
2 മാസമായപ്പോഴേ ചൈനീസ് ടിക്കറ്റ് യന്ത്രങ്ങൾ തകരാറിൽ; കെഎസ്ആർടിസി വാടകയ്ക്കെടുത്തത് കോടികൾ കൊടുത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ കെഎസ്ആർടിസി കോടികൾ കൊടുത്തു വാടകയ്ക്കെടുത്ത ചൈനീസ് ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ പരീക്ഷണഘട്ടത്തിൽ തന്നെ തകരാറിൽ. യുപിഐ പേയ്മെന്റ് ഉൾപ്പെടെ നടത്താൻ സൗകര്യമുള്ള യന്ത്രങ്ങൾ പല ഡിപ്പോകളിലും ഉപയോഗിച്ചു തുടങ്ങി രണ്ടുമാസത്തിനകം തകരാർ കാണിച്ചു തുടങ്ങിയെന്നു ജീവനക്കാർ പറയുന്നു. സർവീസിനിടയിൽ സെർവറുമായുള്ള ബന്ധം നഷ്ടമാകുന്നതും സർവീസിന്റെ വിവരങ്ങൾ യന്ത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതുമാണു പ്രധാനപ്രശ്നം. രണ്ടു മാസം മാത്രം പഴക്കമുള്ള യന്ത്രത്തിലെ ബാറ്ററിയിൽ ചാർജ് നിൽക്കാത്ത പ്രശ്നവുമുണ്ട്. പ്രശ്നങ്ങൾ കാരണം യുപിഐ പേയ്മെന്റിനെ കണ്ടക്ടർമാർ പ്രോത്സാഹിപ്പിക്കുന്നില്ല.
ബസിന്റെ സ്ഥാനവും വിറ്റ ടിക്കറ്റുകളുടെ വിവരവും കൺട്രോൾ റൂമിലും മൊബൈൽ ആപ്പിലും അറിയാൻ സാധിക്കുന്ന യന്ത്രം ‘ചലോ’ എന്ന കമ്പനിയിൽ നിന്നാണു കെഎസ്ആർടിസി വാടകയ്ക്ക് എടുത്തത്. 5 വർഷത്തേക്ക് 74 കോടിയോളം രൂപ കമ്പനിക്കു കെഎസ്ആർടിസി കൊടുക്കണം. സമാന യന്ത്രം കുറഞ്ഞ നിരക്കിൽ ചില സ്വകാര്യ ബസുകളിൽ ഉപയോഗിക്കുന്നുണ്ട്. അവയ്ക്ക് ഇത്രയും തകരാറുകളില്ലെന്നാണു വിവരം.യന്ത്രം തകരാറിലാകുന്നതോടെ കണ്ടക്ടർമാർ പഴയ റാക്ക് തന്നെ ഉപയോഗിച്ചു ടിക്കറ്റ് നൽകുകയാണ്. അതേസമയം റിസർവേഷൻ ഉള്ള ദീർഘദൂര ബസുകളിൽ നൂറിൽ താഴെ മാത്രം ടിക്കറ്റുകൾ നൽകിയാൽ മതിയെന്നിരിക്കെ സ്വിഫ്റ്റ് ബസുകളിൽ രണ്ടു യന്ത്രങ്ങൾ നൽകുന്നുണ്ട്.
കെഎസ്ആർടിസി ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ടിക്കറ്റിങ് യന്ത്രം സർവീസ് ചെയ്യാൻ ജില്ലകൾ തോറും ആളുണ്ടായിരുന്നു. എന്നാൽ പിന്നീടു വാങ്ങിയ യന്ത്രങ്ങൾ സർവീസിനായി തിരുവനന്തപുരത്തേക്ക് അയച്ചു കാത്തിരിക്കേണ്ടി വരുന്നു. കാലതാമസം ഒഴിവാക്കാൻ സ്വന്തം ചെലവിൽ ബാറ്ററി വാങ്ങിയും അറ്റകുറ്റപ്പണി നടത്തിയുമാണു പലരും സർവീസ് നടത്തുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മാറിമാറി വരുമ്പോൾ ടിക്കറ്റിങ് യന്ത്രങ്ങളുടെ വാങ്ങലും മാറുന്നു. നിലവാരം കുറഞ്ഞവ വാങ്ങുന്നതിനു പിന്നിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കണമെന്നു ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.