
വെളിയനാട് ∙ ഹിമാലയൻ മലനിരകളിൽ നിന്നു കുട്ടനാട്ടിൽ എത്തി സിക്കിം പഠനസംഘം. കുടുംബശ്രീ മിഷൻ കുട്ടനാട്ടിൽ നടപ്പിലാക്കുന്ന കമ്യുണിറ്റി ടൂറിസം കണ്ടു പഠിക്കാനാണു സിക്കിം സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷൻ ടീം എത്തിയത്.
കുടുംബശ്രീ മിഷന്റെ ആലപ്പി റൂട്സ് കമ്യൂണിറ്റി ടൂറിസം ടീം ആതിഥേയത്വമേകി.
19 അംഗ സംഘത്തെ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.രഞ്ജിത്ത്, കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷന്റെ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ സി.എം.അഷിത, കേരള പ്രോഗ്രാം പ്രൊജക്ട് മെന്റർ ഷെൽബി പി.സ്ലീബാ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.സിക്കിമിലെ പരഘ ബ്ലോക്ക് പ്രോജക്ട് മാനേജർ ഷെറിങ് ചോടാ ലെപ്ച്ചയാണു സംഘത്തെ നയിച്ചത്. സ്റ്റാർട്ട് അപ് വില്ലേജ് ഒൻട്രപ്രനർഷിപ് പ്രോഗ്രാമിന്റെ ബ്ലോക്ക് എന്റർപ്രൈസ് പ്രമോഷൻ കമ്മിറ്റി അംഗങ്ങളും കമ്യൂണിറ്റി റിസോഴ്സ് പഴ്സൻമാരുമാണു സിക്കിം ടീമിൽ ഉള്ളത്.
കമ്യൂണിറ്റി ടൂറിസം ആദ്യഘട്ടം നടപ്പിലാക്കുന്ന കൈനകരി, കാവാലം, നീലംപേരൂർ, ചമ്പക്കുളം പഞ്ചായത്തുകൾ സന്ദർശിച്ചു.
കുടുംബശ്രീ കമ്യൂണിറ്റി ടൂറിസത്തിന്റെ ഹോം സ്റ്റേകളിൽ താമസിച്ചും വിവിധ സംരംഭങ്ങൾ സന്ദർശിച്ചും ടീം പഠനം നടത്തി. കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളിൽ സംഘം യാത്ര ചെയ്തു.
കുട്ടനാടൻ സദ്യ കഴിച്ചു.
തഴപ്പായ നെയ്തും പട്ടം പറത്തിയും വല വീശി മീൻ പിടിക്കുന്നതു കണ്ടും സംഘം കുട്ടനാടിനെ നെഞ്ചിലേറ്റി. നാടൻ കലകളും കളരിയും സംഘം ആസ്വദിച്ചു.
കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ കരട് ആക്ഷൻ പ്ലാൻ തയാറാക്കിയാണു സിക്കിം ടീം തിരികെ യാത്ര തിരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]