
അച്ചൻകോവിലാറ്റിനക്കരെ കാരിച്ചാലും ഇക്കരെ പായിപ്പാടനും. നെഹ്റു ട്രോഫി വള്ളംകളി ഓളങ്ങൾ ആരംഭിച്ചതോടെ ഇരുകരകൾക്കുമിടയിൽ വെറും മത്സരം മാത്രമല്ല, അടിയന്തരാവസ്ഥ തന്നെയാണ്.
മൂന്നു മാസത്തേക്ക് അപ്പുറത്തേക്കു പോകാൻ പോലും മടി. സ്വന്തം കര കഴിഞ്ഞേ എന്തുമുള്ളൂ.
2005, 2006, 2007 വിജയങ്ങളിലൂടെ ഹാട്രിക്കും 2018 ലെ കപ്പും– നെഹ്റു ട്രോഫിയിൽ പായിപ്പാടൻ തുഴഞ്ഞെടുത്ത വിജയങ്ങളുടെ കഥകളും കൊടിപ്പാടകലെ തുഴഞ്ഞുനീന്തിയ വിജയചരിത്രവും പായിപ്പാട്ടുകാരുടെ ഓരോ വള്ളംകളി കാലത്തെയും സ്ഥിരം വായ്ത്താരിയാണ്.
വള്ളത്തിൽ പാടുന്ന വായ്ത്താരിയല്ല, ചായക്കടയിലും, ആരാധനാലയങ്ങളിലും നാലുപേർ കൂടുന്ന ഓരോ വഴിവക്കിലെയും ഊറ്റംപറച്ചിലാണത്, അഭിമാനമാണ്.
വീടുതോറും കാണാം അടുത്ത വിജയത്തിനായുള്ള കാത്തിരിപ്പും ആവേശവും. ഇതു കരയുടെ പ്രതീക്ഷയാണ്: പായിപ്പാടൻ ചുണ്ടൻവള്ള സമിതി സെക്രട്ടറി അഭിലാഷ് കുമാർ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ കൂടെയുള്ള സമിതിയംഗങ്ങളും വള്ളംകളി പ്രേമികളും ഏറ്റുപറഞ്ഞു ജലോത്സവങ്ങളുടെ ഒളിംപിക്സിൽ ഇത്തവണ ഒളിംപ്യൻ പായിപ്പാടൻ തന്നെ.
2017ൽ ഹീറ്റ്സിൽ റെക്കോർഡ് സമയത്തു പായിപ്പാടൻ ഫിനിഷ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം കാരിച്ചാൽ മറികടന്ന റെക്കോർഡ് തിരികെപ്പിടിക്കാനുള്ള വരവു കൂടിയാണിത്. പായിപ്പാട്ടുകാർ ഇതു പറയാൻ ഒരു കാരണം കൂടിയുണ്ട്.
പായിപ്പാടൻ ഹാട്രിക് മുത്തമിട്ടപ്പോൾ തുഴഞ്ഞതു കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് (കെടിബിസി). അന്നു പായിപ്പാടൻ ചുണ്ടൻ ഒരെണ്ണം മാത്രമായിരുന്നു.
അതിപ്പോൾ ചുണ്ടൻ 2 എന്നാണ് അറിയപ്പെടുന്നത്.
2024ൽ നീരണഞ്ഞ പായിപ്പാടൻ 1 ലാണു കെടിബിസി തുഴയുക. കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനത്തു നിന്നു നീന്തി ചാംപ്യനാകാൻ കുമരകത്ത് ചുണ്ടനും ക്ലബ്ബും തകൃതിയായി താളമിടുമ്പോൾ അച്ചൻകോവിലാറിന്റെ തീരത്തെ പായിപ്പാടൻ വള്ളപ്പുരയിൽ അതിന്റെ ചർച്ചകൾ ഓളം വെട്ടുകയാണ്.
‘‘പായിപ്പാട്ടാറ്റിൽ വള്ളംകളി… ’’പാട്ടു പോലെ നെഹ്റു ട്രോഫി കഴിഞ്ഞാലും കപ്പടിച്ചാലും പായിപ്പാടനു വിശ്രമമില്ല.
സിബിഎലും പായിപ്പാട് ജലോത്സവവും അങ്ങനെ… കളികൾ തുടരുന്നു. നിലവിളക്കുപോലും വിറ്റു സ്വരുക്കൂട്ടിയ പണം ഷെയറായി നൽകിയ നാട്ടുകാർ പലരും പറയുന്നതൊന്നു മാത്രം– ലക്ഷങ്ങളല്ല; ലക്ഷ്യമാണ് പ്രധാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]