ഞാൻ ആദ്യമായി എഴുതിയ തിരക്കഥ വായിച്ച് അച്ഛൻ പറഞ്ഞു: നല്ല ഭാഷയും ശൈലിയും; മുന്നോട്ടുപോകാം. പറയുന്നത് എസ്എൽ പുരം സദാനന്ദനാണ്.
1967 ൽ ‘അഗ്നിപുത്രി’യുടെ തിരക്കഥയിലൂടെ മലയാള സിനിമയ്ക്ക് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത തിരക്കഥാകൃത്ത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമകൾക്കു തിരക്കഥയും സംഭാഷണവും രചിച്ച വ്യക്തി. 135 സിനിമകൾക്കാണ് അച്ഛൻ തിരക്കഥയൊരുക്കിയത്.
ഇതെല്ലാം ആരോർക്കുന്നു ? ചെമ്മീൻ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് അദ്ദേഹമാണെന്ന് എത്ര പേർക്കറിയാം. അറിയുന്നവർ അതു പറയുകയും ഇല്ല.
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡും രണ്ടു സംസ്ഥാന അവാർഡുകളും നേടിയ അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് 5 സംസ്ഥാന അവാർഡുകൾ ലഭിച്ചു. കുടിയിറക്ക് ഉൾപ്പെടെ 47 പ്രഫഷനൽ നാടകങ്ങളാണ് അദ്ദേഹം എഴുതി സൂര്യസോമ എന്ന സ്വന്തം സമിതിയിലൂടെ അവതരിപ്പിച്ചത്.
കൂടാതെ രണ്ടു കഥാപ്രസംഗങ്ങൾ, ഒട്ടേറെ നാടകഗാനങ്ങൾ, ചെറുകഥാ സമാഹാരം, നോവൽ, ഓർമക്കുറിപ്പുകൾ… പുന്നപ്ര വയലാർ സമരസേനാനിയായിരുന്ന അദ്ദേഹം ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു.
‘നീ എഴുതിയ കഥയിൽ നിന്റേതല്ലാത്ത കയ്യക്ഷരം പതിയാൻ സമ്മതിക്കരുത്’– അതാണ് അച്ഛൻ എനിക്കു നൽകിയ ഏറ്റവും വലിയ ഉപദേശം. അച്ഛനെഴുതിയ ‘കല്ലു കൊണ്ടൊരു പെണ്ണ്’ നാടകം സിനിമയാക്കിയപ്പോൾ തിരക്കഥ മറ്റൊരാളെക്കൊണ്ടു തിരുത്തിച്ചു. ഇത് അറിഞ്ഞതോടെ കഥയുടെ ക്രെഡിറ്റിൽ മാത്രം തന്റെ പേര് വച്ചാൽ മതിയെന്ന് അച്ഛൻ തീർത്തുപറഞ്ഞത് ഓർക്കുന്നു.
ഇന്നത്തെ കാലത്ത് അച്ഛന്റെ ആ ഉപദേശവും നിലപാടും പിന്തുടരാൻ സാധിക്കില്ല. അവാർഡും ആദരവും സ്വന്തം ചെലവിൽ സംഘടിപ്പിക്കുന്നവർക്കിടയിൽ അച്ഛൻ അപവാദമായിരുന്നു.
അതുകൊണ്ട് നട്ടെല്ലു വളയ്ക്കാതെ എവിടെയും, ആരോടും സ്വന്തം നിലപാട് ഉറക്കെപ്പറയാനുള്ള സ്വാതന്ത്ര്യം കിട്ടി. അതുമൂലം ഒത്തിരി ശത്രുക്കളുമുണ്ടായി.
അതുകൊണ്ടാണ് ദേശീയ അവാർഡ് ജേതാവായ എസ്എൽ പുരം മരിച്ചപ്പോൾ സർക്കാർ ഔദ്യോഗിക ബഹുമതി കൊടുക്കാതിരുന്നത്.
കലക്ടർ പോലും തിരിഞ്ഞുനോക്കിയില്ല. അച്ഛൻ പ്രസിഡന്റായിരുന്ന പഞ്ചായത്ത് അനുശോചനയോഗം നടത്തിയതിന്റെ ബിൽ വീട്ടിൽ എത്തിച്ചുതന്നു. അച്ഛനുള്ള മരണാനന്തര ബഹുമതി!.
പിന്നീട് അച്ഛന്റെ പേരിൽ പാർക്ക് നിർമിച്ചും റോഡിന് അദ്ദേഹത്തിന്റെ പേരിട്ടും ആ തെറ്റ് അവർ തിരുത്തി.
മന്ത്രിയായിരുന്നു തോമസ് ഐസക് മുൻകൈയെടുത്ത് അച്ഛന്റെ പേരിൽ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർഡ് ഏർപ്പെടുത്തി. ഒരുകാര്യത്തിൽ അച്ഛൻ വലിയ ഭാഗ്യവാനാണ്.
സാമൂഹിക വിഷയങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറഞ്ഞിരുന്ന അദ്ദേഹം, സ്ഥാനമോ അറിവോ പ്രായമോ പരിഗണിക്കാത്ത സൈബർ അക്രമികളുടെ കയ്യിൽപെടാതെ രക്ഷപ്പെട്ടു എന്ന ഭാഗ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]