
ആലപ്പുഴ∙ ജലചക്രവർത്തി എന്ന പേര് ഒരാൾക്കേയുള്ളൂ– കാരിച്ചാൽ ചുണ്ടന്. പ്രമുഖ ക്ലബ്ബുകൾക്കൊപ്പം 16 തവണ നെഹ്റു ട്രോഫിയിൽ മുത്തമിട്ട
കാരിച്ചാൽ, ഇത്തവണ ഒറ്റയ്ക്കു പടയ്ക്കിറങ്ങിയ പോരാളിയാണ്. കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് എന്ന പേരിൽ സ്വന്തം ടീം രൂപീകരിച്ചാണു മത്സരിക്കുന്നത്.
അതിനാൽത്തന്നെ മുഴുവൻ സമയവും പിന്തുണയുമായി വീയപുരം പഞ്ചായത്തിലെ കാരിച്ചാൽ കരയൊന്നാകെ വള്ളത്തിനൊപ്പമുണ്ട്. 440 ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ചുണ്ടനാണെങ്കിലും, കാരിച്ചാൽ എന്ന കരയെ മലയാളികൾ ഒരിക്കലെങ്കിലും കേട്ട
സ്ഥലമാക്കി മാറ്റിയത് ഈ ചുണ്ടനാണെന്നു പറയുമ്പോൾ പ്രസന്നൻ വാരിശേരിലിന്റെ വാക്കുകളിൽ ആവേശം നിറയുന്നു. കരയ്ക്കു വിലാസമുണ്ടാക്കിയ ചുണ്ടനോട്, സ്നേഹത്തെക്കാളേറെ അഭിമാനമാണു നാട്ടുകാർക്കുള്ളത്.
1970ൽ നീരണഞ്ഞ ചുണ്ടൻ അടുത്ത വർഷം മുതൽ നെഹ്റു ട്രോഫിയിലെ സ്ഥിരസാന്നിധ്യമാണ്.
കാരിച്ചാൽ മത്സരിച്ച 50 നെഹ്റു ട്രോഫി മത്സരങ്ങളിൽ 32 തവണയും ഫൈനലിൽ പ്രവേശിച്ചെന്നു പറയുമ്പോൾ കരയുടെ അഭിമാനം ആകാശം മുട്ടുന്നു. കഴിഞ്ഞ വർഷം കുറഞ്ഞ ഫിനിഷിങ് സമയത്തോടെ നെഹ്റു ട്രോഫി നേടി കാരിച്ചാൽ കരുത്തുകാട്ടി. ഇത്തവണ സ്വന്തം ടീം കൂടിയാകുമ്പോൾ നെഹ്റു ട്രോഫി കാരിച്ചാലിലെത്തുമെന്നു വിനോദ് ഐറിസ് പറയുന്നു.
അതിനായി കരുവാറ്റ ലീഡിങ് ചാനലിൽ നടക്കുന്ന ട്രയൽ കാണാനും ടീമിനു പ്രചോദനമാകാനും വൈകുന്നേരങ്ങളിൽ കരയൊന്നാകെ തീരത്തെത്തുന്നുണ്ട്. നാളെ വൈകിട്ടു വള്ളം ട്രാക്ക് എൻട്രിയും നടത്തും.
ഗോളം, ഖൽബ് തുടങ്ങിയ സിനിമകളിലെ നായകൻ രഞ്ജിത് സജീവിനെ ക്യാപ്റ്റനാക്കിയാണു വള്ളം മത്സരത്തിനു തയാറെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1970 സെപ്റ്റംബർ 8നു നീറ്റിലിറക്കിയ ചുണ്ടൻ പിന്നീടു പലതവണ പുതുക്കിപ്പണിതെങ്കിലും വള്ളത്തിന്റെ മാതാവ് പലക ഇതുവരെ മാറ്റിയിട്ടില്ല.
കോവിൽമുക്ക് നാരായണനാചാരിയാണു വള്ളത്തിന്റെ മുഖ്യശിൽപി. വള്ളസമിതി പ്രസിഡന്റ് എം.ജി.സ്റ്റീഫൻ മലാൽ, സെക്രട്ടറി പി.പി.പ്രസാദ്, ക്ലബ് പ്രസിഡന്റ് എ.
അജിത് കുമാർ, സെക്രട്ടറി ജീവൻ ചങ്ങളത്ത്, ചീഫ് കോഓർഡിനേറ്റർ കെ.ജി.നൈനാൻ എന്നിവരാണു ചുണ്ടനു കുതിക്കാനുള്ള ഊർജമായി പിന്നണിയിലുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]