
ഹൈബ്രിഡ് കഞ്ചാവ് കേസ്: പുതിയ കണ്ടെത്തലുകൾ; പെൺവാണിഭ, സ്വർണക്കടത്തു സംഘങ്ങൾക്ക് പ്രതികളുമായി ബന്ധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ രണ്ടു കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺവാണിഭ സംഘങ്ങൾക്കും സ്വർണക്കടത്തു സംഘത്തിനുമുള്ള പങ്കിനെക്കുറിച്ചു കൂടുതൽ സൂചനകൾ ലഭിച്ചു. കേസിലെ പ്രതികളായ കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43), മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി ഓമനപ്പുഴയിലെത്തുന്നതിനു മുൻപു താമസിച്ചിരുന്ന ഹോട്ടലുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
ഇതിലാണു പ്രതികളുടെ ഇടപാടുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായത്.അക്ബർ അലിക്കു സ്വർണക്കടത്തു സംഘങ്ങളുമായാണു ബന്ധമെന്നും ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകൾ കുറവാണെന്നുമാണു സൂചന. എന്നാൽ ഒന്നാംപ്രതി തസ്ലിമ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നും ലഹരിക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും സ്ഥിരീകരിച്ചു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.
തസ്ലിമയുമായി പെൺവാണിഭ സംഘങ്ങളിലെ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഇവർക്കു ലഹരിമരുന്ന് കൈമാറിയിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്. ലഹരിമരുന്നിന് അടിമകളാക്കി പെൺകുട്ടികളെ പെൺവാണിഭത്തിന് ഉപയോഗിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളുമായി പരിചയമുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. മൊഴി നൽകാൻ ഇന്നു ഹാജരാകാൻ പലരോടും നിർദേശിച്ചിട്ടുമുണ്ട്.അടുത്തയാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. തുടർന്നാകും പ്രതികളുമായി ബന്ധമുള്ള സിനിമ നടൻമാരുടെ മൊഴി രേഖപ്പെടുത്തുക.കഴിഞ്ഞ രണ്ടിനാണ് ഓമനപ്പുഴയിൽ നിന്നു മൂന്നു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. അന്വേഷണം ആരംഭിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ, പ്രതികൾക്കു സ്വർണക്കടത്ത് ഇടപാടുണ്ടെന്ന് കണ്ടെത്തിയിരുന്നു.