
തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയംവച്ചു; 7 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു: കീഴ്ശാന്തി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ ∙ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ താൽക്കാലിക കീഴ്ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റി(40) അറസ്റ്റിൽ. എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തു നിന്ന് അരൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. വിഷുദിവസം വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം അധികൃതർ നൽകിയ തിരുവാഭരണങ്ങളുമായി രാമചന്ദ്രൻ പോറ്റി കടന്നുകളയുകയായിരുന്നു.15 പവന്റെ ആഭരണങ്ങൾ ഫെഡറൽ ബാങ്കിന്റെ തേവര ശാഖയിൽ പ്രതി പണയപ്പെടുത്തിയെന്നും ഇതിലൂടെ ലഭിച്ച 7 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്നും പൊലീസ് കണ്ടെത്തി.
ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ 5 പവൻ വരുന്ന കിരീടം രാമചന്ദ്രൻ പോറ്റി പണയപ്പെടുത്തിയില്ല. ഇത് പ്രതിയിൽ നിന്നു പൊലീസ് കണ്ടെടുത്തു.ക്ഷേത്രത്തിൽ ആകെയുണ്ടായിരുന്ന 23.5 പവന്റെ തിരുവാഭരണത്തിൽ 3.5 പവൻ മോഷണം പോയിരുന്നില്ല. എന്നാൽ ഇതു മുക്കുപണ്ടമാണെന്നു പൊലീസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഈ ആഭരണം രാമചന്ദ്രൻ പോറ്റി നേരത്തെ മോഷ്ടിച്ച് ഫെഡറൽ ബാങ്കിന്റെ കുമ്പളങ്ങി ശാഖയിൽ പണയം വച്ച ശേഷം ഇതേ മാതൃകയിലുള്ള മുക്കുപണ്ടം നിർമിച്ച് ക്ഷേത്രം ഭാരവാഹികൾക്കു നൽകുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി.
വിഷു ഉത്സവത്തോടനുബന്ധിച്ച് വിഗ്രഹത്തിൽ ചാർത്താൻ 13ന് രാത്രിയാണു കിരീടവും മാലകളും അടങ്ങുന്ന ആഭരണങ്ങൾ ക്ഷേത്രം ദേവസ്വം അധികൃതർ രാമചന്ദ്രൻ പോറ്റിക്കു കൈമാറിയത്. 14ന് ഉച്ചപ്പൂജയ്ക്കു ശേഷം ആഭരണങ്ങൾ തിരികെ ദേവസ്വത്തിൽ എത്തിക്കാൻ ദേവസ്വം അധികൃതർ പറഞ്ഞിരുന്നെങ്കിലും വൈകിട്ട് നൽകാമെന്ന് പറഞ്ഞ രാമചന്ദ്രൻ പോറ്റി പിന്നീട് ഇതുമായി മുങ്ങി. വൈകിട്ട് പുജ നടത്തുന്നതിന് മറ്റൊരു ശാന്തിയെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. ക്ഷേത്രം ഭാരവാഹികൾ ഉടൻ അരൂർ പൊലീസിൽ പരാതി നൽകി.
14ന് വൈകിട്ട് നാലിനു ശേഷം രാമചന്ദ്രൻ പോറ്റിയുടെ മൊബൈൽ സ്വിച്ച് ഓഫായെങ്കിലും 15ന് രാവിലെ അൽപസമയം തേവര ഭാഗത്തു വച്ച് ഫോൺ പ്രവർത്തിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സ്വർണം പണയം വയ്ക്കാൻ ബാങ്കിൽ എത്തിയ പ്രതി ഇതിനായി വന്ന ഒടിപി നോക്കാനാണ് ഫോൺ ഓൺ ആക്കിയത്. ഇതോടെ പ്രതി എറണാകുളത്ത് ഉണ്ടെന്ന് തീർച്ചയാക്കിയ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി കുടുങ്ങി. രാമചന്ദ്രൻ പോറ്റിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
മൊബൈൽ ഒാണായി; പിടിവള്ളിയായി ഒടിപി
തുറവൂർ∙ തിരുവാഭരണ മോഷണക്കേസിൽ പ്രതിയെ കുടുക്കിയത് സ്വന്തം മൊബൈലിലേക്ക് വന്ന ഒടിപി. എഴുപുന്നയിൽ നിന്നു 20 പവൻ തിരുവാഭരണങ്ങളുമായി കടന്ന രാമചന്ദ്രൻ പോറ്റി മുങ്ങിയതു മുതൽ പൊലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ട് നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് രാമചന്ദ്രൻ പോറ്റിയുടെ ഫോൺ 15 രാവിലെ തേവരയിൽ ഓൺ ആയതായും അതിലേക്ക് ഒടിപി മെസേജ് വന്നതായും കണ്ടത്.
