നെടുമുടി ∙ കൈനകരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കരമാർഗം ഗതാഗതമെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. തേവർക്കാട്–വെള്ളാമത്ര റോഡ് നിർമാണത്തിനു പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചതായി തോമസ് കെ.തോമസ് എംഎൽഎ അറിയിച്ചു.
നവകേരള സദസ്സ് പദ്ധതി പ്രകാരം ലഭ്യമായ 5.50 കോടി രൂപ വിനിയോഗിച്ച് 2.330 കിലോമീറ്റർ റോഡ് നിർമാണത്തിനാണു ടെൻഡർ ക്ഷണിച്ചത്.
റോഡ് നിർമാണത്തിന് 2017ൽ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും നെൽവയൽ നീർത്തട സംരക്ഷണ നിയമ കുരുക്കിൽപെട്ടു പ്രവൃത്തി തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായി.
മുഖ്യമന്ത്രിക്ക് അടക്കം കത്തുകൾ നൽകിയും സർക്കാരിൽ സമ്മർദം ചെലുത്തിയും മന്ത്രിസഭയുടെ തന്നെ പ്രത്യേക അനുമതിയോടെ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഇളവു നേടിയാണു നിർമാണത്തിന് അനുമതി തിരികെ നേടിയെടുത്തത്.
കാലത്താമസത്തെ തുടർന്നു നിർമാണത്തിനായി കൂടുതൽ തുക ആവശ്യമായി വന്ന സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പ് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി നൽകി ഭരണാനുമതി നേടിയെടുത്തു ടെൻഡർ ചെയ്തെങ്കിലും മണ്ണിന്റെ വിലക്കുറവു കാരണം കരാർ ഏറ്റെടുക്കാൻ ആരും തയാറായില്ല.
തുടർന്നാണു പൊതുമരാമത്ത് വകുപ്പിനു റോഡ് കൈമാറിയത്.
തെക്കേ വാവക്കാട്, പുല്ലാട്, കൂലിപ്പുരയ്ക്കൽ എന്നീ പാടശേഖരങ്ങളിൽ കൂടി കടന്നു പോകുന്ന റോഡ് കൈനകരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുള്ള 6 മുതൽ 8 വരെയുള്ള വാർഡുകളിൽ കര മാർഗമുള്ള ഗതാഗതത്തിനു വഴിയൊരുക്കും. മൂന്നാറ്റിൻമുഖം–ചാവറ റോഡ്, ബേക്കറി പാലം–ആയിരവേലി റോഡ് തുടങ്ങി ഒട്ടനവധി റോഡുകളെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡായി തേവർകാട് -വെള്ളാമത്ര റോഡ് മാറുന്നതോടെ കാർഷിക രംഗത്തു മാത്രമല്ല പ്രാദേശിക വികസനത്തിനാകെ വിപ്ലവകരമായ കുതിച്ചുചാട്ടം ഉണ്ടാവുമെന്ന് എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]