ആലപ്പുഴ ∙ കിഫ്ബിയും കെആർഎഫ്ബിയും തടസ്സം ഉന്നയിച്ചതിനെ തുടർന്നു ആറാട്ടുവഴി, കളപ്പുര പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ കാലതാമസം നേരിട്ടെന്നും നിർമാണം ഫെബ്രുവരി പതിനഞ്ചോടെ പൂർത്തിയാക്കാൻ കഴിയുമെന്നും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) അധികൃതർ പറഞ്ഞു. കിഡ്ക്കിന്റെ ചുമതലയിൽ നടക്കുന്ന പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ പലതവണ തീരുമാനിച്ചെങ്കിലും നടന്നില്ല.
കിഫ്ബിയുടെയും കെആർഎഫ്ബിയുടെയം ഉദ്യോഗസ്ഥരുമായി കിഡ്ക്ക് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയെ തുടർന്നാണ് നിർമാണം പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം കിഡ്ക് നടപടി സ്വീകരിച്ചത്.
എഎസ് കനാലിന്റെ പടിഞ്ഞാറെക്കരയിൽ കൊമ്മാടി പാലം മുതൽ മട്ടാഞ്ചേരി, ശവക്കോട്ട പാലം വരെ നടക്കുന്ന റോഡ് നിർമാണം കിഫ്ബിയും കെആർഎഫ്ബിയും ചേർന്നാണ് നടത്തുന്നത്. റോഡിന്റെ ഉയരം, വീതി, കാന, കലുങ്ക്, സംരക്ഷണ ഭിത്തി, നടപ്പാത തുടങ്ങിയവ നിർമിക്കുന്നതു സംബന്ധിച്ചായിരുന്നു ആദ്യ ചർച്ചകൾ.
ഓരോന്നും പരിഹരിച്ചപ്പോൾ മാസങ്ങൾ നീണ്ടുപോയി. പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമാണം തുടങ്ങിയപ്പോൾ കനാലിന്റെ കിഴക്കേക്കരയിൽ പൊതുമരാമത്ത് വിഭാഗവും, പടിഞ്ഞാറെക്കരയിൽ കെആർഎഫ്ബിയും കിഫ്ബിയും തടസ്സങ്ങൾ ഉന്നയിച്ചു.
അപ്രോച്ച് റോഡുകൾക്കു നിശ്ചയിച്ചിരുന്നതിനെക്കേൾ ഉയരവും ചരിവും വേണമെന്നായിരുന്നു പ്രധാന തടസ്സം. കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ഉയരം സംബന്ധിച്ച് തീരുമാനമായി.
അതനുസരിച്ച് കിഴക്കേ കരയിലെ അപ്രോച്ച് റോഡുകളിൽ മെറ്റൽ വിരിച്ചു. ഇത് തിരുവനന്തപുരത്ത് ചീഫ് എൻജിനീയറുടെ പരിശോധനയ്ക്കും അനുമതിയ്ക്കും വേണ്ടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അന്തിമ അനുമതി ലഭിക്കുന്നതോടെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കും.
കിഫ്ബി ഫണ്ടിൽ 2024 മാർച്ചിൽ പാലങ്ങളുടെ നിർമാണം തുടങ്ങിയപ്പോൾ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചാത്തനാട്, മന്നത്ത്, പൂന്തോപ്പ്, കാളാത്ത്, തോണ്ടൻകുളങ്ങര, ആശ്രമം, തോണ്ടൻകുളങ്ങര, ജില്ലാക്കോടതി, കിടങ്ങാംപറമ്പ് വാർഡു നിവാസികൾക്കു ദേശീയപാതയിൽ വരുന്നതിനും, ഈ വാർഡുകളിലെയും കൊമ്മാടി, ആറാട്ടുവഴി തുടങ്ങിയ വാർഡുകളിലെയും നൂറുകണക്കിനു വിദ്യാർഥികൾക്ക് സ്കൂളുകളിലും കോളജുകളിലും എത്താനും ഈ പാലങ്ങളാണ് ആശ്രയം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

