ഉൾക്കൊള്ളാനാകാതെ നാട്ടുകാർ
തോട്ടപ്പള്ളി ∙ ഹംലത്തിന്റെ കൊലപാതകത്തിൽ ഞെട്ടലിലും പിന്നെ സങ്കടത്തിലുമായ നാട് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രം – ‘‘ആരോടും ശത്രുതയില്ലാതെ ജീവിച്ച ഹംലത്തിനെ ക്രൂരമായി കൊലപ്പെടുത്തിയവരെ എത്രയും പെട്ടെന്നു പിടികൂടണം.’’ അയൽവാസികളുടെ സഹായിയായി ജീവിച്ച ഹംലത്തിന്റെ ദാരുണമായ അന്ത്യം നാട്ടുകാർ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. വിവരം അറിഞ്ഞു വീട്ടിലേക്ക് പ്രദേശവാസികൾ ഒഴുകിയെത്തി.
രാത്രി വൈകി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയപ്പോൾ സമീപവാസികളായ വീട്ടമ്മമാർ വിങ്ങിപ്പൊട്ടി.
പരേതനായ സെയ്ദു മുഹമ്മദിന്റെ മകളാണു ഹംലത്ത്. മാതാപിതാക്കളുടെ മരണശേഷം വീട്ടിൽ തനിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്.
അയൽവാസികളായിരുന്നു ഹംലത്തിന്റെ ബന്ധുക്കൾ. ഹംലത്തിന്റെ അവസ്ഥ മനസ്സിലാക്കി എല്ലാവരും ഇവരെ സഹായിക്കാനും മുന്നിട്ടിറങ്ങി.
സുരക്ഷിതമായ കിടപ്പാടവും ഒരുക്കി നൽകി. സർക്കാർ അഗതികൾക്കായി നൽകിയിരുന്ന പെൻഷൻ ഇവർക്കു കിട്ടിയിരുന്നു.
ഇതു തുടർന്നും കിട്ടുന്നതിനു ജമാഅത്ത് കമ്മിറ്റിയുടെ കത്തിനായി ഹംലത്ത് തോട്ടപ്പള്ളി മുസ്ലിം ജമാഅത്തിനെ കഴിഞ്ഞ ദിവസം സമീപിച്ചു.
ജമാഅത്ത് കമ്മിറ്റി ഇന്നലെ കത്തു തയാറാക്കി കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണു ഹംലത്ത് കൊല്ലപ്പെട്ടത്.
അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. വീടിനു പൊലീസ് കാവലൊരുക്കി.
ജമാഅത്ത് കമ്മിറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണു ഹംലത്തിന്റെ കബറടക്കം ഇന്നു നടക്കുക.
അമ്പലപ്പുഴ ∙ തനിച്ചു താമസിച്ചിരുന്ന സ്ത്രീയെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണു (62) കൊല്ലപ്പെട്ടത്.
കിടപ്പുമുറിയിൽ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്. അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.
സമീപ വീടുകളിൽ സഹായിയായി പോകുന്ന ഹംലത്തിനെ ഇന്നലെ പകൽ മുഴുവൻ പുറത്തു കാണാതിരുന്നതിനെ തുടർന്നു പ്രദേശവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. അടുക്കളവാതിൽ തുറന്ന നിലയിലായിരുന്നു.
കിടപ്പുമുറിയിലും അടുക്കളയിലും മുളകുപൊടി വിതറിയിരുന്നു.
വീട്ടിലെ വൈദ്യുതി ലൈനുകൾ വിഛേദിച്ചിട്ടുണ്ട്. മുറിയിൽ വസ്ത്രങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ട
നിലയിലാണ്. ഹംലത്ത് ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണുന്നില്ലെന്ന് അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.ശനി രാത്രി 11 വരെ ഇവർ വീടിനുള്ളിൽ ഉണ്ടായിരുന്നതായും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപെട്ടില്ലെന്നും അയൽവാസികൾ പറഞ്ഞു.രാത്രി വൈകി ഫൊറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും വീടിനുള്ളിൽ പരിശോധന നടത്തി.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തോട്ടപ്പള്ളി മുസ്ലിം ജമാ അത്ത് പള്ളിയിൽ കബറടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]