
റെയിൽവേ വികസനം: യാത്രക്കാർ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ ഇവയൊക്കെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ട്രെയിനുകളിലെ തിങ്ങിഞെരുങ്ങിയുള്ള യാത്രയും മണിക്കൂറുകൾ നീളുന്ന വൈകിയോട്ടവും കാരണം ബുദ്ധിമുട്ടുകയാണു ജനങ്ങൾ. യാത്രികരുടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള റെയിൽവേയുടെ യോഗം നടക്കുമ്പോൾ ജനകീയ പ്രശ്നങ്ങൾ എംപിമാർ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കു മുന്നിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ജനം. സംസ്ഥാനത്തെ രണ്ടു ഡിവിഷനുകളിലെയും എംപിമാരെ പങ്കെടുപ്പിച്ചു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങാണ് ഇന്നും (15) നാളെയും (16) യോഗം വിളിച്ചത്. യോഗത്തിൽ എംപിമാർക്ക് ഉന്നയിക്കാൻ, പ്രധാന ആവശ്യങ്ങൾ നിർദേശിക്കുകയാണ് യാത്രക്കാർ.
ജില്ലയുടെ പ്രധാന ആവശ്യങ്ങൾ:
∙ എറണാകുളം– ആലപ്പുഴ മെമു (66313), ആലപ്പുഴ– കൊല്ലം മെമു (66311) എന്നിവ ഒറ്റ ട്രെയിനായി ഓടിക്കണം. നേരത്തെ എറണാകുളം– കൊല്ലം മെമുവായി ഓടിയിരുന്ന ട്രെയിനാണു രണ്ടാക്കിയത്. ഇതുകാരണം കൊല്ലത്തേക്കുള്ള യാത്രക്കാർ ആലപ്പുഴ സ്റ്റേഷനിൽ ഇറങ്ങി അടുത്ത ട്രെയിനിൽ കയറണം. എറണാകുളം– ആലപ്പുഴ മെമു വൈകിയാൽ കൊല്ലം മെമുവും വൈകും. ഇതേ സമയത്ത് എതിർദിശയിൽ വരുന്ന മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (20632) അമ്പലപ്പുഴയിൽ പിടിച്ചിടുന്നതും ഒഴിവാക്കാം.
∙ ആലപ്പുഴ– എറണാകുളം പാസഞ്ചറിൽ (66314) കൂടുതൽ കോച്ചുകൾ വേണം. ട്രെയിൻ പലതവണ പിടിച്ചിടുന്നതു കാരണം എറണാകുളത്തെത്താൻ വൈകുന്നത് ഒഴിവാക്കണം. 10ന് എറണാകുളത്ത് എത്തുംവിധം കായംകുളത്തു നിന്നു പുതിയ പാസഞ്ചർ ട്രെയിൻ അനുവദിക്കണം. വൈകിട്ട് 5.30നു ട്രെയിൻ തിരികെ പുറപ്പെടണം. നിലവിൽ 6.25നു പുറപ്പെടുന്ന എറണാകുളം– കായംകുളം (56319) പാസഞ്ചർ അൽപം വൈകിയാലും പ്രശ്നമില്ലെന്ന സ്ഥിതിയാകും.
∙ 11.20ന് ആലപ്പുഴയിലെത്തുന്ന കൊല്ലം– ആലപ്പുഴ പാസഞ്ചർ (56302) എറണാകുളത്തേക്കു നീട്ടണം. ഈ ട്രെയിൻ നേരത്തെ എറണാകുളം വരെ സർവീസ് നടത്തിയിരുന്നു. ആലപ്പുഴയിൽ നിന്ന് രാവിലെ 9.40നു കായംകുളം– എറണാകുളം പാസഞ്ചർ (56320) പോയിക്കഴിഞ്ഞാൽ എറണാകുളത്തേക്ക് ഏറെനേരം പാസഞ്ചർ ട്രെയിനില്ലെന്ന പ്രശ്നം പരിഹരിക്കാനാകും.
∙ തീരദേശ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കണം. അമ്പലപ്പുഴ– ആലപ്പുഴ ഭാഗത്തു പാലം പോലെയുള്ള വലിയ നിർമിതികൾ ആവശ്യമില്ലെന്നതിനാൽ വേഗത്തിൽ രണ്ടാം പാത നിർമിക്കാവുന്നതാണ്. ഇതു പൂർത്തിയായാൽ ആലപ്പുഴയിൽ നിന്നു തെക്കോട്ടു കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും. നിലവിൽ അമ്പലപ്പുഴ– തുറവൂർ ഭാഗത്തു രണ്ടാം പാതയ്ക്ക് അനുമതി ലഭിച്ചിട്ടില്ല. ഈ ഭാഗം കൂടി പൂർത്തിയാക്കിയില്ലെങ്കിൽ കായംകുളം– അമ്പലപ്പുഴ ഭാഗത്തും തുറവൂർ– എറണാകുളം ഭാഗത്തും രണ്ടാം പാത ഉണ്ടായാലും നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരമാകില്ലെന്നു റെയിൽവേ അധികൃതരെ ബോധ്യപ്പെടുത്തണം.
∙ കൂടുതൽ ട്രെയിനുകൾ വേണം– രണ്ടാം പാത വരുന്നതോടെ നിലവിൽ എറണാകുളത്തു സർവീസ് അവസാനിക്കുന്നതും എന്നാൽ അവിടെ അറ്റകുറ്റപ്പണി ചെയ്യാത്തതുമായ ഏതാനും ട്രെയിനുകൾ ആലപ്പുഴയിലേക്കു നീട്ടണം. ഇതു തീരദേശ പാതയിലെ യാത്രാദുരിതം കുറയ്ക്കും. ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര മേഖലകളിലുള്ളവർക്കും ആലപ്പുഴയിലെത്തി ട്രെയിൻ കയറാനാകും.
∙ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും വേഗത്തിൽ പൂർത്തിയാക്കണം. അമൃത് ഭാരത് പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ മഴക്കാലത്തു യാത്രികർക്കു ദുരിതമാകാതിരിക്കാൻ നടപടി സ്വീകരിക്കണം.
∙ ആലപ്പുഴ– ധൻബാദ് എക്സ്പ്രസ് (13352) കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ നീട്ടണമെന്ന ആവശ്യം ഒരു വിഭാഗം യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ട്രെയിൻ ആലപ്പുഴയിൽ തന്നെ നിലനിർത്തണമെന്നു വാദിക്കുന്നവരും ഉണ്ട്. ട്രെയിനിലെ ജനറൽ കോച്ചുകളിൽ രണ്ടെണ്ണം വീതം മുൻപിലും പിന്നിലുമായി ക്രമീകരിക്കണമെന്നും ആവശ്യമുണ്ട്. ഇവയും യോഗത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.