
അപകട പരമ്പരയ്ക്കു ശേഷവും നടപടിയില്ല; ആലപ്പുഴ ബൈപാസ് ഇരുട്ടിൽത്തന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ വെളിച്ചക്കുറവ് മൂലം നിരന്തരം അപകടമേഖലയായ ആലപ്പുഴ ബൈപാസ് കഴിഞ്ഞ ദിവസം നടന്ന അപകട പരമ്പരയ്ക്കു ശേഷവും കൂരിരുട്ടിൽ തന്നെ. കഴിഞ്ഞ വെള്ളി പുലർച്ചെ ഒന്നരയോടെ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്ത അപകടവും, വ്യാഴാഴ്ച രാത്രി 11ന് കാർ തലകീഴായി മറിഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളടക്കം നാല് പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടവും സംഭവിച്ചിരുന്നു.
രണ്ട് അപകടങ്ങൾക്കും പ്രധാന കാരണമായത് വെളിച്ചക്കുറവാണെന്നു പൊലീസും ദൃക്സാക്ഷികളും അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വഴി വിളക്കുകൾ തെളിയിക്കാൻ ദേശീയപാത അതോറിറ്റി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വിജയപാർക്കിനു സമീപം ബൈപാസിന്റെ ഉയരപ്പാതയിലാണ് എറണാകുളത്തേക്ക് മത്സ്യവുമായി പോയ കണ്ടെയ്നർ ലോറിയും കൊല്ലത്തേക്ക് മദ്യവുമായി പോയ മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. അതേ രാത്രി തന്നെയാണ് നിയന്ത്രണം തെറ്റിയ കാർ കൊമ്മാടി മലബാർ ഹോട്ടലിനു സമീപം താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ നാല് പേർക്ക് പരുക്കേറ്റതും.
മാസങ്ങളായി ആലപ്പുഴ ബൈപാസിലെ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. ഉദ്ഘാടനത്തിനു ശേഷം അടിക്കടി അപകടങ്ങളുണ്ടാകുന്ന ആലപ്പുഴ ബൈപാസിൽ വെളിച്ചമില്ലാതാകുന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകുന്നതിനായി ചാലുകൾ ഉണ്ടെങ്കിലും ഇവയിൽ ചെളി വന്നതടിയുന്നതു മൂലം ബൈപാസിന്റെ പല ഭാഗത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. വെളിച്ചമില്ലാത്തതിനാൽ വെള്ളക്കെട്ടുകൾ കാണാൻ കഴിയാതെ വരുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
ബൈപാസിലെ വഴി വിളക്കുകൾ തെളിയിക്കേണ്ട ചുമതല ദേശീയപാതയുടെ കരാർ കമ്പനിക്കാണ്. എന്നാൽ വിളക്കുകൾ കണ്ണടച്ചിട്ടു മാസങ്ങളായെങ്കിലും കമ്പനി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ചില സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ വഴി വിളക്കുകൾ കത്തിക്കിടക്കുകയും രാത്രി ഇവ കത്താതിരിക്കുകയും ചെയ്യുന്നുണ്ട്. ബൈപാസിൽ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും വഴി വിളക്കുകൾ തെളിയിക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കരാറുകാർ പുലർത്തുന്നതെന്ന് പരാതിയുണ്ട്.