ഇത് സർവീസ് തോട്
തുറവൂർ ∙ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ കാനയിലും ചെളിയിലും കുടുങ്ങിപ്പോകുന്നത് പതിവാകുന്നു. ബുധനാഴ്ച ഒറ്റമഴ പെയ്തതോടെ വഴി ചെളിനിറഞ്ഞ തോടായി മാറി.
പഴയ ദേശീയപാത സെന്റ് മേരീസ് പള്ളിയുടെ മുന്നിൽ നിന്നും പഴയപാലം വഴി കൊച്ചുവെളിക്കവല വരെ എത്തുന്നതു കൊണ്ട് ഗതാഗതം വഴിതിരിച്ചു വിടാൻ കഴിയാറുണ്ട്. ഒന്നിലേറെ ദീർഘദൂര ബസുകൾ ചരക്കുലോറികൾ എന്നിവ തകർന്ന ഓടയിലും ചെളിക്കുഴിയിലും വീണ് അപകടപ്പെട്ടിട്ടുണ്ട്. തകർന്നു കിടക്കുന്ന റോഡും ഓടയും ഉടൻ പുനർനിർമിച്ച് യാത്രക്കാരുടെ ദുരിതങ്ങൾ ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ചന്തിരൂർ മാർക്കറ്റിലേക്കും മറ്റും മത്സ്യം കയറ്റി എത്തുന്ന വാഹനങ്ങളും തകർന്ന റോഡിൽപെട്ട പോകുന്നത് സാധാരണമാണ്.
ഇത്തരത്തിൽ നിരവധി വാഹനങ്ങൾ ഈ ഭാഗത്ത് കാനയിലും ചെളിക്കുഴിയിലും വീണ് മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിടുന്നുണ്ട്.
സ്ഥലമെടുപ്പ് നടപടി പൂർത്തിയായില്ല; റാംപ് നിർമാണം അനിശ്ചിതത്വത്തിൽ
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ റാംപ് വരുന്ന പാട്ടുകുളങ്ങരയിൽ സ്ഥലമെടുപ്പ് നടപടി പൂർത്തിയായില്ല. റാംപിന്റെ നിർമാണം അനിശ്ചിതത്വത്തിൽ.
സർക്കാർ ഉടമസ്ഥതയിലുള്ള, റജിസ്ട്രാർ ഒാഫിസിലെ സ്ഥലവും പഴയ കെട്ടിടവുമാണ് റാംപിനായി ഏറ്റെടുക്കുന്നത്. ഇതിൽ സ്ഥലത്തിന്റെ വാലുവേഷൻ പൂർത്തിയായി.
എന്നാൽ കെട്ടിടത്തിന്റെ വാലുവേഷൻ നടപടികൾ പൂർത്തിയാകാത്തതാണു റാംപിന്റെ നിർമാണത്തിന് തടസ്സമായി നിൽക്കുന്നത്.
നിലവിൽ റാംപിന്റെ 50 ശതമാനം ജോലികളും പൂർത്തിയായി ഇനി സർവീസ് റോഡുമായി ചേരുന്ന ഭാഗത്ത് സ്ഥലമെടുപ്പ് പൂർത്തിയാക്കി ദേശീയപാതയ്ക്കു സ്ഥലം കൈമാറിയാൽ മാത്രമേ നിർമാണം നടക്കുകയുള്ളൂ. അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാതയിൽ രണ്ടിടങ്ങളിലാണ് വാഹനങ്ങൾ ഇറങ്ങുന്നതിനു റാംപ് വരുന്നത്.
കുത്തിയതോട്ടും ചന്തിരൂരിലും. കൊച്ചിയിൽ നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂർ ജംക്ഷനിൽ ഇറങ്ങണമെങ്കിൽ കുത്തിയതോട് റാംപിൽ ഇറങ്ങണം.
ഇതുവഴി തുറവൂർ –തൈക്കാട്ടുശേരി റോഡ് ,തുറവൂർ–ടിഡി റോഡ് എന്നിവിടങ്ങളിലേക്ക് തുറവൂർ ജംക്ഷനിലെ അടിപ്പാത വഴി പോകാൻ സാധിക്കും ഇല്ലെങ്കിൽ 4 കിലോ മീറ്റർ ചുറ്റി പത്മാക്ഷിക്കവലയിലുള്ള അടിപ്പാത വഴി തിരിച്ച് തുറവൂരിൽ എത്തിയാൽ മാത്രമേ ഇരു ഭാഗങ്ങളിലേക്കും പോകാനാവൂ.
