ആലപ്പുഴ∙ ജില്ലയിൽ സർക്കാർ സ്കൂളുകളിൽ ഡിവിഷനുകൾ കുത്തനെ കുറയുന്നു. എൽപി, യുപി സ്കൂളുകളിൽ നിന്നു മാത്രം ജില്ലയിൽ 85 ഡിവിഷനുകളാണ് ഈ വർഷം നഷ്ടമായത്.
എൽപി സ്കൂളുകളിൽ 58 ഡിവിഷനുകളും യുപി സ്കൂളുകളിൽ 27 ഡിവിഷനുകളും നഷ്ടമായി. ഡിവിഷനുകൾ നഷ്ടമായതോടെ തസ്തിക ഇല്ലാതായ അധ്യാപകരെ മറ്റു സ്കൂളുകളിലേക്കു സ്ഥലംമാറ്റിയും ഹെഡ് ടീച്ചർ തസ്തികയിലേക്കു മാറ്റിയുമാണു ജോലിയിൽ നിലനിർത്തിയത്.
എൽപി വിഭാഗത്തിൽ 58 ഡിവിഷനുകൾ നഷ്ടമായതിൽ 19 അധ്യാപകരെ മാത്രമാണു വിരമിച്ചും മറ്റുമുണ്ടായ ഒഴിവുകളിലേക്കു നിയമിക്കാനായത്.
17 പേരെ സ്ഥലംമാറ്റത്തിനും മറ്റുമായി ഒഴിച്ചിട്ടിരുന്ന തസ്തികകളിലേക്കു നിയമിച്ചു. എന്നിട്ടും 22 പേർ പുറത്താകുന്ന സ്ഥിതിയായി. ഇതോടെ 16 പേരെ ഹെഡ് ടീച്ചർ തസ്തികയിലേക്കും നിയമിച്ചു.
ബാക്കിയുള്ള 6 പേരെ എസ്എസ്കെ വഴി നിലനിർത്താൻ വകുപ്പ് ആസ്ഥാനത്തേക്കു ശുപാർശ ചെയ്തിട്ടുമുണ്ട്.
യുപി വിഭാഗത്തിൽ 27 ഡിവിഷൻ നഷ്ടമായപ്പോൾ 8 അധ്യാപകർക്കു മാത്രമാണ് ഒഴിവുണ്ടായിരുന്ന തസ്തികകളിൽ നിയമനം ലഭിച്ചത്. 7 പേരെ ഒഴിച്ചിട്ടിരുന്ന മറ്റു തസ്തികകളിലേക്കും മാറ്റി.
ബാക്കിയുള്ള 12 പേരെ ഹെഡ് ടീച്ചർ തസ്തികയിലും നിലനിർത്തുകയാണു ചെയ്തത്. ഹൈസ്കൂളുകളിലെ ഡിവിഷനുകളുടെ കണക്കെടുപ്പ് പൂർത്തിയാകുന്നതേയുള്ളൂ.
പല സ്കൂളുകളിലും കുട്ടികളുടെ എണ്ണത്തിലുണ്ടായ നേരിയ വ്യത്യാസത്തിലാണു ഡിവിഷനുകൾ കുറഞ്ഞത്.
എൽപിയിൽ ഒരു ക്ലാസിൽ 30 കുട്ടികളിൽ കൂടുതലുണ്ടെങ്കിലാണു രണ്ടാമതു ഡിവിഷൻ അനുവദിക്കുന്നത്. യുപിയിൽ 35 കുട്ടികളിലും ഹൈസ്കൂളിൽ 45 കുട്ടികളിലും കൂടുതലാണെങ്കിൽ അടുത്ത ഡിവിഷൻ അനുവദിക്കും.
നിലവിൽ 31 വിദ്യാർഥികളുള്ള എൽപി സ്കൂളിൽ രണ്ടു ഡിവിഷനുണ്ട്. ഇവിടെ രണ്ടു കുട്ടികൾ കുറഞ്ഞാൽ തന്നെ ഒരു ഡിവിഷൻ കുറയും.
പലയിടത്തും ഇത്തരത്തിൽ ചെറിയ വ്യത്യാസത്തിൽ തന്നെ ഡിവിഷനുകൾ കുറഞ്ഞു.
അതേസമയം ഡിവിഷനുകൾ കൂടിയ ചില സ്കൂളുകളുമുണ്ട്. അവിടങ്ങളിലെ പുതിയ ഡിവിഷനുകൾ സർക്കാരാണ് അംഗീകരിക്കേണ്ടത്. അധിക തസ്തിക അനുവദിക്കുന്ന സ്കൂളുകളിൽ എഇഒയും ഡിഇഒയും സന്ദർശനം നടത്തി ഡിവിഷൻ അനുവദിക്കാമെന്ന് ഉറപ്പാക്കി വകുപ്പ് ആസ്ഥാനത്തേക്കു റിപ്പോർട്ട് നൽകും.
എൽപി സ്കൂളുകളിൽ ഡിഇഒയും മറ്റു സ്കൂളുകളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും പരിശോധന നടത്തി ഉറപ്പാക്കിയ ശേഷമാണു ഡിവിഷൻ അംഗീകരിക്കുക. ഒക്ടോബർ ആദ്യമാകും അധിക ഡിവിഷനുകൾ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]