ആലപ്പുഴ ∙ കെപിസിസി പുനഃസംഘടനയിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയ വനിതാ നേതാവും ദേശീയ വക്താവുമായ ഷമാ മുഹമ്മദിനെതിരെ കെപിസിസി വക്താവ് അഡ്വ. അനിൽ ബോസ്.
ഷമാ, ക്ഷമ കാട്ടണമെന്നും സ്വയം അപഹാസ്യമാകരുതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലിൽ വന്നതും വക്താവായതെന്നും നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യവും മൂല്യവും തിരിച്ചറിയണമെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഷമാ മുഹമ്മദിനോട്.
ഷമാ, ക്ഷമ കാട്ടണം സ്വയം അപഹാസ്യമാകരുത്. കാത്തു കാത്തിരുന്നു കോൺഗ്രസിന്റെ പുനഃസംഘടന ഒരു ഘട്ടം പൂർത്തിയായി.
സന്തോഷം. വന്നവർ ആരും മോശക്കാരല്ല, വരേണ്ടുന്ന പലരും ഉണ്ടായിട്ടുണ്ടാവില്ല.
ഇന്നലെ ലിസ്റ്റ് കണ്ടത് മുതൽ നൂറുകണക്കിന് സുഹൃത്തുക്കൾ എന്നെ വിളിക്കുന്നുണ്ട്. താങ്കളുടെ പേര് കണ്ടില്ലല്ലോ? പാർട്ടിയിലുള്ള എല്ലാവർക്കും ഒരേ സമയം എല്ലാം കൊടുക്കാൻ കഴിയില്ല.
തീരുമാനങ്ങൾ എടുക്കുന്നവരാണ് ജൂറി.
ചെറിയ കാര്യമായാലും വലിയ കാര്യമായാലും ജൂറിയുടെ തീരുമാനം അന്തിമവും അലംഘനീയവുമാണ്. തീരുമാനങ്ങൾ എടുക്കാൻ നിയോഗിക്കപ്പെടുന്നവർക്ക് പലപ്പോഴും പരിമിതികളും ഉണ്ടാവും.
അതു തിരിച്ചറിയാനുള്ള വിവേകം ഉണ്ടാകണം. ഇതൊന്നും അവസാനം അല്ല.
രാഷ്ട്രീയം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നത് അല്ലെന്നും ഇതൊരു തുടർച്ചയുള്ള പ്രോസസ് ആണെന്നും എപ്പോഴും ഓർമിക്കണം. നമ്മൾ നിൽക്കുന്ന പ്രസ്ഥാനത്തിന്റെ മഹത്വം മറക്കരുത്.
ഇതിൽ പ്രവർത്തിക്കുന്നവരുടെ കാഴ്ചപ്പാട് പരമാവധി വിശാലമാകണം.
നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യവും മൂല്യവും തിരിച്ചറിയണം. അതു മറന്നു പ്രതികരിക്കരുത്.
രാഷ്ട്രീയത്തിൽ വൈകാരികതയ്ക്കൊന്നും പ്രസക്തിയില്ല. പൊതുവിൽ സ്നേഹവും സഹാനുഭൂതിയും കരുണയും ഉണ്ടാകണമെന്ന് മാത്രം.
ഈ പ്രസ്ഥാനത്തിൽ അംഗമായിരിക്കുക എന്നത് തന്നെ വലിയ അഭിമാനബോധം ഉണ്ടാക്കുന്ന കാര്യമാണ്. എത്രയോ ലക്ഷക്കണക്കിന് ആളുകളാണ് ഫലേച്ഛ കൂടാതെ കർമം ചെയ്യുന്നത്.
അവരുടെ വിശ്വാസത്തെയും ബോധ്യങ്ങളെയും നാം തകർക്കരുത്.
ഷമാ മുഹമ്മദ് ഇന്ന് കോൺഗ്രസ് പാർട്ടിയുടെ ഇന്ത്യയിലെ മാധ്യമ പാനലിലെ അംഗമാണ്, വക്താവാണ്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലിൽ വന്നതും വക്താവായതും. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേർ അവസരം കിട്ടാതെ പുറത്തുണ്ട് എന്ന ഓർമ വേണം.
സ്കൂൾ വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ നാലു പതിറ്റാണ്ടു കാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഈയുള്ളവൻ. വളരെ പ്രധാനപ്പെട്ട
ഒരുപാട് പദവികളിൽ അവസരങ്ങളിൽ അർഹതപ്പെട്ടവ നഷ്ടമായിട്ടുണ്ട്. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല, പരാതി പറയുകയുമില്ല.
ചെറുതായാലും വലുതായാലും ഉള്ള പദവികളിൽ സംതൃപ്തിയോടു കൂടി പോകാൻ കഴിയുക അത് പ്രധാനമാണ്.
ഏൽപ്പിക്കുന്ന ജോലികൾ ചെയ്യുക. നമ്മളെക്കാൾ വലുതാണ് പ്രസ്ഥാനവും പ്രസ്ഥാനത്തിലെ പ്രവർത്തകരും എന്ന ബോധ്യം.
വാക്കും പ്രവൃത്തിയും ശ്രദ്ധിക്കുക. നമ്മൾ ചെയ്യുന്ന ജോലിയുടെ ഒരു അംശം പോലും ചെയ്യാതെ വളരെ പിന്നാലെ വന്നവർ മുൻപേ പോയിട്ടുണ്ട്.
അത് മാത്രമായി നാം നോക്കരുത്. നിരാശ ഉണ്ടാവും.
എന്നാൽ നമുക്ക് ഒരുപാട് മുൻപേ പോയവരും ഇപ്പോഴും ഒന്നുമാകാതെ വിഷമിക്കുന്നവരും നമ്മുടെ പുറകിലുമുണ്ട്. ഒരു തിരിഞ്ഞുനോട്ടം അതുമതിയാകും മുന്നോട്ട് കുതിക്കാനുള്ള കരുത്തിന്.
ദേശീയ ചാനലുകളിൽ മോശമല്ലാതെ പ്രതികരിക്കുന്ന ഒരാളാണ് താങ്കൾ.
ഷമാ മുഹമ്മദ് അതു നന്നായി തുടരുക. നമ്മളെ നയിക്കുന്നത് അദൃശ്യമായ ഒരു ശക്തി, ദൈവം അല്ലെങ്കിൽ സൃഷ്ടാവ് ആണ്.
ധൈര്യമായി മുന്നോട്ട് പോവുക. ഉറച്ച നിലപാടുകൾ എടുക്കുക.
പ്രസ്ഥാനം, അതിനൊരു പോറലേൽക്കുന്ന കാര്യങ്ങൾ അറിഞ്ഞു ചെയ്യാതിരിക്കുക. ബാക്കിയെല്ലാം വരും, വന്നിരിക്കും വന്നുചേരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]