ചേർത്തല ∙ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ (ജെയ്ൻ മാത്യു) തിരോധാനക്കേസിലെ പ്രതി പള്ളിപ്പുറം ചൊങ്ങുംതറയിൽ സി.എം.സെബാസ്റ്റ്യന്റെ വീട്ടിൽ കോട്ടയം ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. മഹസർ തയാറാക്കാനും നേരത്തെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താനുമായിരുന്നു ഇന്നലത്തെ നടപടി. ഈ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം അടുത്തയാഴ്ച ലഭിക്കുമെന്നാണു കരുതുന്നത്.
വീടിന്റെ സ്വീകരണമുറിയിലും ശുചിമുറിയിലും കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. മൃതദേഹഭാഗങ്ങളുടെ പരിശോധനാഫലവും സമാനമായാൽ ക്രൈംബ്രാഞ്ച് അടുത്ത നടപടികളിലേക്കു കടക്കും.
ജെയ്നമ്മ ഡിസംബർ 23ന് ഇവിടെവച്ചു കൊല്ലപ്പെട്ടിരിക്കാമെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി സാജൻ സേവ്യറിന്റെ നേതൃത്വത്തിലാണ് ഇന്നലെ വീട്ടിനകത്തു വിശദമായ പരിശോധന നടത്തി മഹസർ തയാറാക്കിയത്. സെബാസ്റ്റ്യൻ പല ഘട്ടങ്ങളിലായി 3 ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
മൂന്നിന്റെയും കോൾ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇയാൾ അവസാനം ഉപയോഗിച്ച ഫോണിന്റെ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണു ജെയ്നമ്മയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.
സെബാസ്റ്റ്യനെ പരിചയമില്ലെന്ന് ശശികല
ചേർത്തല ∙ സെബാസ്റ്റ്യനെ പരിചയമില്ലെന്നു ബിന്ദു പത്മനാഭൻ തിരോധാന കേസുമായി ബന്ധപ്പെട്ടു ക്രൈം ബ്രാഞ്ചിനോടു വെളിപ്പെടുത്തൽ നടത്തിയ കടക്കരപ്പള്ളി സ്വദേശി ശശികല. സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്ന രണ്ടു സ്ഥലം ഇടപാടുകാർ പറഞ്ഞ വിവരങ്ങളാണു കൈമാറിയതെന്നും ശശികല പറയുന്നു.സ്ഥലം വിൽപനയുമായി ബന്ധപ്പെട്ടു സമീപിച്ച കടക്കരപ്പള്ളി സ്വദേശിയായ ഇടനിലക്കാരന്റെ പരിചയക്കാരനായ മറ്റൊരു ഇടനിലക്കാരനു സെബാസ്റ്റ്യനുമായി സൗഹൃദമുണ്ടായിരുന്നെന്ന് അറിഞ്ഞതോടെ അവർ വഴിയുള്ള സ്ഥലം വിൽപന ഒഴിവാക്കി.
സെബാസ്റ്റ്യന്റെ സുഹൃത്തായ ഇടനിലക്കാരൻ തന്റെ വീടിനടുത്താണു താമസിച്ചിരുന്നതെന്നും ശശികല പറയുന്നു.
തന്നെ സമീപിച്ച ഇടനിലക്കാരനുമായുള്ള ഫോൺ സംഭാഷണത്തിലൂടെയാണു സെബാസ്റ്റ്യനു ബിന്ദുവിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. ഈ സംഭാഷണത്തിന്റെ രേഖയാണു 3 വർഷം മുൻപു ക്രൈംബ്രാഞ്ചിനു കൈമാറിയത്. അതനുസരിച്ചാണു തന്റെ മൊഴി രേഖപ്പെടുത്തിയതെന്നും ശശികല പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]