (52), ലൈല (49) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഡോറുകൾ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
മുഴുവൻ പേർക്കും പരുക്കേറ്റിട്ടുണ്ട്. ശക്തമായ മഴ കൂടി ആയതിനാൽ രക്ഷപെടുത്തൽ ദുഷ്കരമായിരുന്നു. നാട്ടുകാരും യാത്രക്കാരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആംബുലൻസ് ഡ്രൈവർ ജോജി (27)നും പരുക്കേറ്റിട്ടുണ്ട്.
പൊലീസ് രാത്രിയിൽ സമീപപ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നും ആംബുലൻസ് അലാം മുഴക്കി അമിതവേഗത്തിലെത്തുകയായിരുന്നു എന്ന് കണ്ടെത്തി. ജംക്ഷനിലൂടെ കടന്നു പോകുന്ന പ്രധാന റോഡ് കെ–പി റോഡാണെന്നും ഇവിടുത്തെ സിഗ്നലിലെ മഞ്ഞ ലൈറ്റ് രാത്രി സമയങ്ങളിൽ മിന്നി നിൽക്കുകയാണെന്നും പൊലീസ് പറയുന്നു.
കൊല്ലം–തേനി ദേശീയപാതയിലെ രണ്ട് ലൈറ്റുകളും ചുവന്ന ലൈറ്റുകൾ മിന്നി നിൽക്കുകയാണെന്നും കൊല്ലം–തേനി ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ജംക്ഷനിലെത്തി കെ–പി റോഡിലൂടെ വാഹനങ്ങൾ വരുന്നില്ലെന്ന് ബോധ്യപ്പെട്ട ശേഷമേ റോഡിനു കുറുകെ കടക്കാനാകൂ എന്നും പൊലീസ് പറയുന്നു.
ഈ നിയമം പാലിക്കാതെയാണ് ആംബുലൻസ് കടക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. പലപ്പോഴും രോഗികൾ ഇല്ലാതെയും അത്യാവശ്യമല്ലാതെയും പല ആംബുലൻസുകളും ലൈറ്റും അലാം അടിച്ചും ചാരുംമൂട് ജംക്ഷനിലെ ഗതാഗതക്കുരുക്കിനിടയിലൂടെ കടന്നുപോകാറുണ്ട്.
മോട്ടർവാഹന വകുപ്പുമായി ആലോചിച്ച് ഇതിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ശ്രീകുമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]