
ആലപ്പുഴ ∙ റഷ്യൻ–യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ തളിർക്കുമ്പോൾ ഇതേ യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു. യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവും ചേർത്തല എസ്എൻപുരം മംഗലശേരി വീട്ടിൽ വിനായക മൂർത്തിയുമാണ് ഇന്നലെ ചേർത്തല കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ മിന്നും മാലയും ചാർത്തിയത്.
മിസൈലുകളെയും ബോംബുകളെയും തോൽപിച്ച തീവ്രപ്രണയകാലത്തിനൊടുവിലാണ് രണ്ടുദിവസം മുൻപ് ശിവഗിരിയിൽ ഇവർ ആചാര പ്രകാരം വിവാഹം നടത്തി.
ഇംഗ്ലിഷ് അധ്യാപകനായ വിനായക മൂർത്തി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇംഗ്ലിഷ് പഠിപ്പിക്കുമ്പോഴാണ് 2021ൽ കീവിലെ യൂലിയയെ പരിചയപ്പെടുന്നത്. അധികം വൈകാതെ യൂലിയയെ കാണാൻ വിനായക മൂർത്തി യുക്രെയ്നിലേക്കു പുറപ്പെട്ടു.
അവിടെ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. പക്ഷേ അപ്പോഴേക്ക് യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം തുടങ്ങിയിരുന്നു.
യൂലിയയുടെ അനുജത്തിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷം കഴിഞ്ഞ് യൂലിയയുടെ കുടുംബവും വിനായക മൂർത്തിയും രാത്രി വീട്ടിലേക്ക് മടങ്ങിവരും വഴി വീടനടുത്തുള്ള വിമാനത്താവത്തിൽ റഷ്യ ബോംബിട്ടു.
വീട് ഉപേക്ഷിച്ച് എല്ലാവരും പോയ കൂട്ടത്തിൽ ഇവരും ദൂരെയുള്ള ഗ്രാമത്തിലെത്തി.
അവിടെ കഴിഞ്ഞ് 12–ാം ദിവസം സമീപത്തെ ആണവനിലയം റഷ്യ തകർക്കുമെന്ന അഭ്യൂഹം പരന്നതോടെ യൂലിയയുടെ പിതാവ് അനുജത്തിമാരെയും അമ്മയെയും വിനായക മൂർത്തിയുടെ കൂടെ പോളണ്ടിലേക്കു ട്രക്കിൽ കയറ്റിവിട്ടു. പക്ഷേ ഇടയ്ക്കുവച്ച് വിനായക മൂർത്തിക്കു നിയമ പ്രശ്നങ്ങൾ മറികടക്കാൻ റുമാനിയയിൽ ഇന്ത്യൻ എംബസിയിൽ പോകേണ്ടിവന്നു.
യൂലിയ അമ്മയോടും അനുജത്തിമാരോടും കൂടെ പോളണ്ടിൽ എത്തി.
പിന്നീട് യൂലിയ ജർമനിയിൽ അധ്യാപികയായി. വിനായക മൂർത്തി നാട്ടിലേക്കു മടങ്ങി.
ഇതിനിടെ യൂലിയ വിനായക മൂർത്തിയെ കാണാൻ ഒരുമാസം കേരളത്തിലെത്തി താമസിച്ചു മടങ്ങി. ഇതിനിടെ വിനായക മൂർത്തിക്ക് ഉസ്ബെക്കിസ്ഥാനിൽ അധ്യാപകനായി ജോലി ലഭിച്ചു. 2024ൽ വിവാഹം തീരുമാനിച്ചെങ്കിലും നിയമ തടസ്സങ്ങളുണ്ടായി. തടസ്സങ്ങൾ നീക്കി 4ദിവസം മുൻപ് പിതാവിനോടൊപ്പം ചേർത്തലയിൽ വന്ന യൂലിയ വിനായക മൂർത്തിയുടെ ജീവിതസഖിയായി മാറി.
യൂലിയ 23ന് ജർമനിയിലെ ജോലി സ്ഥലത്തേക്കും പിന്നാലെ വിനായക മൂർത്തി ഉസ്ബെക്കിസ്ഥാനിലേക്കും പോകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]