ചേർത്തല∙ ജില്ലാ സ്കൂൾ കായികമേളയുെട ഭാഗമായി ഇന്നലെ നടന്ന മത്സരങ്ങളുടെ സംഘാടനത്തിൽ ഗുരുതര പിഴവ്.
താരങ്ങൾക്കു ഗുരുതര പരുക്കേൽക്കാത്തതും മറ്റ് അപായങ്ങളുണ്ടാകാഞ്ഞതും ഭാഗ്യം ഒന്നു കൊണ്ടു മാത്രം. ചേർത്തല എസ്എൻ കോളജ് ഗ്രൗണ്ടിൽ ഹൈജംപ് മത്സരങ്ങളും മുഹമ്മ കെഇ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ ഡിസ്കസ്, ജാവലിൻ ത്രോ മത്സരങ്ങളുമാണു നടന്നത്.
എന്നാൽ രണ്ടിടത്തും ആരോഗ്യപ്രവർത്തകരോ ആംബുലൻസോ ഏർപ്പെടുത്തിയിരുന്നില്ല.
ഹൈജംപ് മത്സരത്തിൽ വലുപ്പം കുറഞ്ഞ ജംപിങ് ബെഡ് ഉപയോഗിച്ചതു കാരണം താരങ്ങൾ ബെഡിനു പുറത്തു നിലത്തേക്കു വീഴുന്ന സ്ഥിതിയുണ്ടായി. ബുധനൂർ ഗവ.
എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി കെ.എസ്.വൈഷ്ണവ്, കലവൂർ ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി നിജു ജോസഫ് ആന്റണി എന്നിവർ കഴുത്തും തലയും നിലത്തിടിച്ചാണു വീണത്. ഇരുവർക്കും മുറിവുകളുണ്ടാകുകയും ശരീര വേദന അനുഭവപ്പെടുകയും ചെയ്തു.
എങ്കിലും വൈദ്യസഹായം നൽകാൻ സംഘാടകർ തുനിഞ്ഞില്ല. മറ്റു താരങ്ങൾക്കും നിലത്തു വീണു പരുക്കേറ്റു.
മൂന്നു ഭാഗങ്ങളുള്ള ജംപിങ് ബെഡിലെ രണ്ടു ഭാഗങ്ങൾ മാത്രമാണ് ഉപയോഗിച്ചത്.
അതിനാലാണു ബെഡിനു നീളം കുറഞ്ഞു താരങ്ങൾ നിലത്തു വീണത്. ഹൈജംപ് ആദ്യ ദിവസം നടത്തിയ മത്സരത്തിൽ തന്നെ വിദ്യാർഥികൾ നിലത്തു വീണിരുന്നു.
എന്നിട്ടും സുരക്ഷയൊരുക്കാതെ മത്സരങ്ങൾ നടത്തിയെന്നു പരാതിയുണ്ട്. ജൂനിയർ, സീനിയർ ആൺകുട്ടികളുടെ മത്സരം ഒന്നിച്ചാണു നടത്തിയതും. മത്സരശേഷം വിദ്യാർഥികളെക്കൊണ്ടാണു ബെഡ് ചുമന്നു കെട്ടിടത്തിലേക്കു മാറ്റിയതും.
ഇന്നലെ രണ്ടു ഗ്രൗണ്ടുകളിലും ശുദ്ധജലവും ഇല്ലായിരുന്നു.
പോരാട്ട വീര്യവുമായി വൈഷ്ണവ്
സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ ആദ്യ ചാട്ടത്തിലാണു ബുധനൂർ ഗവ.
എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി കെ.എസ്.വൈഷ്ണവ് നിലത്തുവീണത്. ഹൈജംപ് ബാർ കടന്നതും കാൽ മുകളിലേക്കായി കഴുത്തും തലയും നിലത്തിടിച്ചാണു വീണത്.
ഒപ്പമുള്ളവർ ഉടൻ താങ്ങിയെടുത്തെങ്കിലും വൈദ്യസഹായം നൽകിയില്ല. ഒപ്പമുണ്ടായിരുന്ന പിതാവാണു കഴുത്തും തലയും തോളുമൊക്കെ തിരുമ്മിക്കൊടുത്തത്.
പരുക്കേറ്റിട്ടും വൈഷ്ണവ് മത്സരത്തിൽ തുടർന്നു. 1.60 മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്തു.
കഴിഞ്ഞ വർഷം ലോങ്ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ്, റിലേ മത്സരങ്ങളിൽ ജില്ലയിൽ മത്സരിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപു ഫുട്ബോൾ മത്സരത്തിനിടെ പരുക്കേറ്റ് ഇടതു കയ്യിൽ ഒരു മാസത്തോളം പ്ലാസ്റ്റർ ഇട്ടിരുന്നു.
പരിശീലനമില്ലാതെയാണ് ഇത്തവണ മത്സരങ്ങൾക്ക് ഇറങ്ങിയത്. റിലേ ടീമിൽ ഉള്ളതിനാൽ ലോങ് ജംപ്, ട്രിപ്പിൾ ജംപ് മത്സരങ്ങൾ ഇത്തവണ ഒഴിവാക്കിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]