മാവേലിക്കര∙ ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ പ്രധാനമാണ് ജീവത എഴുന്നള്ളത്ത്. സഞ്ചരിക്കുന്ന ശ്രീകോവിലായും ഭക്തർ ജീവതയെ കണക്കാക്കുന്നു.
കുംഭഭരണി ആവേശത്തിൽ ആറാടുന്ന ചെട്ടികുളങ്ങരയിൽ ഭരണിയുടെ അവസാന ചടങ്ങായ കാഴ്ചക്കണ്ടത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തും ജീവതയിലാണ്. ദേവിയുടെ രഥമാണ് തോളിലേറ്റുന്ന ജീവത. അതിൽ ദേവി കുടികൊള്ളുന്നു എന്നാണു സങ്കൽപം. ആലിലയെക്കാൾ വലുപ്പമുള്ള 19 കണ്ണാടികളും സ്വർണത്തിൽ തീർത്ത ഒട്ടേറെ കുമിളകളും ജീവതയിലുണ്ട്.
തോളിൽ വയ്ക്കുന്ന തണ്ടിൽ പിച്ചളക്കെട്ടുണ്ട്. സാധാരണ ക്ഷേത്രങ്ങളിലെ ജീവതയുടെ മുന്നിലെ മേൽക്കൂടാരം വട്ടത്തിലാണെങ്കിൽ ചെട്ടികുളങ്ങരയിലേതു ഗോപുരം പോലെയാണ്.
ചെട്ടികുളങ്ങര ദേവി കരകളിലേക്ക് പറയെടുപ്പിനായി എഴുന്നള്ളുന്നതും ജീവതയിലേറിയാണ്.
മകരത്തിലെ മകയിരത്തിൽ ഈരേഴതെക്ക് ഈരിക്കൽ ചെമ്പോലിൽ വീട്ടിലെ കൈനീട്ടപ്പറയിൽ തുടങ്ങി മീനത്തിലെ അശ്വതിയിലാണു പറയ്ക്കെഴുന്നള്ളത്ത് തീരുന്നത്. അതിനിടയ്ക്കാണ് കുംഭഭരണി, 13 ദിവസത്തെ എതിരേൽപ് എന്നിവ നടക്കുന്നത്.
നാട്ടുവഴികളിലൂടെയും എള്ളുപാടങ്ങളിലൂടെയുമെല്ലാം ജീവതയിലേറി ഭഗവതി പറയെടുപ്പിനായി ഭക്തരുടെ വീടുകളിലേക്ക് പോകുന്നത് ചെട്ടികുളങ്ങരയിലെ പ്രധാന ചടങ്ങുകളിലൊന്നാണ്.
ജീവത തോളിലേറ്റുന്ന തിരുമേനി ജീവതയിലെ ദേവിയെ നോക്കി ചുവടുവച്ചു കളിപ്പിക്കുക എന്നതാണു ചെട്ടികുളങ്ങരയിലെ ചിട്ട. ജീവതയെടുക്കുന്ന തിരുമേനി തല മേലോട്ട് വച്ച് ചരിഞ്ഞു ദേവിയെ നോക്കിയാണു കളിപ്പിക്കുന്നത്.
ചില ക്ഷേത്രങ്ങളിൽ ഭൂമിദേവിയെ നോക്കി ജീവതയെടുക്കുന്നു എന്ന സങ്കൽപ്പത്തിൽ താഴേക്കു നോക്കിയാണ് ഇതു ചെയ്യുന്നത്.
ദേവി ജീവതയിൽ എഴുന്നള്ളുമ്പോൾ രണ്ട് വീക്കുചെണ്ട, രണ്ട് ഉരുട്ടുചെണ്ട, മദ്ദളം, ഇലത്താളം, ചുക്കുവിളക്ക്, പാണിവിളക്ക്, രാത്രിയാണെങ്കിൽ കുത്തുവിളക്ക്, രണ്ട് മെഴുവട്ടം തുടങ്ങിയവ അകമ്പടിയായി ഉണ്ടാവും. അൻപൊലിക്ക് എഴുന്നള്ളിക്കുമ്പോൾ രാത്രി ചുക്കുവിളക്ക് ഉണ്ടാവും.
പറയ്ക്കെഴുന്നള്ളത്തിന് അൻപൊലിയുള്ള വീടുകളിൽ മൂന്നു തരം ചുവടാണു ജീവതയുമായി കളിക്കുക. ഏകതാളം, പതിഞ്ഞ താളം, ഓട്ടപ്രദക്ഷിണം എന്നിവയാണത്. വീക്കുചെണ്ടയുടെ താളത്തിനനുസരിച്ച് ജീവത എഴുന്നള്ളിക്കുന്ന തിരുമേനി ചുവടുവയ്ക്കും.
അമ്മയെ കാണാൻ ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂരിലേക്ക് പോകുന്നതാണ് മീനത്തിലെ അശ്വതി ഉത്സവത്തിന്റെ പ്രാധാന്യം.
അന്നും കെട്ടുകാഴ്ചകൾ അണിനിരക്കും. കുംഭഭരണി നാളിലേതിൽ നിന്നു വ്യത്യസ്ഥമായി നാടിന്റെ നാനാ ദിക്കിൽ നിന്നും ചെറിയ കെട്ടുകാഴ്ചകൾ ഉൾപ്പെടെ എത്തും.
മീനത്തിലെ അശ്വതി ഉത്സവം കഴിഞ്ഞ് ഭരണി നാളിൽ പുലർച്ചെയാണ് ദേവിയുടെ കൊടുങ്ങല്ലൂരിലേക്കുള്ള യാത്ര. ഇതിനു മുൻപായി ജീവതയിലേറി കെട്ടുകാഴ്ചകൾക്കു മുൻപിലെത്തി അനുഗ്രഹം ചൊരിയും.
തുടർന്ന് കരക്കാരോടും മേൽശാന്തിയോടും യാത്ര ചോദിച്ച് വടക്കേ നടയിലൂടെ കൊടുങ്ങല്ലൂരിലേക്ക് യാത്രയാകും. യാത്ര ചോദിക്കൽ ഉൾപ്പെടുന്ന ഈ ചടങ്ങും ജീവതയിലേറിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