ബാങ്കിൽ സ്വർണം പണയപ്പെടുത്തുമ്പോൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഫോണിലേക്ക് ഒടിപി വരും. ഇത് എന്റർ ചെയ്താൽ മാത്രമേ ബാങ്കിൽ നിന്നു വായ്പാത്തുക ലഭിക്കു.തേവര ഫെഡറൽ ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്തിയതായും ബാങ്കിൽ നിന്നു 7 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിൽ വന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ രാമചന്ദ്രൻ പോറ്റി എറണാകുളത്ത് തന്നെ ഉണ്ടെന്ന് പൊലീസ് തീർച്ചപ്പെടുത്തിയത്.
കൊല്ലത്തും കൊച്ചിയിലും പഴുതടച്ച് പൊലീസ്
തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി കുടുങ്ങിയത് പൊലീസ് സംഘം മൂന്നായി തിരിഞ്ഞ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ. പ്രതി കൊല്ലം ജില്ലക്കാരനായതിനാൽ രണ്ട് ടീമുകൾ കൊല്ലം ജില്ലയിലും ഒരു ടീം ടെക്നിക്കൽ വിങ്ങായി എറണാകുളം ജില്ലയിലുമാണ് ആദ്യം അന്വേഷണം നടത്തിയത്.രാമചന്ദ്രൻ പോറ്റിയുടെ ഫോൺ അവസാന ലൊക്കേഷൻ രേഖപ്പെടുത്തിയത് എറണാകുളമായതിനാൽ കൊല്ലം ജില്ലയിലേക്ക് പോയ ടീമുകളെ ഉടൻ തിരികെ വിളിച്ച് കൊച്ചിയിലേക്കു വിട്ടു.ആഭരണങ്ങൾ ബാങ്കിൽ പണയം വച്ചതായി മനസ്സിലായതോടെ ഈ പണവുമായി പ്രതി ട്രെയിൻ മാർഗമോ , ദീർഘദൂര ബസുകൾ വഴിയോ സംസ്ഥാനം വിടാൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കലൂർ സ്വകാര്യ ബസ് സ്റ്റാൻഡ്, വൈറ്റില ഹബ് എന്നിവിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് വല വിരിച്ചു..
എന്നാൽ ഇവിടെയൊന്നും പ്രതി എത്തുന്നില്ലെന്നു മനസ്സിലായതോടെ ഇയാൾ പോകാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങൾ കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെയാണ് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തുനിന്ന് ഇയാൾ പിടിയിലായത്. ചേർത്തല എഎസ്പി ഹരീഷ് ജെയിനിന്റെ നേതൃത്വത്തിൽ അരൂർ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രൻ, എസ്ഐമാരായ അജിൻ, ഷക്കീർ, സാജൻ, എഎസ് ഐ:സുധീഷ് ചന്ദ്രബോസ്, സിപിഒമാരായ എസ്.ശ്രീജിത്ത്, റിയാസ്, എം.രതീഷ്, നിധീഷ് മോൻ, അമൽ പ്രകാശ്,എ. അനിൽകുമാർ, വി.വിജേഷ്,ടെൽസൺ തോമസ്, കെ.എൽ.ലിജു, ഷാജിമോൻ എന്നിവർ അടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
‘ടെസ്റ് ഡോസ്’ മോഷണം വിജയിച്ചത് പ്രചോദനമായി
എഴുപുന്ന ക്ഷേത്രത്തിൽ 3 മാസം മുൻപ് സഹായിയായി എത്തിയ രാമചന്ദ്രൻ പോറ്റി തിരുവാഭരണങ്ങളിൽ നിന്ന് നേരത്തെ തന്നെ 3.5 പവൻ കവർന്നിരുന്നു. പകരം ഇതേ മാതൃകയിലുള്ള മുക്കുപണ്ടം തിരുവാഭരണങ്ങൾക്കൊപ്പം വച്ചു. കവർന്ന സ്വർണം കുമ്പളങ്ങയിലെ ബാങ്കിൽ പണയപ്പെടുത്തി പണം വാങ്ങി. പകരം വച്ച മുക്കുപണ്ടം ക്ഷേത്രം അധികൃതർ തിരിച്ചറിയാതിരുന്നതും പ്രതിക്ക് ധൈര്യമേകി. രണ്ടാമതു മോഷ്ടിച്ച തിരുവാഭരണം പണയം വയ്ക്കാൻ തേവരയിലെ ബാങ്കിൽ എത്തിയത് തേവരയിലെ ക്ഷേത്രത്തിൽ ശാന്തിയാണെന്ന് പരിചയപ്പെടുത്തിയാണ്. കൊല്ലം ഫെഡറൽ ബാങ്കിലെ അക്കൗണ്ടുള്ള രാമചന്ദ്രൻ പോറ്റി അതേ അക്കൗണ്ടിലാണ് 15 പവൻ ആഭരണം പണയപ്പെടുത്തി 7 ലക്ഷം രൂപ വാങ്ങിയത്.