നീലംപേരൂർ ∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കും. ഒരുമാസം മുൻപു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത കെട്ടിടം ശുദ്ധജല പ്രശ്നത്തെ തുടർന്നാണു പ്രവർത്തനം ആരംഭിക്കാൻ കഴിയാതിരുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ നാരകത്തറയിൽ പൂർത്തിയാക്കിയ കെട്ടിടം തുറന്നു കൊടുക്കാത്തതിൽ ജനങ്ങളുടെ ഭാഗത്തു നിന്നു പ്രതിഷേധം ശക്തമായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനു ദിവസം 2000 ലീറ്റർ ശുദ്ധജലമാണ് ആവശ്യം.
നിലവിൽ സ്ഥാപിച്ച ആർഒ പ്ലാന്റ് ഉപയോഗിച്ച് ആരോഗ്യകേന്ദ്രത്തിന്റെ തന്നെ കിണറിലെ ജലം ശേഖരിക്കും. കൂടുതൽ ജലം ആവശ്യമെങ്കിൽ വിലയ്ക്കു വാങ്ങാനും പദ്ധതിയുണ്ട്.
കിണറിൽ നിന്നു കൂടുതൽ ശുദ്ധജലത്തിനായി ഫിൽട്ടർ പ്ലാന്റ് സ്ഥാപിക്കാൻ പഞ്ചായത്ത് പ്രോജക്ട് വച്ചിട്ടുണ്ട്.
നീലംപേരൂരിലുള്ള സ്റ്റേറ്റ് ബാങ്കിനു സമീപത്തെ സബ് സെന്ററിലാണു കുടുംബാരോഗ്യ കേന്ദ്രം താൽക്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത്. രാവിലെ 9 മുതൽ 2 വരെയാണ് ഒപി പ്രവർത്തനം.
നിലവിൽ 2 ഡോക്ടർമാരുടെ സേവനമുണ്ടാകും.ഒപി മുറികൾ, നഴ്സസ് റൂം, പബ്ലിക് ഹെൽത്ത് റൂം, ലാബ്, ഫാർമസി, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം, മൈനർ ഒടി, ഡോക്ടർമാരുടെ മുറി, കുട്ടികളെ മൂലയൂട്ടുന്നതിനുള്ള മുറി, ആരോഗ്യ കേന്ദ്രം ഓഫിസ്, ഡ്രസിങ് റൂം, ശുചിമുറികൾ അടക്കമുള്ള സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ 13 വാർഡിലെയും ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്നതാണു പഞ്ചായത്തിന്റെ ലക്ഷ്യം. വാട്ടർ കണക്ഷനും ത്രീഫേസ് ലൈനിനുമുണ്ടായിരുന്ന തടസ്സങ്ങൾ പഞ്ചായത്തിലെ സന്നദ്ധ സേനാംഗങ്ങൾ ഏറ്റെടുത്തു പൂർത്തിയാക്കുകയായിരുന്നു.
ടി.കെ.തങ്കച്ചൻ (നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ്)
ഒരു ഡോക്ടറെ കൂടി നിയമിച്ച് ഒപി 5 വരെയാക്കണം. ആശുപത്രിയുടെ കീഴിലുള്ള 2 സബ് സെന്ററുകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും എൻസിഡി ക്ലിനിക്കിനുള്ള സൗകര്യം ഒരുക്കണം.
ആർ.വിനയചന്ദ്രൻ.
(നീലംപേരൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]