എടത്വ∙ മയിൽപ്പീലി ചൂടിയ ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയും നൃത്തച്ചുവടുകൾ നിറഞ്ഞ ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ കൊണ്ട് ശ്രീകൃഷ്ണ ജയന്തി ആഘോഷം വർണാഭമായി. ആയിരക്കണക്കിനു ഭക്തജനങ്ങളാണു ഘോഷയാത്രയിൽ പങ്കെടുത്തത്. കാളിയമർദനം, ആലിലക്കണ്ണൻ, കൂർമാവതാരം, മത്സ്യാവതാരം എന്നിങ്ങനെ ഒട്ടുമിക്ക അവതാരങ്ങളും, ഫ്ലോട്ടുകളും, തെയ്യം, കറക്കു കാവടി, മയിലാട്ടം കരകം തുടങ്ങിയവ വിവിധ സ്ഥലങ്ങളിൽ നടന്ന ഘോഷയാത്രയിൽ അകമ്പടിയായി. വിവിധ സ്ഥലങ്ങളിൽ ഉറിയടി, കോലടി എന്നിവയും നടന്നു.തലവടിയിൽ മാണത്താറ, ആനപ്രമ്പാൽ, ആറാട്ടുചിറ, കളങ്ങര, ഗണപതി ക്ഷേത്രം, കോടമ്പനാടി, വട്ടടി തുടങ്ങി 13 കേന്ദ്രങ്ങളിൽ നിന്നു 4 മണി മുതൽ ചെറുശോഭായാത്രയായി വന്ന് പനയന്നൂർക്കാവ് ദേവീക്ഷേത്രത്തിൽ എത്തിയ ശേഷം മഹാശോഭായാത്രയായി ചക്കുളത്തുകാവിൽ സമാപിക്കുകയായിരുന്നു.
ആനപ്രമ്പാൽ ജംക്ഷൻ, വെള്ളക്കിണർ, പനയന്നൂർക്കാവ്, തലവടി പഞ്ചായത്ത് ജംക്ഷൻ, ചക്കുളത്തുകാവ് എന്നിവിടങ്ങളിൽ ഉറിയടി, ഗോപിക നൃത്തം എന്നിവ നടന്നു.
പനയന്നൂർക്കാവ് ക്ഷേത്രത്തിൽ മഹാശോഭായാത്ര വിശ്വനാഥൻ നായർ വേലിക്കകത്ത് പതാക കൈമാറി, പനയന്നൂർക്കാവ് മുഖ്യകാര്യദർശി ആനന്ദൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്ന സമാപന യോഗത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ പ്രഭാഷണം നടത്തി.
ബാലഗോകുലം താലൂക്ക് കാര്യവാഹക് അർജുൻ, ജില്ലാ കാര്യവാഹക് ശരത് പുന്നാമ്പിൽ, ആഘോഷ പ്രമുഖ് രാഹുൽ രാജ്, മണ്ഡൽ കാര്യ വാഹക് മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
എടത്വയിൽ പച്ച കോട്ടയിൽ ക്ഷേത്രം, മങ്കോട്ടച്ചിറ, ചെറുവള്ളിക്കാവ്, കറുകയിൽ എന്നിവിടങ്ങളിൽ നിന്നു ചെറുശോഭായാത്രകൾ എടത്വ ടൗണിൽ എത്തിയ ശേഷം മഹാശോഭായാത്രയായി പാണ്ടങ്കരി കൊച്ചു ശാസ്ത ക്ഷേത്രത്തിൽ സമാപിച്ചു. 5 കേന്ദ്രങ്ങളിൽ ഉറിയടി, ഗോപിക നൃത്തം എന്നിവ നടന്നു.
ആഘോഷ പ്രമുഖ കെ.എസ്.സനോബിൻ, സഹ ആഘോഷ പ്രമുഖ് സനൽകുമാർ എന്നിവർ നേതൃത്വം നൽകി. മുട്ടാറിൽ പാറയിൽ പഞ്ചഭൂതേശ്വരി ക്ഷേത്രത്തിൽ നിന്നു ശോഭായാത്ര ആരംഭിച്ച് ശ്രീമഹാദേവ ദേവീക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂർ കാവ് ക്ഷേത്രം വഴി കൂട്ടുമ്മേൽ ഗണപതി ക്ഷേത്രത്തിൽ സമാപിച്ചു.
അമ്പാടി ബാല ഗോകുലത്തിന്റെ നേതൃത്വത്തിലാണു ശോഭായാത്ര നടത്തിയത്.
തകഴിയിൽ ഒട്ടേറെ ചെറുശോഭായാത്രകൾ സംഗമിച്ച് തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി തലവടിയിൽ 30 കേന്ദ്രങ്ങളിലും, എടത്വ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 25 കേന്ദ്രങ്ങളിലും പതാക ഉയർത്തിയിരുന്നു.
വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈ നടീലും നടത്തുകയുണ്ടായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]