ചാരുംമൂട്∙ സ്കൂൾ വളഞ്ഞ് തെരുവുനായ്ക്കൂട്ടം; വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. കെ പി റോഡിൽ സ്ഥിതി ചെയ്യുന്ന നൂറനാട് സിബിഎം ഹൈസ്കൂളിനു ചുറ്റുമാണ് തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്.
നാട്ടുകാർ പറയുന്നത് ഈ പ്രദേശത്ത് ഇതുവരെയും കണ്ടിട്ടില്ലാത്ത തെരുവുനായ്ക്കളാണ് കൂട്ടമായി എത്തിയിട്ടുള്ളത് എന്നാണ്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിൽ വിദ്യാർഥികൾ എത്തിയപ്പോൾ തന്നെ സ്കൂളിന് മുന്നിൽ തെരുവുനായ്ക്കൾ നിലയുറപ്പിച്ചിരുന്നു. ഭയപ്പെട്ട
കുട്ടികൾ സ്കൂളിനു പിൻവശത്തുള്ള വഴിയിലൂടെ സ്കൂളിലേക്ക് കയറാനെത്തിയപ്പോൾ അവിടെയും തെരുവുനായ്ക്കളുടെ സംഘമാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടാണ് ഇത്രയേറെ തെരുവുനായ്ക്കൾ സ്കൂളിന് സമീപം തമ്പടിച്ചത്.
ഇതോടെ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.
കെ പി റോഡിൽ നൂറനാട് സാനറ്റോറിയം പരിസരത്തും കഴിഞ്ഞ ദിവസങ്ങളിലായി തെരുവുനായ്ക്കളുടെ കൂട്ടമാണ്. ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ, മാലിന്യ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും തെരുവുനായ്ക്കളുടെ വിളയാട്ടമാണ്.
വ്യാപകമായ രീതിയിലാണ് ഓരോ ദിവസം കഴിയുംതോറും ഇവയുടെ എണ്ണം വർധിക്കുന്നത്. പല തെരുവുനായ്ക്കളുടെയും കഴുത്തിൽ ബെൽറ്റും ഉള്ളതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ചുനക്കരയിൽ രാത്രി തെരുവുനായ്ക്കളെ കൂട്ടമായി കൊണ്ടുവന്ന് ആരോ ഇറക്കിവിട്ടിരുന്നു.
ഇവയാണ് സ്കൂൾ പരിസരങ്ങൾ, വീടുകൾ, റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരിക്കുന്നത്. ഇവയെ ഒഴിവാക്കാനുള്ള സത്വര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.
തെരുവുനായ്ക്കളുടെ ‘ഇറക്കുമതി’ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷിക്കും
ചാരുംമൂട് ∙ തെരുവുനായ്ക്കളെ കൂട്ടമായി ലോറികളിലും വാനുകളിലും എത്തിച്ചു റോഡരികിലും ആൾത്താമസമില്ലാത്ത പ്രദേശങ്ങളിലും ഇറക്കിവിടുന്നത് അന്വേഷിക്കാൻ പൊലീസും മൃഗസംരക്ഷണ വകുപ്പും രംഗത്ത്.
കഴിഞ്ഞ ദിവസം കൊല്ലം തേനി ദേശീയപാതയിൽ ചുനക്കര തെരുവിൽമുക്ക്, തഴക്കര എന്നിവിടങ്ങളിലും 2 മാസം മുൻപ് ചാരുംമൂടും തെരുവുനായ്ക്കളെ കൂട്ടമായി വാഹനങ്ങളിൽ കൊണ്ടുവന്ന് ഇറക്കിവിട്ടിരുന്നു. ഇതേക്കുറിച്ചു മനോരമയിൽ വാർത്ത വന്നതോടെയാണ് മൃഗസംരക്ഷണ വകുപ്പും ആഭ്യന്തര വകുപ്പും അന്വേഷണവുമായി രംഗത്തെത്തിയത്. ഡിജിപിയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിർദേശപ്രകാരം പ്രധാന റോഡുകളിൽ രാത്രി പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തുകയും വാഹനങ്ങൾ പൊലീസ് പരിശോധിക്കാനും തുടങ്ങി.
രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. തെരുവുനായ്ക്കളെ ഇറക്കിവിട്ട
സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വീടുകളിലെ ക്യാമറകൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. വെറ്ററിനറി സർജന്മാർ പൊലീസുമായി സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]