കായംകുളം ∙ മകൻ അഭിയാനെയും ഡോക്ടറായി കാണാനായിരുന്നു നൂറനാട് ഗവ.ആശുപത്രിയിലെ അസി.സർജൻ ഡോ.മുജീബ് റഹ്മാന്റെ ആഗ്രഹം. ഉപ്പയുടെ സ്വപ്നത്തിലേക്ക് ഒരുപടികൂടി അടുത്തെങ്കിലും അതിനിടെ കടന്നുവന്ന മരണം അഭിയാനെ തട്ടിയെടുത്തു.
കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച പുളിമുക്ക് അലങ്കാർ ഹൗസിൽ അഭിയാൻ മുജീബ് (21) പെരുന്നാൾ ആഘോഷത്തിനായി നാളെ വീട്ടിൽ എത്തുന്ന സന്തോഷത്തിലായിരുന്നു കുടുംബം.
ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതക്കാലിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മലബാർ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ അഭിയാൻ മരിച്ചത്. ബുധൻ രാത്രിയിലും അഭിയാൻ വീട്ടിലേക്കു വിളിച്ചിരുന്നു.
പെരുന്നാൾ ആഘോഷത്തിനായി നാളെ വരുമെന്നും സുഹൃത്തുക്കളുമൊത്താണ് കായംകുളത്തേക്ക് വരുന്നതെന്നും അറിയിച്ചിരുന്നു. എന്നാൽ അലങ്കാർ ഹൗസിലെ ചിരിമുഖമായിരുന്ന അഭിയാന്റെ ചേതനയറ്റ ശരീരമാണ് ഇന്നു പുലർച്ചെ പിതാവിന്റെ കരുനാഗപ്പള്ളിയിലെ കുടുംബ വീട്ടിലേക്കെത്തുക.
കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു.
ഇന്ന് രാവിലെ 10ന് വെളുത്തമണൽ ജുമാ മസ്ജിദിലാണ് കബറടക്കം. അലങ്കാർ ഇവന്റ് കാറ്ററിങ് ഉടമ ഇബ്രാഹിംകുട്ടിയുടെ ചെറുമകനാണ്.
മൂന്നു വർഷം മുൻപ് അഭിയാന്റെ മാതൃ സഹോദരൻ ഷെരീഫ് വിടവാങ്ങിയിരുന്നു. അതിന്റെ നൊമ്പരത്തിൽ നിന്ന് കുടുംബം കരകയറി വരുന്നതിനിടെയാണ് അഭിയാനും യാത്രയായത്.
ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് 3 എംബിബിഎസ് വിദ്യാർഥികൾ മരിച്ചു
കൊയിലാണ്ടി ∙ കൊയിലാണ്ടി– ഉള്ളിയേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡക്റ്റിനു സമീപം ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു കാനയിലേക്കു മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്കു ദാരുണാന്ത്യം.
ഉള്ളിയേരി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥി കൊല്ലം തൊടിയൂർ വടക്ക് വേങ്ങറ തുളസി നന്ദനത്തിൽ എം.കെ.നന്ദകിഷോർ (കിച്ചു– 23), ഒന്നാം വർഷ വിദ്യാർഥികളായ കായംകുളം കീരിക്കാട് തെക്ക് തുണ്ടത്തിൽ അലങ്കാർ ഹൗസിൽ അഭിയാൻ എം. റഹ്മാൻ (19), പാലക്കാട് എടത്തനാട്ടുകര നാലുകണ്ടം ചെക്കത്ത് കളത്തിൽ എസ്.അഭിനവ് (20) എന്നിവരാണു മരിച്ചത്.
ഇന്നലെ പുലർച്ചെ 1.40 ന് ഇവർ സഞ്ചരിച്ച സ്കൂട്ടർ പോസ്റ്റിലും മതിലിലും ഇടിച്ച് സമീപത്തെ ഓവുചാലിലേക്കു മറിയുകയായിരുന്നു.
മൂന്നു പേരെയും പ്രദേശവാസികൾ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഉള്ളിയേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്കാണു സ്കൂട്ടർ പോയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ ദുരൂഹതയില്ലെന്നും സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.
സ്കൂട്ടറിൽ മറ്റേതോ വാഹനം ഇടിച്ചതായി പരിസരവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു.
പാലക്കാട് എടത്തനാട്ടുകര നാലുകണ്ടം ചെക്കത്തു കളത്തിൽ സി.കെ. സുരേഷിന്റെയും മലപ്പുറം മേലങ്ങാടി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രജിതയുടെയും മകനായ അഭിനവ് ഹോസ്റ്റലിലായിരുന്നു താമസം.
സഹോദരൻ: നവനീത്. വിദേശത്തുള്ള സുരേഷ് എത്തിയ ശേഷം സംസ്കാരം ഇന്നു നടക്കും.
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ഡോ.മുജീബ് റഹ്മാന്റെയും ഷിജിലയുടെയും മകനായ അഭിയാൻ ഹോസ്റ്റലിന് പുറത്തായിരുന്നു താമസം.
മൃതദേഹം കീരിക്കാട് തെക്ക് അലങ്കാർ ഹൗസിൽ എത്തിച്ചു. അഭിയാന്റെ മൃതദേഹം ഇന്നു രാവിലെ കായംകുളത്തുള്ള വീട്ടിൽ നിന്നു തൊടിയൂരിലെ ചേമത്തറയിലെ വീട്ടിൽ കൊണ്ടു വന്ന ശേഷം രാവിലെ 10 നു കരുനാഗപ്പള്ളി വെളുത്തമണൽ ജമാഅത്ത് പള്ളിയിൽ കബറടക്കും.
സഹോദരി: അലീഷ .
കരുനാഗപ്പള്ളി വേങ്ങര തൊടിയൂർ നോർത്ത് തുളസി നന്ദനത്തിൽ എം.ബി.കിഷോറിന്റെയും ആർ.ബിന്ദുവിന്റെയും മകനാണു നന്ദകിഷോർ. കിഷോർ ദുബായിൽ നിന്ന് ഇന്നലെ വൈകിട്ട് വീട്ടിലെത്തി.
സഹോദരി: നവമി. സംസ്കാരം ഇന്ന് 11.30 നു മാലുമേൽ ഗ്രൗണ്ടിനു സമീപം തുളസി നന്ദനത്തിൽ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

