പുളിങ്കുന്ന് ∙ ശക്തമായ വേലിയേറ്റത്തിൽ പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ നടക്കുന്ന പാടശേഖരത്തിൽ മട വീണു.
വെളിയനാട്–കുന്നുമ്മ വില്ലേജ് പരിധിയിലെ പടിഞ്ഞാറേ വെള്ളിസ്രാക്ക പാടശേഖരത്തിലെ വലിയവീടൻ ബ്ലോക്കിലെ ബണ്ടിലാണു മട വീണത്.
3 മീറ്ററോളം നീളത്തിൽ വീണ മട കർഷകരുടെ സമയോചിതമായ ഇടപെടൽ മൂലം താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
മട
കൂടുതൽ വ്യാപ്തിയിലാകാതിരിക്കാനുള്ള മുൻകരുതലുകളാണ് എടുത്തിട്ടുള്ളത്. വെള്ളം കൃഷിയിടത്തിലേക്കു കയറുന്നുണ്ട്.
മടയുടെ ഇരുവശവും മണ്ണു ചാക്കുകളും പടുതയും ഉപയോഗിച്ചാണു താൽക്കാലികമായി തടഞ്ഞിരിക്കുന്നത്. വെള്ളം കൂടുതൽ കൃഷിയിടത്തിലേക്കു വ്യാപിക്കാതിരിക്കാൻ പാടശേഖരത്തിനു മധ്യത്തിലൂടെ കടന്നു പോകുന്ന കിടങ്ങറ–കണ്ണാടി പിഡബ്ല്യുഡി റോഡിനു കുറുകെ ഇട്ടിരിക്കുന്ന തൂമ്പ് അടച്ചു.
ഇതു മൂലം 320 ഏക്കർ വിസ്തൃതിയുള്ള റോഡിനു കിഴക്കു ഭാഗത്തുള്ള 120 ഏക്കർ സ്ഥലത്തു വെള്ളം കയറാതെ തടയാൻ സാധിച്ചിട്ടുണ്ട്.
പുഞ്ചക്കൃഷിക്കായി വെള്ളം വറ്റിച്ചു കള കിളിർപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണു മട വീണത്.
മട വീണ സാഹചര്യത്തിൽ റോഡിനു പടിഞ്ഞാറു ഭാഗത്തുള്ള 200 ഏക്കറോളം സ്ഥലത്തു കള കിളിർപ്പിക്കാൻ സാധിക്കുകയില്ല.
ഇതു കർഷകർക്കു കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. വെള്ളത്തിന്റെ തള്ളൽ ഒരുവിധം കുറഞ്ഞശേഷം മട
കുത്തി സമയം നഷ്ടപ്പെടാതിരിക്കാൻ വെള്ളം വറ്റിച്ചു വിതയിറക്കാനാണു ലക്ഷ്യമിടുന്നത്.
കൃഷി ഓഫിസർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി. വിഷയവുമായി ബന്ധപ്പെട്ടു പാടശേഖരത്തിന്റെ അടിയന്തര പൊതുയോഗം കൂടി തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.കഴിഞ്ഞ ഒരാഴ്ചയിലേറെയായി അതിശക്തമായ വേലിയേറ്റമാണുണ്ടാകുന്നത്.
ജലാശയങ്ങളിൽ ഒരടിയിലേറെ വെള്ളം ഉയർന്നിട്ടുണ്ട്. പല പാടശേഖരങ്ങളുടെയും ബണ്ട് കവിഞ്ഞു വെള്ളം കയറുന്നതു പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]