
ആലപ്പുഴ ∙ എഴുത്തും കലയും കണ്ടെടുത്ത മണ്ണിന്റെ ഓർമകളിലൂടെ അവർ വീണ്ടും ഇറങ്ങി നടന്നു. ഓർമകളിൽനിന്ന് ആത്മകഥകൾ ഉണ്ടായി വന്നു.
വള്ളംകളിയും കുട്ടനാടും കടലും നാടിന്റെ മാറ്റവുമെല്ലാം ചേർന്ന് അവരുടെ ആലപ്പുഴക്കാലം പുതിയ ഓളങ്ങൾ തീർത്തു. ചാത്തനാടിനെപ്പറ്റി സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ, ആലപ്പുഴയിലെ വർഷങ്ങളെപ്പറ്റി തിരക്കഥാകൃത്ത് എം.സിന്ധുരാജ്, സ്വന്തം മണമുള്ള വെളിയനാടിനെപ്പറ്റി നടൻ പ്രമോദ് വെളിയനാട്.
മലയാള മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിനും നെഹ്റു ട്രോഫി വള്ളംകളിക്കും ആമുഖമായി റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റുമായി ചേർന്നു നടത്തിയ ‘എഴുത്തോളം’ പരിപാടിയിൽ അവർ സംവദിച്ചു.
മലയാള മനോരമ ചീഫ് റിപ്പോർട്ടർ ജിതിൻ ജോസ് മോഡറേറ്ററായി. നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലാണു മലയാള മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവം.
ആലപ്പുഴയുടെ സ്വാധീനം
ഫ്രാൻസിസ് നൊറോണ: എഴുത്ത് എങ്ങനെയോ നമ്മളിലേക്ക് എത്തുന്നതിൽ നാട് പ്രധാനമാണ്.
വയറു നിറച്ചു ആരോ വാക്കുകൾ തരുന്നു. നടന്നാൽ കാൽ കുഴഞ്ഞുപോകുന്ന ചാത്തനാട്ടെ പഞ്ചാരമണലുള്ള നടവഴികൾ എന്റെ എഴുത്തിനെ രൂപപ്പെടുത്തി.
സ്കൂളിലെ പ്രാർഥനാഗാനത്തിലെ ധർമം സംബന്ധിച്ച വാചകം കോംപസ് കൊണ്ടു വരഞ്ഞപോലെയാണ്; മായില്ല.
എം.സിന്ധുരാജ്: നടന്നുപോയ വഴികളിൽ, കണ്ടുമുട്ടിയ മനുഷ്യരിൽ ഒക്കെ കഥകളുണ്ടെന്നു തോന്നിയപ്പോഴാകാം എന്നിലെ എഴുത്തുകാരൻ ജനിച്ചത്. എസ്ഡി കോളജ് കാലത്തെ എഴുത്തുസഞ്ചാരം മുഴുവൻ കളർകോട്ടായിരുന്നു.
അവിടുത്തെ എന്റെ മുറിയിലെ സംഭാഷണങ്ങളും പൊട്ടിച്ചിരികളുമൊക്കെ എഴുത്തിനു പ്രേരണയായിട്ടുണ്ട്.
പ്രമോദ് വെളിയനാട്: ഭജനകളിൽ അലുമിനിയം പാത്രത്തിൽ കൊട്ടിപ്പാടി എന്നിൽ താളമുണ്ടായി. നാടകങ്ങൾ കാണാൻ പോയാൽ നാടകവണ്ടിക്കു നാലു വലത്തുവച്ചേ ഞാൻ മടങ്ങിയിരുന്നുള്ളൂ.
സ്റ്റേജിന്റെ ഓലപ്പഴുതിലൂടെ നോക്കിയതിന് നടന്മാർ ഓടിച്ചുവിട്ടിട്ടുണ്ട്. നടനാകണമെന്നു പണ്ടേ ആഗ്രഹിച്ചു.
അഭയൻ കലവൂരാണ് ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത്.
ഉള്ളിലെ വള്ളംകളി
നൊറോണ: ബാഹ്യഭംഗിയും ത്രസിപ്പിക്കലുമൊക്കെയുള്ള വള്ളംകളിയുടെ ആന്തരികതയെപ്പറ്റിയാണു ഞാൻ ചിന്തിച്ചത്. അതൊരു ടീം വർക്കാണ്.
ഒരാളുടെ താളം തെറ്റിയാൽ എല്ലാം തെറ്റും. നമ്മുടെ ജീവിതവും അങ്ങനെയല്ലേ, ഒരാളുടെ താളം തെറ്റിയാൽ…
കടലിനെപ്പറ്റിയാണു കൂടുതൽ എഴുതിയതെങ്കിലും മനസ്സ് കായലിലാണ്.
ഒരു വർഷം നെടുമുടി പഞ്ചായത്തിൽ പ്യൂണായിരുന്നു. ജോലിക്കു ചേരാൻ പോകുമ്പോഴാണ് ആദ്യമായി വള്ളത്തിൽ കയറിയത്.
കാൽതെന്നി വെള്ളത്തിൽ വീണു നനഞ്ഞു. ഞാൻ പഠിച്ച പാരലൽ കോളജിൽ കുട്ടനാട്ടിലെ പെൺകുട്ടികളുണ്ടായിരുന്നു.
അതിലൊരാളെ കാണാൻ നെഹ്റുട്രോഫി ഫിനിഷിങ് പോയിന്റിൽ കാത്തുനിന്നിരുന്ന ഒരു കാലം.
