മങ്കൊമ്പ് ∙ ഇൻഷുറൻസ് നിഷേധം സംബന്ധിച്ച് നടപടിയില്ലെങ്കിൽ വിജിലൻസിനെ സമീപിക്കാനൊരുങ്ങി കർഷകർ. നീലംപേരൂർ കൃഷിഭവനു കീഴിലുള്ള നാരകത്ര കിളിയങ്കാവ് വടക്ക് പാടശേഖരത്തിലെ കർഷകരാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇൻഷുറൻസ് ലഭിക്കുമോ എന്ന ആശങ്കയിലുള്ളത്.
വിത കഴിഞ്ഞ് 45 ദിവസങ്ങൾക്കുള്ളിൽ ഇൻഷുറൻസ് നടപടികൾ കൃഷി ഓഫിസിൽ പൂർത്തിയാക്കണമെന്നിരിക്കേ 87-ാം ദിവസമാണ് നീലംപേരൂർ കൃഷിഭവനിൽ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കിയത്.
വിളവെടുക്കാൻ 20 ദിവസമാണ് അവശേഷിക്കുന്നത്. ശക്തമായ വേലിയേറ്റവും മഴയും പ്രതിസന്ധി സൃഷ്ടിക്കുന്നതാണു കർഷകരെ ആശങ്കയിലാക്കുന്നത്.
മുൻപ് ഇല്ലാത്തവിധം മികച്ച വിളവാണ് ഇത്തവണ കൃഷിയിടത്തിൽ ഉണ്ടായിരിക്കുന്നത്. വിളവെടുത്തു സംഭരണം പൂർത്തിയാകുന്നതുവരെ അനിഷ്ട
സംഭവങ്ങൾ ഒന്നും ഉണ്ടാകരുതെന്ന പ്രാർഥനയിലാണു കർഷകർ. കഴിഞ്ഞ ജൂൺ 21നു വിതച്ച പാടത്തിന്റെ വിത തീയതി ഓഫിസ് ജോലികൾ യഥാസമയം പൂർത്തിയാക്കാത്തതിനാൽ ജൂലൈ ഏഴിലേക്കു മാറ്റാൻ കൃഷി ഉദ്യോഗസ്ഥൻ സമിതി ഭാരവാഹികളെ നിയമവിരുദ്ധമായി നിർബന്ധിച്ചതായി പാടശേഖര സമിതി ഭാരവാഹികൾ ആരോപിച്ചു.
സമയം മാറ്റിയിട്ടും 124ൽ 79 കർഷകരുടെ ഇൻഷുറൻസ് നടപടികൾ മാത്രമാണു കൃഷി ഓഫിസിൽ നിന്നു പാസായത്. 45 അപേക്ഷകൾ ഇൻഷുറൻസ് ചെയ്യാതെ ഒഴിവാക്കി.
ഇതിൽ പ്രതിഷേധിച്ച് പാടശേഖര സമിതി കൃഷിഭവന്റെ മുൻപിൽ സമരം പ്രഖ്യാപിച്ചു 3 മണിക്കൂറിനുള്ളിൽ തങ്ങളുടെ ജോലി സുരക്ഷിതമാക്കാനെന്നോണം രാമങ്കരി എഡിഎയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 1 വിത തീയതിയാക്കി ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കി.
ഒരേ പാടത്തു നാലഞ്ച് ദിവസങ്ങളിൽ കൂടുതൽ വിത തീയതിയിൽ വ്യത്യാസം ഉണ്ടായാൽ തന്നെ ഇൻഷുറൻസ് ആനുകൂല്യം നിഷേധിക്കപ്പെടുകയാണു പതിവ്.
കാർഷിക ദുരന്തമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതി നൽകിയ പരാതിയിൽ കൃഷി മന്ത്രി പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നു പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. കുറ്റക്കാരെ രക്ഷപ്പെടുത്താൻ പ്രിൻസിപ്പൽ കൃഷി ഓഫിസർ റിപ്പോർട്ട് വൈകിപ്പിക്കുകയോ വെള്ളം ചേർക്കുകയോ ചെയ്താൽ തുടർ സമരങ്ങൾ നടത്തുന്നതോടൊപ്പം വിജിലൻസിനെയും കോടതിയെയും സമീപിക്കണമെന്ന നിലപാടിലാണു കർഷകരെന്നു പാടശേഖര സമിതി പ്രസിഡന്റ് ജെ.ഗോപിദാസ്, സെക്രട്ടറി കെ.ഗോപകുമാർ, കൺവീനർ തുളസിദാസൻ പിള്ള എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]