ആലപ്പുഴ∙ ജില്ലയിൽ വീണ്ടും സൈബർ തട്ടിപ്പുകൾ രൂക്ഷമാകുന്നു. പുതുവർഷം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും 8.55 കോടി രൂപയുടെ തട്ടിപ്പാണ് ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷനിൽ മാത്രം റജിസ്റ്റർ ചെയ്തത്.
ഇതിനു പുറമേ മറ്റു പൊലീസ് സ്റ്റേഷനുകളിലും സൈബർ തട്ടിപ്പുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം കൂട്ടിയതും മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പ്രതികളെ പിടികൂടിയതും കാരണം കഴിഞ്ഞ മാസങ്ങളിൽ സൈബർ തട്ടിപ്പുകൾ കുറവായിരുന്നു.
ഇപ്പോൾ വീണ്ടും തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിൽ സജീവമായി വലവിരിച്ചിരിക്കുകയാണ്.സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ ജോലി നൽകാമെന്നു വിശ്വസിപ്പിച്ചാണു ബുധനൂർ സ്വദേശിയിൽ നിന്ന് 31.61 ലക്ഷം രൂപ തട്ടിയെടുത്തത്.
സ്വകാര്യ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആണെന്നാണു തട്ടിപ്പുകാർ യുവാവിനെ വിശ്വസിപ്പിച്ചത്. ജനുവരി രണ്ടു മുതൽ അഞ്ചു വരെയുള്ള തീയതികളിൽ 22 തവണയായാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങിയത്. ഓൺലൈൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ബന്ധപ്പെട്ടയാൾ കിടങ്ങറ സ്വദേശിയായ യുവാവിൽ നിന്ന് 15.24 ലക്ഷം രൂപ തട്ടിയെടുത്തു.
ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. ഓഹരിവിപണിയിൽ നിക്ഷേപിച്ചു ലാഭമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം.
തുടർന്നു യുവാവ് ഒക്ടോബർ 31 മുതൽ ഡിസംബർ 17 വരെയുള്ള ദിവസങ്ങളിൽ 18 തവണയായാണു പണം നിക്ഷേപിച്ചത്. ഈ രണ്ടു കേസുകളും
ഹരിപ്പാടു സ്വദേശിയായ 73 വയസ്സുകാരനായ പ്രവാസിയെ കബളിപ്പിച്ചു നടത്തിയ 8.08 കോടി രൂപയുടെ തട്ടിപ്പും ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷനിലാണു റജിസ്റ്റർ ചെയ്തത്.
സമാന സ്വഭാവമുള്ളവയാണു മൂന്നു തട്ടിപ്പും. റസ്റ്ററന്റുകളുടെ ഓൺലൈൻ റിവ്യൂ നൽകുന്നതു വഴി വൻതുക കമ്മിഷനായി നേടാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ ആലപ്പുഴ സ്വദേശിയായ ദമ്പതികൾക്ക് 7,68,616 രൂപ നഷ്ടമായി. ഡിസംബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പു നടന്നത്.
ആലപ്പുഴ കൈതവന സ്വദേശികളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണു കേസെടുത്തത്. സമൂഹമാധ്യമ പരസ്യം വഴി അധികലാഭം വാഗ്ദാനം ചെയ്തു കായംകുളം സ്വദേശിയിൽ നിന്ന് 24,854 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കായംകുളം പൊലീസും അന്വേഷണം നടത്തുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവിടെയും തട്ടിപ്പുകാർ ഇരയെ കുടുക്കിലാക്കിയത്.
1930ൽ വിളിക്കാം
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനു ഇരയായാൽ പെട്ടെന്ന് 1930 എന്ന നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണം. തട്ടിപ്പു നടന്ന് ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഓഹരി നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ്: പ്രവാസിയുടെ 8.08 കോടി രൂപ തട്ടിയടുത്തു
ആലപ്പുഴ∙ ഓഹരി നിക്ഷേപത്തിലൂടെ വൻലാഭം വാഗ്ദാനം ചെയ്തു 73 വയസ്സുകാരനായ പ്രവാസിയെ കബളിപ്പിച്ച് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്തു.
