ആലപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് നടത്തിയ മുന്നേറ്റത്തിനിടയിലും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാനായതിന്റെ ആശ്വാസത്തിൽ എൽഡിഎഫ്. ജില്ലയിലെ 72 പഞ്ചായത്തുകളിൽ 36 ഇടത്ത് എൽഡിഎഫാണ് മുന്നിൽ.
23 പഞ്ചായത്തുകളിലാണു യുഡിഎഫ് ഭൂരിപക്ഷം നേടിയത്. സമനിലയിലുള്ള 9 പഞ്ചായത്തുകളിൽ ചിലതിൽ സ്വതന്ത്രരുടെ സഹായത്തോടെ ഭരണമുറപ്പിക്കാമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു.
12 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ 6 സിറ്റിങ് സീറ്റുകൾ നഷ്ടമായെങ്കിലും ഭരണം നിലനിർത്താനായി.
അതേസമയം, 6 നഗരസഭകളിൽ അഞ്ചിലും യുഡിഎഫ് മുന്നിലെത്തിയതു കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 54 പഞ്ചായത്തുകളിലായിരുന്നു എൽഡിഎഫ് ഭരണം.
ഇത് 36ലേക്ക് കൂപ്പുകുത്തിയെങ്കിലും പഞ്ചായത്തുകളിലെ വോട്ടുവിഹിതത്തിൽ കാര്യമായ കുറവുണ്ടായില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണമുണ്ടായിരുന്ന എൽഡിഎഫ്, യുഡിഎഫ് ഭരിച്ച ചമ്പക്കുളം ബ്ലോക്കിൽ കക്ഷിനിലയിൽ ഒപ്പത്തിനൊപ്പമായിരുന്നു. നറുക്കെടുപ്പിലൂടെയാണു യുഡിഎഫ് അധികാരത്തിലെത്തിയത്.
എന്നാൽ ഇത്തവണ 4 ബ്ലോക്ക് പഞ്ചാത്തുകളിൽ യുഡിഎഫ് ഭൂരിപക്ഷം നേടി. വെളിയനാട് ബ്ലോക്കിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.
വോട്ട് വിഹിതത്തിൽ മുന്നിൽ; നിയമസഭാ മണ്ഡലങ്ങളിലും
ജില്ലാ പഞ്ചായത്തിലെയും നഗരസഭകളിലെയും വോട്ടുകൾ കൂട്ടുമ്പോൾ എൽഡിഎഫിനു ജില്ലയിൽ നേരിയ മുൻതൂക്കമുണ്ട്.
എൽഡിഎഫ് 5.39 ലക്ഷം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് 5.08 ലക്ഷം വോട്ടുകളും എൻഡിഎ 2.72 ലക്ഷം വോട്ടുകളും നേടി. 30,951 വോട്ടിന്റെ മുൻതൂക്കം എൽഡിഎഫിനുണ്ട്.
എന്നാൽ ഇടതുശക്തികേന്ദ്രമായ ജില്ലയിൽ വോട്ടെണ്ണത്തിൽ എൽഡിഎഫിന്റെ തൊട്ടടുത്ത് എത്താനായെന്ന് യുഡിഎഫിനും അഭിമാനിക്കാം.
ജില്ലയിലെ പഞ്ചായത്ത്, നഗരസഭാ വാർഡുകളിലെ വോട്ടുകൾ കൂട്ടുമ്പോൾ 7 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫാണ് മുന്നിൽ. രണ്ടിടത്തു യുഡിഎഫും.
എന്നാൽ 9 മണ്ഡലങ്ങളിലും വലിയ വോട്ടുവ്യത്യാസത്തിൽ മുന്നിലെത്തിയ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പലയിടത്തും ഭീമമായ വോട്ടുചോർച്ചയുണ്ടായി. രണ്ടിടത്തു യുഡിഎഫ് മുന്നിലെത്തുകയും ചെയ്തു.
അന്ന് 7 മണ്ഡലങ്ങളിൽ എൽഡിഎഫിനു പതിനായിരത്തിലേറെ വോട്ടിന്റെ മുൻതൂക്കം ലഭിച്ചപ്പോൾ ഇത്തവണ ലീഡ് പതിനായിരം കടന്നതു രണ്ടു മണ്ഡലങ്ങളിൽ മാത്രം– ചേർത്തലയിലും മാവേലിക്കരയിലും. രണ്ടു മണ്ഡലങ്ങളിൽ രണ്ടായിരത്തിൽ താഴെയാണ് ലീഡ്.
അടിത്തറ ഭദ്രമെന്ന് സിപിഎം
സംസ്ഥാനത്തെ യുഡിഎഫ് അനുകൂല തരംഗം ആലപ്പുഴയിൽ ഏശിയില്ലെന്നും എൽഡിഎഫ് അടിത്തറ ആലപ്പുഴയിൽ ഭദ്രമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
ജില്ല, ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണി മുന്നിലാണ്. നഗരസഭകളിൽ മാത്രമാണു തിരിച്ചടി ഉണ്ടായത്. സ്വതന്ത്രന്മാരുടെ പിന്തുണ ഉണ്ടെങ്കിൽ ഭരണം പിടിക്കാനാകുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്.
അവിടെ പിന്തുണ തരാൻ തയാറുള്ളവരുണ്ടെങ്കിൽ പിന്തുണ വാങ്ങും. എന്നാൽ വർഗീയ പ്രസ്ഥാനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്നും നാസർ പറഞ്ഞു.
ജില്ലയിൽ മുന്നണികൾക്കു ലഭിച്ച വോട്ട്
(ജില്ലാ പഞ്ചായത്തിലും നഗരസഭാ വാർഡുകളിലും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയത്)
എൽഡിഎഫ്: 539220
യുഡിഎഫ്: 508269
എൻഡിഎ: 272541
മറ്റുള്ളവർ: 7076
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