നിലവിൽ കുത്തിയതോട് പാലത്തിനു സമീപത്ത് നിന്നു പാട്ടുകുളങ്ങര റജിസ്ട്രാർ ഒാഫിസിന് മുന്നിൽ വരെ റാംപിന്റെ നിർമാണം പൂർത്തിയായി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയിലാണെന്നാണ് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം പറയുന്നത്.
കലുങ്ക് നിർമാണത്തിന് പൊളിച്ച റോഡ് നന്നാക്കിയില്ല
മാരാരിക്കുളം∙ആര്യാട് പഞ്ചായത്ത് 13–ാം വാർഡിൽ സെന്റ് പീറ്റേഴ്സ് ദേവാലയത്തിന് സമീപം കലുങ്ക് നിർമാണത്തിനായി റോഡ് കുത്തിപ്പൊളിച്ചിട്ടിട്ട് മാസങ്ങളാകുന്നു. തണ്ണീർമുക്കം–ആലപ്പുഴ റോഡിൽ അവലൂക്കുന്ന് എസ്ബിഐ ശാഖയുടെ സമീപത്ത് നിന്ന് തുടങ്ങി പടിഞ്ഞാറ് വ്യാസപുരം–രാമവർമ റോഡിൽ അവസാനിക്കുന്ന ഈ റോഡിനെ ആയിരക്കണക്കിന് ജനങ്ങളാണ് ആശ്രയിക്കുന്നത്. കലുങ്ക് നിർമാണത്തിന്റെ പേരിൽ പൊളിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കിലോ മീറ്ററുകൾ സഞ്ചരിച്ച് വേണം ലക്ഷ്യ സ്ഥാനത്ത് എത്താൻ.
കെൽട്രോൺ -കുമ്പളങ്ങി പാലം പണി നിലച്ചു
തുറവൂർ ∙ പ്രാദേശിക തൊഴിലാളി യൂണിയൻ തൊഴിലാളികളെ പണിക്കെടുക്കണമെന്ന ആവശ്യത്തെത്തുടർന്ന് കെൽട്രോൺ -കുമ്പളങ്ങി പാലംപണി നിലച്ചു.
കുമ്പളങ്ങി- അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള പാലം നിർമിക്കുന്നതിന് 35.36 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 32 മീറ്റർ നീളത്തിൽ 8 സ്പാനുകളിലാണു പാലം നിർമിക്കുന്നത്.
കുമ്പളങ്ങി പഞ്ചായത്ത് പരിധിയിൽ
നിന്നാണ് പാലം പണി ആരംഭിച്ചത്. എന്നാൽ പ്രാദേശിക തൊഴിലാളികളെ പണിക്കെടുക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ ആവശ്യത്തെത്തുടർന്ന് പണി നിർത്തി വയ്ക്കുകയായിരുന്നു.
കഴിഞ്ഞ മാസം 18ന് നിർമാണം തുടങ്ങാനായിരുന്നു തീരുമാനം. പാലം പണിയുടെ പൈലിങ്ങിനായി ബാർജും മറ്റ് യന്ത്രസാമഗ്രികളും എത്തിച്ചിട്ടുണ്ട്.
എന്നാൽ ചങ്ങാടസർവീസ് മാറ്റാതിരുന്നതിനാൽ നിർമാണം വൈകി. ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ.
നിലവിൽ കായലിൽ പൈലിങ് ജോലിയാണ് നടക്കുന്നത്.
ഇതിന് വിദഗ്ധരായ തൊഴിലാളികളെ ആവശ്യമുണ്ട്. അതിനാൽ പ്രാദേശിക ട്രേഡ് യൂണിയനിൽപെട്ട് തൊഴിലാളികളെ നിർത്താൻ സാധിക്കില്ലെന്നാണ് കരാറുകാരൻ പറയുന്നത്. പാലത്തിന്റെ ഇരു കരകളിലും അപ്രോച്ച് റോഡും നിർമിക്കണം.
കുമ്പളങ്ങി കരയിൽ 100 മീറ്റർ ദൈർഘ്യത്തിൽ ഇതിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അരൂരിൽ 160 മീറ്ററാണു അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]