വൻകിട കോർപറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണു തട്ടിപ്പുകാർ ഹരിപ്പാട് സ്വദേശിയെ കബളിപ്പിച്ചത്.
2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 12 വരെ 73 തവണയായി പല ബാങ്ക് അക്കൗണ്ടുകളിലൂടെയാണു പണം കൈപ്പറ്റിയത്. സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത വലിയ സൈബർ തട്ടിപ്പുകളിലൊന്നാണിത്.
മുൻപ് ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുള്ള പ്രവാസിയെ തങ്ങളുടെ സ്ഥാപനം വഴി നിക്ഷേപിച്ചാൽ വൻ ലാഭം ഉണ്ടാകുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പ്രമുഖ കോർപറേറ്റ് സ്ഥാപനത്തിന്റെ പേരിനൊപ്പം ഒരു അക്ഷരം കൂടി ചേർത്ത പേരായതിനാൽ ഒറ്റനോട്ടത്തിൽ വ്യാജനാണെന്നു തിരിച്ചറിയില്ലായിരുന്നു. തട്ടിപ്പുകാർ നൽകിയ ലിങ്കിലൂടെ റജിസ്റ്റർ ചെയ്യുകയും സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗമാകുകയും ചെയ്തു.
നിക്ഷേപിച്ച തുക കൂടുന്നതും ലാഭവിഹിതവും ഈ ഗ്രൂപ്പിലും തട്ടിപ്പുകാരുടെ വെബ്സൈറ്റിലെ അക്കൗണ്ടിലും കാണിച്ചിരുന്നു. തുടർന്നു കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
73 തവണയായി 8,08,81,317 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറി.
ഫോണിൽ ഇതു സംബന്ധിച്ച സന്ദേശങ്ങൾ കണ്ടതോടെ ഇദ്ദേഹത്തിന്റെ മകനു സംശയം തോന്നി പരിശോധിച്ചപ്പോഴാണു തട്ടിപ്പാണെന്നു വ്യക്തമായത്. മകൻ നൽകിയ പരാതിയിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയെന്നും ആലപ്പുഴ സൈബർ പൊലീസ് എസ്എച്ച്ഒ ഏലിയാസ് പി.ജോർജ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പുകളിൽ ഒരു കോടി മുതൽ 5 കോടി രൂപ വരെയുള്ള തട്ടിപ്പുകൾ ജില്ലാ ക്രൈംബ്രാഞ്ചും 5 കോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകൾ സംസ്ഥാന ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. സൈബർ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിനു ശേഷമാകും കേസിന്റെ തുടരന്വേഷണം തീരുമാനിക്കുക.
നേരത്തെ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓഹരിവിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ 7.65 കോടി രൂപ ഓൺലൈനായി തട്ടിയെടുത്തിരുന്നു.
7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: അസം സ്വദേശി അറസ്റ്റിൽ
ആലപ്പുഴ ∙ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ. ദമ്പതികൾ നേരിട്ടു പണം അയച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമ അസം സ്വദേശി ഇഹ്തിഷാം അഹമ്മദാണു (36) പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിൽനിന്നു പിടികൂടിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ പണം തട്ടിയെടുത്തെന്ന കേസിൽ 4 തയ്വാൻ സ്വദേശികൾ ഉൾപ്പെടെ ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പു നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ടു ബന്ധമുള്ളയാൾക്കാണ് ഇഹ്തിഷാം സ്വന്തം അക്കൗണ്ട് വിവരങ്ങൾ കൈമാറിയതെന്നു പൊലീസ് കണ്ടെത്തി. തട്ടിപ്പു കാലത്ത് ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകളെല്ലാം ഉപേക്ഷിച്ച് ഇയാൾ ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവ് ചെറിയാന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആർ.മോഹൻകുമാർ, അഗസ്റ്റിൻ വർഗീസ്, എ.സുധീർ, എഎസ്ഐമാരായ വി.പി.സുലേഖ, കെ.ഡി.ദീപ, എസ്സിപിഒമാരായ ആർ.ശ്യാം, ആന്റണി ജോസഫ്, ഷെൻജു ദേവസ്യ എന്നിവരുൾപ്പെട്ട
പ്രത്യേക അന്വേഷണ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

