
ആലപ്പുഴ∙ സ്വകാര്യ ബസിൽ നിന്നു തെറിച്ചുവീണു വിദ്യാർഥിനിക്കു പരുക്കേറ്റ സംഭവത്തെത്തുടർന്നു മോട്ടർ വാഹന വകുപ്പ് സ്വകാര്യ ബസുകളിൽ പരിശോധന ആരംഭിച്ചു. വാതിൽ കൃത്യമായി അടയ്ക്കാതെ സർവീസ് നടത്തിയ എട്ടു ബസുകൾ ഇന്നലെ പിടികൂടി.
യൂണിഫോം ഒഴിവാക്കി ബസിൽ യാത്ര ചെയ്താണ് ഉദ്യോഗസ്ഥർ നിയമലംഘനം കണ്ടെത്തിയത്. പെർമിറ്റ് ലംഘനം കണ്ടെത്തിയതിനാൽ ബസുകൾക്കു പിഴ ചുമത്തും.തിരുവമ്പാടിയിൽ വച്ചാണ് എൻജിനീയറിങ് കോളജ് വിദ്യാർഥിനി ബസിലെ തുറന്ന വാതിലിൽ നിന്നു റോഡിലേക്കു തെറിച്ചു വീണത്.
സംഭവത്തിൽ, ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മൂന്നു മാസത്തേക്കു റദ്ദാക്കിയിട്ടുണ്ട്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടുത്ത ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജി കെ.കരൻ, വി.അനിൽ കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.ബിജോയി, സജിം ഷാ, ജോബിൻ ജേക്കബ് എന്നിവരാണു പരിശോധന നടത്തിയത്.
വാതിൽ തുറന്നിട്ടു സർവീസ് നടത്തുന്നതു ശ്രദ്ധയിൽപെട്ടാൽ ദൃശ്യം പകർത്തി വാഹനത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ള എൻഫോഴ്സ്മെന്റ് ആർടിഒ നമ്പറിലേക്ക് അയച്ചു നൽകണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]