സിന്ധുരാജ്: മലയാള മനോരമയുടെ ഒന്നാം പേജിൽ വന്ന ചിത്രത്തിൽനിന്നാണു ജലോത്സവം എന്ന സിനിമയെപ്പറ്റി ചിന്തിച്ചത്. കായലിൽ വാഴപ്പിണ്ടികൾ അടുക്കിക്കെട്ടി ചിതയൊരുക്കിയതിന്റെ ചിത്രം.
അതിൽ കുട്ടനാടിന്റെ ജീവിതമുണ്ട്. വള്ളംകളിയിൽ ജയിക്കുന്നതു സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരുപാടുപേരുടെ പ്രതിനിധിയാണു ‘ജലോത്സവ’ത്തിലെ നെടുമുടി വേണുവിന്റെ കഥാപാത്രം.
പള്ളാത്തുരുത്തിയിലെ ഒരു വീട്ടിൽ ഷൂട്ട് നടക്കുമ്പോൾ അവിടുത്തെ സ്ത്രീയുടെ കരച്ചിൽ കണ്ടു. വള്ളംകളി സദ്യ നടത്തി ക്ഷയിച്ച തറവാടായിരുന്നു അത്.
പ്രമോദ്: വള്ളംകളി കാണാൻ തുടങ്ങിയിട്ടു കുറച്ചേ ആയുള്ളൂ. അതുവരെ തുഴച്ചിലായിരുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി തുഴഞ്ഞത്. ഇത്രയും സംഗീതമുള്ള കളി വേറെയില്ല.
എനിക്കു മൂന്നു ഭാര്യമാരാണ് – വള്ളംകളി, അഭിനയം, എന്റെ ഭാര്യ. ഇപ്പോൾ വള്ളംകളിയുള്ള സിനിമ എഴുതുകയാണ്.
നെഹ്റു ട്രോഫിയും അതിലൂടെ ലോകത്തെ കാണിക്കും. തീരം എന്റെ ദേശം
നൊറോണ: തീരദേശത്തിന്റെ കഥ പറയുന്ന നോവൽ ‘അശരണരുടെ സുവിശേഷം’ എഴുതാൻ അഞ്ചര വർഷം ഞാൻ തീരത്തെ പഠിച്ചു.
1910 മുതൽ 2016 വരെയുള്ള കാലവും പുറക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള തീരവുമാണ് അതിന്റെ ഭൂമിക. കടലിൽനിന്നു കര കാണുന്ന അനുഭവമൊക്കെ പുതിയതായിരുന്നു.
കടലിൽ പോയി വരുന്നവർ കിട്ടുന്നതിലൊരു വിഹിതം രോഗബാധിതരെ സഹായിക്കാൻ ദീനക്കാരൻ പങ്കായി നീക്കിവയ്ക്കുന്നു. എത്ര മഹത്തായ ജീവിതം.
ഒരു നോവലും കുറച്ചു കഥകളും മാത്രമേ ഞാൻ അവരെപ്പറ്റി എഴുതിയിട്ടുള്ളൂ. എന്നിട്ടും തീരത്തിന്റെ എഴുത്തുകാരനെന്ന പേരു കിട്ടി.
മറ്റു രചനകൾ തരാത്ത നവീകരണം അവ എനിക്കു തന്നു.
മാറുന്ന കുട്ടനാട്
സിന്ധുരാജ്: ജലോത്സവം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ സിനിമകൾ കണ്ടാൽ കുട്ടനാടിന്റെ മാറ്റമറിയാം. 2003ൽ ജലോത്സവം ഇറങ്ങിയ കാലത്തു കുട്ടനാട്ടിലെ ചെറുപ്പക്കാരുടെ ഒരു പ്രധാന ജോലി മെഡിക്കൽ റെപ്രസന്റേറ്റീവ് എന്നതായിരുന്നു.
അതിനൊപ്പം പ്രാദേശിക ചാനലിലെ വാർത്താ വായനക്കാരനുമായി.
10 വർഷം കഴിഞ്ഞാണു പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. അപ്പോൾ നായകൻ ടൂറിസ്റ്റ് ഗൈഡായി.
അപ്പോഴേക്കും കായലിൽ ഹൗസ്ബോട്ടുകൾ നിറഞ്ഞിരുന്നു. ജലോത്സവത്തിലെ ദുബായ് ജോസ് പറയുന്ന ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് 20 വർഷത്തിനു ശേഷം ഇപ്പോൾ ആ സിനിമയെ വീണ്ടും ചർച്ചയിലെത്തിച്ചതും സന്തോഷം.
ഇനിയും കുട്ടനാടിന്റെ ഭൂമികയിൽ നിന്ന് ഏറെ എഴുതാനുണ്ട്.
പാട്ടിന്റെ കുട്ടനാട്
പ്രമോദ്: അമ്മയും അമ്മയുടെ അച്ഛനുമൊക്കെ പാടുമായിരുന്നു. പക്ഷേ, അവയുടെ പ്രാധാന്യം എനിക്കറിയില്ലായിരുന്നു.
പഴയ പാട്ടുകൾ കേട്ട് അമ്മയുടെ കണ്ണുകൾ നിറയുന്നതു കണ്ടിട്ടുണ്ട്. പാട്ടിനപ്പുറം ആ തലമുറയ്ക്കു കഷ്ടപ്പാടുണ്ടായിരുന്നു.
ഉപ്പൂറ്റികൊണ്ടു പാടത്തുണ്ടാക്കുന്ന കാൽക്കുഴിയിൽ ഊറുന്ന തെളിവെള്ളം കുടിച്ചാണ് അവർ പണിയെടുത്തിരുന്നത്. ഇന്ന് ആ തെളിവെള്ളമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]