ചേർത്തല മേഖലയിലെ പുരയിടങ്ങളിൽ നിന്നു പൊലീസ് ദുരൂഹതകൾ കുഴിച്ചെടുക്കുന്ന കാലമാണ്. ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ ചേർത്തല പുളിക്കൽ കുന്നുംപുറം സജി ജോസ് പക്ഷേ സ്വന്തം പുരയിടത്തിൽ നിന്നു വർഷങ്ങളായി കുഴിച്ചെടുക്കുന്നതു സ്വന്തം വിയർപ്പിൽ വിളഞ്ഞ സമൃദ്ധിയാണ്.
80 സെന്റ് പുരയിടത്തിൽ മഞ്ഞളാണു പ്രധാന കൃഷി. ഒപ്പം ഇഞ്ചിയും കൂവയും ചേനയും ചേമ്പും കാച്ചിലും.
അലങ്കാര മത്സ്യങ്ങളുടെ പ്രജനനവും വിൽപനയുമുണ്ട്.
കൃഷിയോടുള്ള ഇഷ്ടം സജിയുടെ രക്തത്തിലുള്ളതാണ്. 22 വർഷം മുൻപു കാക്കിയിട്ടെങ്കിലും ആ ഇഷ്ടത്തിനു കുറവുവന്നില്ല.
ഏറ്റവും കൂടുതൽ മായം കലർത്തുന്ന ഭക്ഷ്യവസ്തുക്കളുടെ കൂട്ടത്തിൽ മഞ്ഞൾപ്പൊടിയുമുണ്ടെന്നു തിരിച്ചറിഞ്ഞതു സജിയിലെ പൊലീസുകാരനാണ്. അതിനുള്ള പ്രതിവിധി സജി കണ്ടെത്തി; പുരയിടം നിറയെ മഞ്ഞൾ നട്ടു.
പൂർണമായും ജൈവരീതിയിലാണു കൃഷി. നടുമ്പോൾ അടിവളമായി കോഴിവളവും ചാരവും നൽകും.
ചാണകവും ശർക്കരയും മുതിരയും ചേർത്ത് ഒരാഴ്ച സൂക്ഷിച്ചു പുളിപ്പിച്ചുണ്ടാക്കുന്ന മിശ്രിതമാണ് ഈ കൃഷിയിടത്തിലെ പ്രധാന വളം. ഇതു നേർപ്പിച്ച് രണ്ടുനേരം ഒഴിച്ചുകൊടുക്കും.
മൺചട്ടികളിലാണ് ഇഞ്ചി നട്ടിരിക്കുന്നത്. പുരയിടത്തിൽ പലയിടത്തായി ചേന,ചേമ്പ്,കാച്ചിൽ,കൂവ എന്നിവയുമുണ്ട്.
മഴക്കാലം കഴിഞ്ഞാൽ പച്ചക്കറികളും കൃഷി ചെയ്യും. പാവലും പടവലവും പീച്ചിലുമാണു പ്രധാനം.
അലങ്കാരമത്സ്യങ്ങളോടുള്ള ഇഷ്ടവും ചെറുപ്പം മുതലുണ്ട്.
കോൺക്രീറ്റ് ടാങ്കുകൾ, സ്റ്റീൽ കമ്പിയും പടുതയും ഉപയോഗിച്ചു നിർമിച്ച് ടാങ്ക് എന്നിവയ്ക്കു പുറമേ പഴയ റഫ്രിജിറേറ്ററുകൾ വാങ്ങി അതിനുള്ളിൽ വെള്ളം നിറച്ചും അലങ്കാര മത്സ്യങ്ങളെ വളർത്തുന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപനയുമുണ്ട്. അഞ്ചിനം ഗപ്പികൾ, സ്വോർഡ് ടെയ്ൽ, പാണ്ടാമോളി, അരോണ, അലിഗേറ്റർ തുടങ്ങിയ മത്സ്യങ്ങൾ പുരയിടത്തിൽ നാലിടത്തായി ഒരുക്കിയ ടാങ്കുകളിലുണ്ട്.
മഞ്ഞളും മത്സ്യവുമെല്ലാം ആവശ്യക്കാർ വീട്ടിലെത്തി വാങ്ങും. 8281350659.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]