
ആലപ്പുഴ∙ ഗുരുപൂർണിമ ദിനത്തിൽ വിദ്യാർഥികളെക്കൊണ്ടു കാൽ കഴിക്കുകയും പാദപൂജ നടത്തുകയും ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പൊലീസിന്റെയും റിപ്പോർട്ട് തേടും. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫിസർക്കു നിർദേശം നൽകിയിരുന്നു.
പല ജില്ലകളിൽ സമാന സംഭവങ്ങളിൽ പരാതി ലഭിക്കുകയും കേസെടുക്കുകയും ചെയ്തതിനാൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ ഒന്നിച്ചാകും നടത്തുകയെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം ജലജ ചന്ദ്രൻ പറഞ്ഞു.
ജില്ലയിൽ ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം, മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂൾ എന്നിവിടങ്ങളിലാണു പാദപൂജ നടന്നത്. വിവേകാനന്ദ വിദ്യാപീഠത്തിൽ അധ്യാപകരുടെ ഒപ്പം ബിജെപി ജില്ലാ സെക്രട്ടറി കെ.കെ.അനൂപിന്റെയും കാലുകൾ വിദ്യാർഥികളെക്കൊണ്ടു കഴുകിച്ച് പാദപൂജ നടത്തിയെന്നാണ് ആക്ഷേപം.
പാദപൂജയിൽ പ്രതിഷേധിച്ച് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിലേക്കു ഡിവൈഎഫ്ഐയും എസ്എഫ്ഐയും മാർച്ച് നടത്തി.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂളിലേക്ക് ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും എഐഎസ്എഫ്, എഐവൈഎഫ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും മാർച്ച് നടത്തി.
പതിറ്റാണ്ടുകളായി സ്കൂളിൽ ഗുരുപൂജയും മാതൃപൂജയും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികളോ രക്ഷിതാക്കളോ ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂൾ ക്ഷേമസമിതി, മാതൃസമിതി ഭാരവാഹികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]